Thursday 26 May, 2011

അങ്ങനെ ഞാനും ഒരു കംഗാരു ആയി...

അമ്മ നാട്ടില്‍ പോയതോടെ പുറത്തു എവിടെ പോയാലും മക്കളെ രണ്ടു പേരെയും കൂട്ടിയെ പറ്റു എന്നായി. മൂത്തവളെ പ്രശ്നമില്ല. ബൈക്കിന്റെ ഫ്രന്റില്‍ ഇരുത്താം. ബട്ട്‌, കുഞ്ഞുവാവയെയും പിടിച്ചു പിന്നില്‍ ഇരിയ്ക്കാന്‍ പറ്റുന്നില്ല.  ആളുടെ കൈകാലുകള്‍ ഏതു നേരവും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ ശരിയ്ക്ക് ബാലന്‍സ് കിട്ടുന്നില്ല. 

തോ ക്യാ കരൂ എന്ന് കൂലംകഷമായി ചിന്തിച്ചപ്പോഴാണ് --

മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..

ഒരു ബേബി കാരിയര്‍ വാങ്ങാം...വാങ്ങി..

സാധനം വീട്ടില്‍ എത്തിയ ഉടനെ തന്നെ പരീക്ഷിച്ചു നോക്കി.

കാര്യം ബക്കിള്‍ എല്ലാം ഇട്ടു വാവയെ അതിനുള്ളില്‍ ഇറക്കിയിരുത്തിക്കഴിഞ്ഞപ്പോള്‍ ഒരു കംഗാരു ഫീല്‍ വന്നെങ്കിലും പുള്ളിക്കാരത്തി നല്ല ഹാപ്പിയായി നന്നായി ചിരിച്ചോണ്ടിരുന്നു. മാത്രമല്ല നമുക്കൊരു സെക്യൂരിറ്റിയും തോന്നും.

സാധനത്തിന്റെ കവറില്‍ ഒരു പേപ്പര്‍ കൂടിയുണ്ടായിരുന്നു. യൂസ് ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍. 

വായിച്ചു നോക്കിയപ്പോള്‍ എനിയ്ക്കൊന്നും മനസ്സിലായില്ല..ഭാഷ ഏതാണെന്ന് പോലും..

ഇത് ഏതു ഭാഷയാണെന്നും ഇതിന്റെ അര്‍ത്ഥമെന്താണെന്നും ദയവു ചെയ്ത്‌ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്...... 

(ചിത്രത്തില്‍ കിള്‍ക്കിയാല്‍ വലുതായി കാണാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

























ഈ വാഷിംഗ്‌ പൌഡര്‍ എവിടെ കിട്ടും എന്നറിയാമോ?

Monday 16 May, 2011

തൃശ്ശൂര്‍ പൂരം

ഇന്നു തൃശ്ശൂര്‍   പൂരം...

വര്‍ണ്ണക്കാഴ്ചകളുടെയും മേളപ്പെരുക്കങ്ങളുടെയും വിസ്മയപ്പൂരം.... 

ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ പൂരം കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ തൃശ്ശൂര്‍ പൂരത്തിനെ കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്‌ എഴുതാനുമാവില്ല.. 

എന്നാലും ഓരോ വര്‍ഷവും പൂരം വന്നണയുമ്പോള്‍ ഇവിടെ ചെന്നെയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും അറിയാതെ പോകാറില്ല. 

ഒരിക്കലും കണ്ടിട്ടില്ല എങ്കിലും ഓരോ പൂരവും ഓര്‍മ്മകളുടെ വേലിയേറ്റക്കാലം കൂടിയാണ്‌...നഷ്ടപ്പെടലുകളുടെ ഒരു കണക്കെടുപ്പു കാലം.. 

മേടമാസത്തിലെ പൂരം നാളിലാണു തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്‌ എങ്കിലും അതിനും എത്രയോ മുന്‍പ്‌ തന്നെ തൃശൂര്‍കാര്‍ക്ക്‌ പൂരത്തിരക്കു തുടങ്ങിയിരിയ്ക്കും. അതു കൊണ്ടു തന്നെയായിരിയ്ക്കും കണ്ടിട്ടില്ലെങ്കിലും പൂരമടുക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നതും. 

പണ്ടു "മണ്ടന്‍മാര്‍ ലണ്ടനില്‍" എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സംവിധായകന്‍ സത്യന്‍ അന്തിക്കാടിണ്റ്റെ മനസ്സ്‌ പൂരപ്പറമ്പിലായിരുന്നു എന്ന്‌ വായിച്ചിട്ടുണ്ട്‌.

അത്രയ്ക്കൊന്നും അവകാശപ്പെടാനില്ലെങ്കിലും പൂരം എനിയ്ക്കും ഒരു നൊള്‍സ്റ്റാള്‍ജിയ തന്നെയാണ്‌..

പൂരത്തിന്റെ   തലേന്നാള്‍ വരെ സ്വരാജ്‌ റൌണ്ടിലും തേക്കിന്‍ കാട്‌ മൈതാനത്തും അലഞ്ഞു നടന്നതും പാറമേക്കാവു ഭഗവതിയെയും വടക്കുംനാഥനെയും തൊഴുതതും പൂരത്തിന്റെ വരവു വിളിച്ചറിയിച്ചെത്തുന്ന എക്സിബിഷനില്‍ ചുറ്റി നടന്നതും ഒടുവില്‍ പൂരത്തലേന്നു സി.എം.എസ്‌. സ്കൂളിലെ ചമയപ്രദര്‍ശനവും....

അങ്ങനെ വിരുന്നു വരുന്ന ഓര്‍മ്മകള്‍ എന്തെല്ലാം.. 

ഐ സി ഡബ്ളിയു എ പഠിയ്ക്കുന്ന കാലം മുതലാണു തൃശ്ശൂര്‍   നഗരത്തെ അടുത്തറിഞ്ഞത്‌..അതു വരെ തൃശ്ശൂര്‍   എന്നാല്‍ ദൂരെയുള്ള ഒരു നഗരം. എല്ലാ വര്‍ഷവും സാധാരണയായി രണ്ടു തവണ മാത്രം പോകാറുള്ള ഒരു സ്ഥലം. പൂരക്കാലത്തെ എക്സിബിഷന്‍ കാണാനും പിന്നെ മധ്യവേനലവധിയ്ക്കു നാട്ടില്‍ വന്ന കസിന്‍സ്‌ ബോംബെയിലേയ്ക്കു തിരിച്ചു പോകുമ്പോള്‍ യാത്രയാക്കാനും...

പിന്നീടു ഐഡിയയില്‍ ജോലി കിട്ടിയപ്പോള്‍ ആ നഗരത്തോടുള്ള ആത്മബന്ധം വളര്‍ന്നു.. 

പുതിയ ഒരു സ്ഥലത്തു ചെല്ലുമ്പോള്‍ ആദ്യം അറിഞ്ഞിരിയ്ക്കേണ്ടതു ആ സ്ഥലത്തെ പ്രധാന ഹോട്ടലുകളും സിനിമാതിയേറ്ററുകളും ഏതൊക്കെയാണ്‌ എന്ന് പറഞ്ഞു തന്നത്‌ വല്യച്ഛനാണ്. കൂട്ടുകൂടി സിനിമ കാണുന്നതിനോട് എന്ത് കൊണ്ടോ വലിയ താല്പര്യമില്ലായിരുന്നു. അത് കാരണം  ആദ്യത്തെ വിഭാഗത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 

റൌണ്ട് സൌത്തിലെ വര്‍ക്കീസ്‌ സൂപ്പര്‍മാര്‍ക്കെറ്റ്, ഇന്ത്യന്‍ കോഫീ ഹൌസ്, കുറുപ്പം റോഡിനടുത്തുള്ള ജയ പാലസ്, ഡിലൈറ്റ്സ്, ഭാരത് ഹോട്ടല്‍, വുഡ് ലാണ്ട്സ്, പത്തന്‍സ്, മുനിസിപ്പല്‍ സ്ടാന്റിലെ ജയ, തൃശ്ശൂര്‍കാരുടെ മുന്നില്‍ രുചിഭേദങ്ങള്‍ക്ക് എന്തെല്ലാം പേരുകള്‍ ... (അല്ലെങ്കിലും തീറ്റ റപ്പായിയുടെ നാട്ടില്‍ ഹോട്ടലുകള്‍ക്ക് പഞ്ഞമുണ്ടാകുമോ?)

ഇന്ത്യന്‍ കോഫി ഹൌസിലെ കട് ലറ്റിന്റെ രുചി വേറെ എവിടെയുമില്ലാത്തത് എന്ത് കൊണ്ടാണ്  ? അത് പോലെ ഭാരതിലെ ദോശയുടെ വലുപ്പം, ഒരാള്‍ക്ക് കഴിക്കാനാവുന്നതിലും അധികമുള്ള ജയ പാലസിലെ ബിരിയാണി...

ഐഡിയയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഹൈറോഡിലെ  'അക്ഷയ'-യില്‍ നിന്നും ചൂടുള്ള ബജ്ജിയും പഴംപൊരിയും വരുത്തി കഴിച്ചിരുന്ന വൈകുന്നേരങ്ങള്‍... 

നഷ്ടങ്ങളുടെ കണക്കുക്കള്‍ ഒരിക്കലും അവസാനിക്കുന്നതല്ല.. 

നടക്കുമോയെന്നറിയില്ല എങ്കിലും മനസ്സില്‍ ഒരു മോഹമുണ്ട്‌.. 

ഒരിക്കല്‍ ഞാനും പോകും.. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം കാണും...മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും മതി വരുവോളം ആസ്വദിയ്ക്കും... അസ്തമയ സൂര്യന്റെ പൊന്‍ തിളക്കത്തില്‍ കുടമാറ്റവും രാത്രിയില്‍ മാനത്തെ വര്‍ണ്ണപ്പൂരവും കാണും..

        *******  ******* *******  *******  *******  *******  *******  *******
ഇന്നലെ രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് കഥ കേള്‍ക്കണമെന്ന് വാശി പിടിച്ച നാലര വയസ്സുകാരി മോള്‍ക്ക്‌ പൂരത്തിനെക്കുറിച്ചു തന്നെ പറഞ്ഞു കൊടുത്തു. ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കാനാവാതെ വിഷമിച്ച ചെറു പൂരങ്ങളെഎല്ലാം ചേര്‍ത്ത് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂര്‍ പൂരം തുടങ്ങിയതൊക്കെ വളര വിശദീകരിച്ചു തന്നെ പറഞ്ഞു..എല്ലാം കേട്ട് കഴിഞ്ഞു ഒരു പത്തു മിനിട്ടിനു ശേഷം:

" അമ്മേ, അമ്മ ഉറങ്ങിയോ?"

"ഇല്ല, എന്തേ?"

"അപ്പോള്‍ നാളെ ഉണ്ണിക്കുട്ടിയ്ക്ക് പുതിയ ഡ്രസ്സ്‌ എടുക്കണം."

"അതെന്തിനാ?"

"നാളെ തൃശൂര്‍ പൂരമല്ലേ ?"

"........"

"അമ്മേ, ഞാന്‍ പറഞ്ഞത് കേട്ടില്ലേ?"

"മിണ്ടാതെ കിടന്നുറങ്ങടീ ....പുതിയ ഡ്രസ്സ്‌..."