Thursday 3 March, 2011

ഒടുവില്‍ ഞാന്‍ വന്നൂട്ടോ..

 അങ്ങനെ ഇരുട്ടു മൂടിയ ഈ മുറിയില്‍ നിന്നും ഒടുവില്‍ പുറത്തു വരാനുള്ള സമയമായിരിക്കുന്നു, ആരൊക്കെയാണു എന്നെ കാത്തിരിക്കുന്നത്‌,,,,,,,,,,അമ്മ, അച്ഛന്‍, ഒരു കുഞ്ഞു ചേച്ചി.. പിന്നെയും പേരറിയാത്ത ആരൊക്കെയോ....

2 - 3 മണിക്കൂറുകളായി പാവം അമ്മ വേദന സഹിയ്ക്കുന്നു.ഇനിയും പുറത്തു വരാതിരിയ്ക്കാന്‍ വയ്യ. അയ്യോ ഇതെന്താ പുറത്തേയ്ക്കു വരാനുള്ള വഴി ഇപ്പൊഴും പാതിയടഞ്ഞിരിയ്ക്കുകയാണല്ലോ. തല വച്ച്‌ നന്നായൊന്നു ഇടിച്ചു നോക്കിയാലോ.. പാവം അമ്മയ്ക്കു നല്ല വേദനയുണ്ടെന്നു തോന്നുന്നു, കൃഷ്ണാ എന്നു വിളിച്ചു കൊണ്ടു നിശബ്ദം കരയുകയാണു,

അല്ല ഇതെന്താ ഡോക്ടര്‍ ആണ്റ്റി അമ്മയുടെ വയറിന്‍മേല്‍ എന്തൊക്കെയോ ചുറ്റിയിരിക്കുന്നത്‌..ഒാ എണ്റ്റെ ഹൃദയമിടിപ്പു അറിയാന്‍ വേണ്ടിയാണല്ലേ.. 

 ടപ്പ്‌..ടപ്പ്‌..ടപ്പ്‌.. 

ഹൃദയമിടിപ്പു കൂടി വരികയാണെന്നു ഡോക്ടര്‍ ആണ്റ്റി വേവലാതിപ്പെടുന്നുണ്ടല്ലോ. അതു കേട്ട്‌ അമ്മ പിന്നെയും കരയുകയാണോ.. 

വേണ്ട അമ്മേ കരയണ്ടാട്ടോ.. ഞാന്‍ ഇപ്പോള്‍ വരൂലോ.. 

പക്ഷേ ഈ വഴി ഇങ്ങനെ അടഞ്ഞു തന്നെ ഇരുന്നാലെങ്ങനെ...അയ്യൊ ശ്വാസം മുട്ടുന്നല്ലോ.. ഇതെന്താ ഡോക്ടര്‍ ആണ്റ്റി അമ്മയെക്കൊണ്ടു ഏതോ പേപ്പറുകളില്‍ ഒപ്പിടീയ്ക്കുന്നവല്ലോ..എല്ലാവരും കൂടി എണ്റ്റെ അമ്മയെ എങ്ങോട്ടാ ഉരുട്ടി കൊണ്ടു പോകുന്നത്‌... 

ഇപ്പോള്‍ അമ്മ എവിടെയോ കിടക്കുകയാണല്ലോ...ആരുടെയൊക്കെയോ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. 

അല്ല ഇതെന്താ പെട്ടെന്നു എവിടെ നിന്നും വരുന്നു ഈ കുഞ്ഞു വെളിച്ചം..അയ്യോ ആരുടെ കൈകളാണു എന്നെ വന്നു തൂക്കിയെടുത്തത്‌.. 
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം എങ്ങൂം... തണുത്തിട്ടു വയ്യ,,,
ഞാന്‍ അമ്മയെ വിളിച്ചു ഉറക്കെ കരയാന്‍ ശ്രമിച്ചു.. 
ള്ളേ...ള്ളേ...ള്ളേ... 
ഞാന്‍ തന്നെയാണോ ഈ കരഞ്ഞതു,,ആരൊക്കെയാണു ചുറ്റിലും..അമ്മ എവിടെപ്പോയി...ഞാന്‍ അമ്മയെ വിളിച്ചു കരയുന്നതു കേള്‍ക്കുന്നില്ലേ..... 

ആരാണു എന്നെ തുടച്ച്‌ ഉടുപ്പെല്ലാം ഇടുവിയ്ക്കുന്നത്‌,,

ഇപ്പോള്‍ ആരോ എന്നെ ചേര്‍ത്തു പിടിച്ചിരിയ്ക്കുകയാണു. ഇതാരാണപ്പാ ഈ പ്രായമായ സ്ത്രീ.. ഓ ഇതാണോ എണ്റ്റെ അമ്മൂമ്മ.. കൂടെയുള്ള ഈ മീശക്കാരനായിരിയ്ക്കും എണ്റ്റെ അച്ഛന്‍.... 

കുറച്ചു നേരം കൂടി ആരുടെയൊക്കെയോ കൈകളിലൂടെ സഞ്ചരിച്ച ശേഷം ഒടുവില്‍ അമ്മയുടെ അടുത്തേയ്ക്ക്‌..അമ്മയുടെ ചൂടും പറ്റിക്കിടന്നു പാലും കുടിച്ചു കൊണ്ട്‌ എപ്പോഴോ വീണ്ടും ഉറങ്ങിപ്പോയി.. 

പിന്നെയും കൂറെ നാളുകള്‍... 

ഒരു നാള്‍ പതിവില്ലാതെ രാവിലെ തന്നെ എന്നെ കുളിപ്പിച്ചു. അതു വരെ വെള്ള നിറമുള്ള ഉടുപ്പുകള്‍ മാത്രമേ എന്നെ ഇടീച്ചിരുന്നുള്ളു, പക്ഷെ അന്നു ഇളം ചുവപ്പു നിറമുള്ള ഒരു കുഞ്ഞു ഉടുപ്പാണു അമ്മ എന്നെ ഇടുവിച്ചത്‌. 

അല്‍പം കഴിഞ്ഞപ്പോള്‍ കുറെ ആളുകളൊക്കെ വന്നു. അച്ഛന്‍ എന്നെ മടിയില്‍ വച്ചു കൊണ്ടിരുന്നു. അമ്മയും അമ്മൂമ്മയും ചേര്‍ന്നു എനിയ്ക്കു വയമ്പു തന്നു. കണ്ണെഴുതി. രണ്ട്‌ കയ്യിലും കരിവളയിട്ടു തന്നു. പിന്നെ സ്വര്‍ണ്ണ മാല, വള, തള... 

പിന്നെ അച്ഛന്‍ എണ്റ്റെ ചെവിയില്‍ മൂന്നു വട്ടം പേരു ചൊല്ലി വിളിച്ചു - "അര്‍ച്ചിത"

അങ്ങനെ എനിയ്ക്കൂം ഒരു പേരായി.

ഇപ്പോള്‍ എന്തൊരു സുഖമാണു. ഒന്നു കരയുമ്പോഴേയ്ക്കും ഓടി വരുവാനും താലോലിയ്ക്കാനും എത്ര ആളുകള്‍..അമ്മ..അമ്മൂമ്മ..അച്ഛന്‍..പിന്നെ ഒരു കുഞ്ഞു ചേച്ചിയും...