Wednesday 15 May, 2013

ഒരു പരേതാത്മാവിന്റെ പരാതി

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വന്നപ്പോൾ ചോറ്റാനിക്കര അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കണ്ടതാ.....







എങ്ങനെയുണ്ട്?




Tuesday 14 May, 2013

ഓർമ്മകൾക്കെന്തു സുഗന്ധം...........

ഓർമ്മകൾക്ക് സുഗന്ധമുണ്ടാവുമോ...? ഉണ്ടെന്നു തന്നെയാണ് ഞാൻ കരുതുന്നത്.

എന്റെ ഓർമ്മകളിൽ നിറയുന്ന സുഗന്ധങ്ങളിൽ മുൻപന്തിയിൽ നില്ക്കുന്നത് തീർച്ചയായും മാർഗോ സോപ്പിന്റെയും ക്യുട്ടിക്കൂറ പൌഡറിന്റെയും തന്നെയാണ്.

ഒരർഥത്തിൽ എന്നോ നഷ്ടപെട്ടു പോയ ബാല്യകാലത്തിന്റെ സുഗന്ധം കൂടിയാണത്.

അതിനാലാണോ ഇപ്പോഴും മാർഗോ സോപ്പ് മണത്തു നോക്കുമ്പോൾ തറവാട്ടിലെ ആ  കുളവും കല്പ്പടവുകളും ഓർമ്മയിൽ തെളിയുന്നത്...

ക്യുട്ടികൂറ പൌഡർ ടിൻ കാണുമ്പോൾ കാലിയായ ടിൻ ഒരു വടി കൊണ്ട് ഉരുട്ടി ബസ്‌ കളിച്ചു നടന്ന തൊടി ഓർമ്മ വരുന്നത്...

മൈസൂർ സാന്റൽ സോപ്പ് എന്നാൽ ഇപ്പോഴും ആദ്യം മനസ്സിൽ തെളിയുന്നത് മോഹനമ്മാവനെയാണ്. എപ്പോഴും ആ സോപ്പ് മാത്രം ഉപയോഗിച്ചിരുന്ന അമ്മാവൻ അടുത്ത് വരുമ്പോൾ എന്തൊരു മണമായിരുന്നു

അമ്മയുടെ വീട്ടിലെ കുളത്തിലായിരുന്നു അടുത്ത വീട്ടുകാർ കുളിച്ചിരുന്നത്.. അവർ കുളി കഴിഞ്ഞു പോയാൽ കുറച്ചു നേരത്തേയ്ക്ക് കുളപ്പടവാകെ ലൈഫ് ബോയ്‌ സോപ്പിന്റെ സുഗന്ധം തങ്ങി നില്ക്കും.

മാമ്പഴക്കലമായാൽ പടിപ്പുരയുടെ തെക്കേ മുറിയ്ക്ക് ഒരു പ്രത്യേക മണമായിരുന്നു. മൂത്ത് പാകമായ മയിൽപീലിയൻ മാങ്ങകൾ പറിച്ചു പഴുപ്പിക്കാൻ വച്ചിരുന്നത് ആ മുറിയിലായിരുന്നു. തറയിൽ ചാക്ക് വിരിച്ചു അതിന്റെ മുകളിൽ മാങ്ങകൾ നിരത്തി അതിനും മുകളിൽ വൈക്കോൽ വിരിച്ച്..അങ്ങനെ മാങ്ങ പഴുത്തു പാകമാകാറായാൽ ആ മുറി തുറക്കുമ്പോൾ വരുന്ന ഒരു മണം ..ഹോ .. പറഞ്ഞറിയിക്കാൻ പറ്റില്ല 

ധനുമാസരാത്രിയിൽ തണുപ്പിൽ തല വഴി പുതച്ചു മൂടി കിടക്കുമ്പോഴും ജനലിലൂടെ അരിച്ചെത്തുന്ന പാരിജാതപ്പൂക്കളുടെ മനം മയക്കുന്ന സുഗന്ധം..

കൊയ്ത്തു കഴിഞ്ഞു മുറ്റം നിറയെ കറ്റകൾ നിറയുമ്പോൾ...

കൊച്ചുവർത്തമാനവും പരദൂഷണങ്ങളുമായി പെണ്ണുങ്ങൾ കറ്റ മെതിയ്ക്കുമ്പോൾ....

പൊലി ഒന്നേ ...പൊലി രണ്ടേ ...എന്ന് പറഞ്ഞു നെല്ല് അളക്കുമ്പോൾ...

പത്തായപ്പുരയുടെ അറ്റത്ത് വലിയ ചെമ്പിൽ നെല്ല് പുഴുങ്ങുമ്പോൾ...

ഓണത്തിന് പൂവിടാനായി ചാണകം കൊണ്ട് കളമെഴുതുമ്പോൾ... (അത് വരെ അനുഭവപ്പെട്ടിരുന്ന ചാണകത്തിന്റെ നാറ്റം എത്ര പെട്ടെന്നാണ് സുഗന്ധത്തിനു വഴി മാറുന്നത്)

തൊടിയിലെല്ലാം അലഞ്ഞു കൊടുത്തൂവയുടെ കടിയും  കൊണ്ടു തുമ്പയും മുക്കൂറ്റിയും പറിയ്ക്കുമ്പോൾ....

തൃക്കാക്കരപ്പനെ ഉണ്ടാക്കാൻ കളിമണ്ണ് കുഴക്കുമ്പോൾ...

വിഷുവിനു മത്സരിച്ചു ഓലപ്പടക്കം പൊട്ടിക്കുമ്പോൾ...

വേനലിൽ വരണ്ടു കിടക്കുന്ന മണ്ണിൽ പുതുമഴ പെയ്യുമ്പോൾ...

ഗുരുവായൂരപ്പന്റെ നടയിൽ നെയ്‌ വിളക്കിന്റെയും കർപ്പൂരത്തിന്റെയും ഇടയിൽ കൈ കൂപ്പി തൊഴുമ്പോൾ....

ലോകത്ത് ഒരു പെർഫ്യൂം കമ്പനിയ്ക്കും ഇത് വരെ പുറത്തിറക്കാൻ പറ്റാത്ത ആ സുഗന്ധങ്ങൾ..

"   ഓർമ്മകൾക്കെന്തു സുഗന്ധം
എന്റെ ആത്മാവിൻ നഷ്ട സുഗന്ധം ""

എന്ന് പാടിയതെത്ര ശരി...