Saturday, 28 November 2009

ഗുരുവായൂര്‍ പുരാണം

ഇന്ന് ഗുരുവായൂര്‍ ഏകാദശി. നന്ദനത്തിലെ ബാലമണി പറഞ്ഞതു പോലെ എല്ലാ നാട്ടുകാരും ഉണ്ണിക്കണ്ണനെ കാണാന്‍ എത്തിയിട്ടുണ്ടാവും. പക്ഷെ ഞാനോ..


എന്റെ ബാല്യകാല സ്മരണകളില്‍ നിറഞ്ഞു നില്കുന്നത് ഗുരുവായൂര്‍ അമ്പലവും ആ പരിസരവും തന്നെയാണ്. അന്നൊക്കെ പ്രധാനമായും നടത്തുന്ന യാത്രകളും അമ്പലത്തിലേക്കായിരുന്നു. പിന്നീട് ഹൈസ്കൂള്‍ - കോളേജ് കാലഘട്ടത്തില്‍ അതിനു വ്യത്യാസം വന്നെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും പോകുമായിരുന്നു. ജോലി കിട്ടിയതോടെ അത് മാസത്തില്‍ ഒരു തവണ എന്നായി ചുരുങ്ങിയെങ്കിലും ഗുരുവയോരപ്പനോടുള്ള ഭക്തിയില്‍ ഒട്ടും കുറവ് വന്നിരുന്നില്ല.

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും ചിരിക്കും. അല്ലെങ്കില്‍ കളിയാക്കും. സത്യത്തില്‍ ഭക്തിയേക്കാള്‍ കൂടുതല്‍ വേറെ എന്തൊക്കെയോ ആയിരുന്നു ആ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ തോന്നിയിരുന്നത്. അച്ഛനമ്മമാരുടെ ഏക സന്തനമായിരുന്നതിനാല്‍ എപ്പോഴും ഒരു ഏട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചിരുന്നു പണ്ട്.(ഇപ്പോഴും അതിനു വലിയ കുറവൊന്നും വന്നിട്ടില്ല പ്രത്യേകിച്ചും ടി വി യില്‍ ഉസ്താദ്‌ സിനിമ കാണുമ്പോള്‍). അതു കൊണ്ടു തന്നെ "എന്റെ കൃഷ്ണാ" എന്ന് വിളിക്കുമ്പോഴും ഭക്തിയേക്കാള്‍ ഒരു മൂത്ത സഹോദരനോടുള്ള ബഹുമാനമാണ് മനസ്സില്‍ തോന്നുന്നത്.(ഇപ്പോഴും).

ഇപ്പോഴും ഏതെങ്കിലും അമ്പലത്തില്‍ പോയാല്‍ ആദ്യം മനസ്സില്‍ ഉയരുന്നത് "എന്റെ കൃഷ്ണാ" എന്നു തന്നെയാണ്. വേറെ ഏതു അമ്പലത്തില്‍ പോയാലും ഗുരുവായൂര്‍ പോയി തോഴുതാലുള്ള മന:സുഖം കിട്ടാറില്ല.(മറ്റു ദൈവങ്ങള്‍ പൊറുക്കട്ടെ..) അതിന്റെ കാരണമൊന്നും എനിക്കു അറിയില്ല. ജീവിത വഴിയില്‍ പലപ്പോഴും എന്നോട് കള്ളത്തരം കാണിക്കുമ്പോള്‍ , എന്നെ പറ്റിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം എന്റെ നിരപരാധിത്വം തെളിയിക്കാന്‍, കപട സ്നേഹം കാണിക്കുന്നവരെ തിരിച്ചറിയാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നത് എന്റെ കൃഷ്ണന്‍ കൂടെ ഉള്ളത് കൊണ്ടാണല്ലോ.

കുട്ടിക്കാലത്ത് തൊഴുതിരുന്നത്തില്‍ നിന്നും ഗുരുവായൂര്‍ അമ്പലവും പരിസരവും ഒരു പാട് മാറിയിട്ടുണ്ട് ഇപ്പോള്‍. അന്നൊന്നും ഇതു പോലെയുള്ള തിരക്കും ബഹളവും ഇല്ലായിരുന്നു. നാലമ്പലത്തിനുള്ളില്‍ ചുരുങ്ങിയത് 3 പ്രദിക്ഷണം വെയ്ക്കണമെന്ന് നിര്‍ബന്ധമായിരുന്നു അമ്മയ്ക്ക്. ഇന്നിപ്പോള്‍ ഒരു പ്രാവശ്യം പോലും മുഴു പ്രദക്ഷിണം ചെയ്യാന്‍ പറ്റില്ല. പ്രദിക്ഷണം വച്ച് വരുമ്പോള്‍ ശ്രീ കോവിലിന്റെ മുന്നിലേക്ക്‌ തിരിയുന്ന ഭാഗത്ത്‌ വാഴയില കുമ്പിള്‍ കുത്തിയതില്‍ നെയ്യ് കിട്ടുമായിരുന്നു. ഒന്നോ രണ്ടോ രൂപയായിരുന്നു എന്നു തോന്നുന്നു, ശരിക്കോര്‍മ്മയില്ല. അതു വാങ്ങി ഗണപതിയുടെയും പുറത്തു ഭഗവതിയുടെയും അയ്യപ്പന്റെയും ശ്രീകോവിലില്‍ കൊടുത്തിരുന്നത് ഓര്‍ക്കുന്നു. പിന്നീടു എപ്പോഴോ ദേവസ്വം അത് നിര്‍ത്തലാക്കി.

പിന്നെ കുന്നിക്കുരുവും മഞ്ചാടിയും വാരല്‍. കുട്ടിക്കാലത്തെ പ്രധാന attraction ആയിരുന്നു അത്. കുട്ടികള്‍ ഉറക്കംതൂങ്ങികള്‍ ആവാതെ നല്ല വികൃതിക്കുട്ടികള്‍ ആകാന്‍ വേണ്ടിയാണത്രേ കുന്നിക്കുരു വാരുന്നത്.(എങ്കില്‍ ഞാന്‍ വാരേണ്ട ആവശ്യമില്ല എന്നാണ് എന്നെ അറിയുന്നവരെല്ലാം പറഞ്ഞിരുന്നത്. അതിന്റെ ഗുട്ടന്‍സ് എന്താണെന്നു എനിയ്ക്ക് സത്യമായും അറിയില്ല). വലുതായിട്ടും അതിനോടുള്ള ഇഷ്ടം മാറിയിട്ടില്ല.

ദീപാരാധന തൊഴുവാന്‍ വേണ്ടി അരമണിക്കൂറിലും കുടുതല്‍ കാത്തു നിന്നിട്ടുണ്ട്, ശ്രീ കോവിലിന്റെ അടുത്ത്. പിന്നെ ഉത്സവം. .. പറയുന്നത് കേട്ടിട്ടുണ്ട് ഗുരുവായൂരില്‍ എന്നും ഉത്സവമാണ് എന്ന്. ദിവസവും ചെയ്യുന്ന പൂജകളെചൊല്ലിയാണ് അങ്ങനെ പറയുന്നതത്രേ. പള്ളിവേട്ടയ്ക്കും ആറാട്ടിനും സന്ധ്യയ്ക്ക് ഗുരുവായൂരപ്പന്‍ മതില്‍ക്കു പുറത്തേക്കു എഴുന്നള്ളുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ആ രണ്ടു ദിവസം മാത്രം കൊടിമരച്ചുവട്ടില്‍ വച്ചാണ് ദീപാരാധന. പരിസരത്തുള്ള കടകളും വീടുകളുമെല്ലാം വിളക്ക് വെച്ച് ഗുരുവായൂരപ്പനെ എതിരേല്‍ക്കുന്നത് എത്ര വര്‍ണിച്ചാലും മതി വരില്ല.

ഗുരുവായൂരപ്പന്റെ കോളേജില്‍ പഠിച്ചിരുന്നതിനാല്‍ അമ്പലത്തിലെ വിശേഷങ്ങള്‍ക്ക് അവധിയായിരുന്നു
. ഉത്സവക്കാലത്ത് ഒരു ദിവസത്തെ കലാപരിപാടി കോളേജ് കുട്ടികളുടെ വകയായിരുന്നു. ഒന്നിലും പങ്കെടുക്കാറില്ല എങ്കിലും ആ ദിവസം എല്ലാത്തിന്റെയും ചുക്കാന്‍ തങ്ങളുടെ കയ്യിലാണെന്ന ഭാവത്തില്‍ ഓഡിറ്റോറിയത്തിലും ഗ്രീന്‍ റൂമിലും കൂട്ടുകാരികളുടെ കൂടെ ചുറ്റിയടിച്ചിരുന്നത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. അത് പോലെ ഏകാദശിക്കാലത്തെ ചെമ്പൈ സംഗീതോല്‍സവത്തിന് പാടാറുണ്ടായിരുന്ന സ്നേഹിത പ്രജിതയ്ക്ക് കൂട്ട് പോയിരുന്നതും.

കഴിഞ്ഞു പോയ ആ നല്ല നാളുകള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ല

പരാതിയും പരിഭവവും പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതു പോലൊരു ജീവിതത്തിനു തന്നെയാണല്ലോ മുന്‍പ് ആ തിരുനടയില്‍ നിന്ന് പ്രാര്‍ത്ഥിച്ചതും. ചിലത് നേടുമ്പോള്‍ മറ്റു ചിലത് നഷ്ടപ്പെടേണ്ടി വരും എന്ന് പറയുന്നത് എത്ര ശരിയാണ്..

Wednesday, 25 November 2009

എന്റെ സാഹസിക യാത്രകള്‍ - 1

തലക്കെട്ട്‌ കണ്ടു ആരും തെറ്റിദ്ധരിക്കണ്ട. കേരളത്തില്‍ നിന്നും ചെന്നൈയില്‍ വന്നു തനിയെ നടത്തേണ്ടി വന്ന യാത്രകളെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നെ സംബധ്ധിചിടത്തോളം അതും സാഹസികം തന്നെ ആയിരുന്നു.

മോള്‍ക്ക് ഒരു വയസ്സ് തികഞ്ഞതിനു ശേഷമായിരുന്നു ജോലിക്ക് പോകാമെന്ന് തീരുമാനിച്ചത്. എന്തോ ഭാഗ്യത്തിന് www.naukri.com. -ഇല്‍ രജിസ്റ്റര്‍ ചെയ്തു 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ആദ്യത്തെ ഓഫര്‍ കിട്ടി - അതും ഒരു നല്ല കമ്പനിയില്‍ നിന്നും തന്നെ - amrithanjan co.-യില്‍ നിന്നും ആ കാള്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ ഞാന്‍ ഒരു രണ്ടടി പൊങ്ങിപ്പോയി. അമ്മയോടും നവിയോടും വിവരം പറയുമ്പോള്‍ ഇത്തിരി അഹങ്കാരവും ഉണ്ടായിരുന്നു - കണ്ടില്ലേ എന്നൊരു ഭാവം. എന്തായാലും എല്ലാം കണ്ടു കൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്.

ഒരു തിങ്കളാഴ്ചയാണ് ഇന്റര്‍വ്യൂ പറഞ്ഞിരിക്കുനത്. സ്ഥലം ശരിക്കും അറിയാത്തത് കൊണ്ട് ശനിയാഴ്ച ഞാനും നവിയും കൂടി ചെന്ന് നോക്കി എല്ലാം കണ്ടു മനസിലാക്കി. എന്നിട്ട് തിങ്കളാഴ്ച അതിരാവിലെ എഴുന്നേറ്റു കുളിച്ചു സുന്ദരിക്കുട്ടിയായി certificates എല്ലാം എടുത്തു യാത്രയായി.

പകുതി വഴി പോയതും ഞാന്‍ കയറിയ ബസിന്റെ ഡ്രൈവര്‍ക്ക് ഒരു മോഹം. എതിരെ വന്നിരുന്ന മാരുതി 800 - ന്റെ മുകളിലുടെ ബസ്സിനെ ഒന്ന് ജമ്പ് ചെയ്യിക്കണമെന്ന്. കുറ്റം പറയാന്‍ പറ്റില്ലല്ലോ. അണ്ണന്‍ രജനികാന്തിന്റെ ആരാധകനായിരിക്കും. ഇന്റര്‍വ്യൂ-വില്‍ "ടെല്‍ മി എബൌട്ട്‌ യുവര്‍സെല്‍ഫ്" എന്ന് പറയുമ്പോള്‍ എന്തൊക്കെ തിരിച്ചു പറയണം എന്നോര്‍ത്ത് കൊണ്ടിരുന്ന എനിക്കു ഒരു രണ്ടു നിമഷം നേരത്തേക്ക് ഒന്നും മനസ്സിലായില്ല. പണ്ട് വീഗാ ലാന്‍ഡില്‍ പോയപ്പോള്‍ ഒരു വലിയ കോട്ട പോലെയുള്ള കെട്ടിടത്തിന്റെ ഉള്ളില്‍ ഒരു ride (പേര് മറന്നു)പോയതാണ് ഓര്‍മയില്‍ വന്നത്. ആകാശത്തിലേക്ക് ഉയര്‍ന്നു പോകുന്നതിനുള്ളില്‍ പെട്ടെന്ന് താഴോട്ട് വീഴുന്ന പോലെ. എന്തായാലും ആരുടെയൊക്കെയോ കുരുത്തം കൊണ്ട് ബസ്‌ മറിഞ്ഞില്ല. ഡ്രൈവര്‍ അണ്ണന്‍ ആഗ്രഹിച്ച അത്രയ്ക്കങ്ങ് പോയില്ലെങ്കിലും ഏതാണ്ടൊക്കെ രജിനി സ്റ്റൈലില്‍ തന്നെ സേഫ് ആയി വണ്ടി പാര്‍ക്ക്‌ ചെയ്തു. എ കെ 47 പിടിച്ചും കൊണ്ട് നേരെ വരുന്ന ഭീകരനെ പോലെ ബസ്‌ എതിരെ വരുന്നത് കണ്ട കാറിന്റെ ഡ്രൈവര്‍ ആകട്ടെ ജീവനിലെ കൊതി കൊണ്ട് എന്തെക്കൊയോ പരാക്രമങ്ങള്‍ ചെയ്ത് ഒരു സൈക്കിള്‍കാരനേയും 5 - 6 ബൈക്ക്കാരെയും മാത്രം ഇടിച്ചു തെറിപ്പിച്ചു കൊണ്ട് ഒരു മരത്തിനെ പോയി ഫ്രഞ്ച് കിസ്സ്‌ കൊടുത്തു നിന്നു.

ബസ്സിനുള്ളില്‍ നിന്നും അയ്യോ കടവുളേ കാപ്പത്തുന്ഗോ വിളികള്‍ അയ്യപ്പന്മാരുടെ ശരണം വിളികള്‍ പോലെ ഉയര്‍ന്നു കൊണ്ടിരുന്നു. ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും ഇല്ലായിരുന്നു. എന്റെ തല എവിടെഒക്കെയോ ഇടിച്ചു വേദനിക്കുനുണ്ടായിരുന്നു. എല്ലാവരും ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ മാത്രമായി എന്തിനാ ബസ്സില്‍ ഇരിക്കുന്നെ എന്ന് കരുതി ഞാനും ഇറങ്ങി. ഇനിയിപ്പോള്‍ എന്താ ചെയ്യുക എന്നായി ആലോചന. ഏതാ സ്ഥലം എന്ന് അറിയാന്‍ ചുറ്റും നോക്കി(പിന്നെ എന്ന് വച്ചാല്‍ ഞാന്‍ ചെന്നൈയില്‍ ആയിരുന്നല്ലോ ജനിച്ചു വളര്‍ന്നത്‌ ഒന്ന് നോക്കുമ്പോഴേക്കും സ്ഥലമേതാണെന്ന് മനസ്സിലാകാന്‍). ഈ നാട്ടുകാര്‍ക്ക് ഇംഗ്ലീഷ്കാരോടുള്ള വിരോധം 1947 ഓഗസ്റ്റ്‌ 47 കഴിഞ്ഞിട്ടും തീരാത്തത് കൊണ്ട് എല്ലായിടത്തും തമിഴില്‍ മാത്രമാണ് ബോര്‍ഡ്‌ കാണുന്നത്. അത് കാരണം നമ്മുടെ നാട്ടിലെ പോലെ കടകളുടെ പുറത്തുള്ള പേരെഴുതിയ ബോര്‍ഡ്‌ നോക്കി സ്ഥലത്തിന്റെ പേര് കണ്ടു പിടിക്കല്‍ ഈസ്‌ നോട്ട് പോസ്സിബള്‍ അറ്റ് ഓള്‍.

എന്തായാലും എല്ലാവരും ചെയ്യുന്നത് കണ്ടു കണ്ടുക്ടരുടെ അടുത്ത് പോയി ടിക്കറ്റ്‌ ചാര്‍ജ് മടക്കി വാങ്ങിച്ചു. അത് കൊണ്ടായില്ലല്ലോ. ഇല്ലത്ത് നിന്നും പുറപ്പെടൂം ചെയ്ത് എന്നാലോ അമ്മാത്തൊട്ട് എത്തീമില്ല എന്നാ അവസ്ഥയിലായല്ലോ. കുറെ പേര്‍ കൂട്ടം കൂടി നില്കുന്നത് കണ്ടപ്പോള്‍ അങ്ങോട്ട്‌ വച്ചടിച്ചു. എങ്ങനെയാ മന്ദവേലി ലസ് ചര്‍ച്ച് കോര്‍ണര്‍ പോകേണ്ടത് എന്ന് എനിക്കു അറിയാവുന്ന തമഴില്‍ ഒരു സ്ത്രീയോട് ചോദിച്ചു. അതിനു അവര്‍ പറഞ്ഞ മറുപടി എന്താണെന്നു എനിക്കു ഇപ്പോഴും മനസ്സിലായില്ല. ഒന്ന് വഴി ചോദിച്ചതിനു ഇങ്ങനെ ചീത്ത വിളിക്കണോ എന്ന ദയനീയ മട്ടില്‍ ഞാന്‍ നില്കുന്നത് കണ്ടപ്പോള്‍ അടുത്ത് നില്കുന്നുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് മനസ്സിലായി എനിക്കു ഒന്നും പിടി കിട്ടിയിട്ടില്ല എന്ന്. എന്തായാലും ഒരു പങ്കു ഓട്ടോയില്‍ (ഷെയര്‍ ഓട്ടോ - ഇത് ചെന്നൈയുടെ ഒരു ദേശീയ വാഹനമാണ്. 5 - 6 കിലോമീറ്റര്‍ ദൂരെത്തെക്ക് പോകാന്‍ ഇത് ധാരാളമാണ്) കയറിയാല്‍ എനിക്കു പോകേണ്ട ഇടത്തേക്ക് പോകാമെന്ന് അവര്‍ പറഞ്ഞത് എനിക്കു മനസ്സിലായി.(അത് പിന്നെ ഷെയര്‍ ഓട്ടോയെ തൊട്ടുകാണിച്ചു എന്ത് ഭാഷയില്‍ പറഞ്ഞാലും മനസ്സിലാകാതിരിയ്ക്കാന്‍ മാത്രം മന്ദ:ബുദ്ധിയൊന്നുമല്ലല്ലോ ഞാന്‍.)


അങ്ങനെ ആ സ്ത്രീ തൊട്ടുഴിഞ്ഞു തന്ന ഓട്ടോയില്‍ കയറി ഞാന്‍ യാത്രയായി. എത്ര പോയിട്ടും രണ്ടു ദിവസം മുന്‍പ് നവിയുടെ കൂടെ വന്നപ്പോള്‍ കണ്ടു വച്ചിരുന്ന ലാന്‍ഡ്‌ മാര്‍ക്സ് ഒന്നും കാണുന്നില്ല. എന്നാലും ഉള്ളിലെ വേവലാതികള്‍ ഒന്നും പുറത്തു കാണിക്കാതെ ഞാനീ വഴിയിലുടെ എന്നും പോകുന്നതല്ലേ എന്ന ഭാവത്തില്‍ ഇരുന്നു.


ഒടുവില്‍ പെട്ടെന്ന് എല്ലാവരും ഇറങ്ങുന്നത് കണ്ടപ്പോള്‍ മനസ്സിലായി ഓട്ടോയുടെ ലാസ്റ്റ് സ്റ്റോപ്പ്‌ എത്തിയെന്ന്. വളരെ കൂളായി ഇറങ്ങി ഓട്ടോ ചേട്ടന് പൈസ കൊടുത്തു. അടുത്തുണ്ടായിരുന്ന കടയുടെ ബോര്‍ഡ്‌ ഭാഗ്യത്തിന് ഇംഗ്ലീഷില്‍ തന്നെ ആയിരുന്നത് കൊണ്ട് ലസ് ചര്‍ച്ച് കോര്‍ണര്‍ തന്നെയാണ് സ്ഥലം എന്ന് മനസ്സിലായി. പക്ഷെ അന്ന് വന്നപ്പോള്‍ ഇത് പോലെ ഒരു കടയും സിഗ്നല്‍ ലൈറ്റ്ഉം ഒന്നും കണ്ടില്ലായിരുന്നല്ലോ കൃഷ്ണാ. രണ്ടു ദിവസം കൊണ്ട് ഈ നാട്ടില്‍ ഇത്രയ്ക്കൊക്കെ പുരോഗതി ഉണ്ടാവുമോ എന്ന് കരുതി നിന്നപ്പോഴാണ് ഒരു പോലീസ് ചേട്ടന്‍ നാട് റോഡില്‍ നിന്ന് കൊണ്ട് ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനയാട്ടവും കഥകളിയും കൂടി കൂട്ടിക്കുഴച്ച്ചൊരു പ്രത്യേക തരം കല അഭ്യസിക്കുന്നത് കണ്ടത്. പിന്നെ താമസിച്ചില്ല. ഉടനെ അങ്ങോട്ട്‌ കുതിച്ചു.

ദോഷം പറയരുതല്ലോ എത്ര ഡിസന്റ് ആയി വഴി പറഞ്ഞു തന്നു എന്നറിയാമോ ആ പോലീസുകാരന്‍. എന്തായാലും പറഞ്ഞതില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാണെങ്കിലും സ്ഥലത്തെത്തി.

ഇന്റര്‍വ്യൂ നടത്താന്‍ ഒരേ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോഴാണ് എനിയ്ക്ക് മനസ്സിലായത് അവിടെ വേക്കന്‍സി ഉള്ളത് അക്കൌണ്ട്സ് ഡിപ്പര്‍ത്മെന്റ്റ് ഹെഡ്_ഇന്റെ ആണ്. എന്നോട് വിളിച്ചു പറഞ്ഞതാവട്ടെ കസ്റ്റമര്‍ കെയര്‍-ലേക്കും. എനിക്കു എക്സ്പീരിയന്‍സ് ഉള്ളതും ആ ഫീല്‍ഡില്‍ ആണ്. എന്തായാലും വന്നതല്ലേ എന്ന് കരുതിയാകണം അയാള്‍ അക്കൌണ്ട്സ് സംബന്ധ്ധിച്ച്ച്ച ചില ചോദ്യങ്ങള്‍ ചോദിച്ചു. എനിയ്ക്ക് നൂറു ശതമാനം ശരിയാണെന്ന് തോന്നിയ ഉത്തരങ്ങള്‍ ഞാനും പറഞ്ഞു. പക്ഷെ അയാളുടെ മുഖഭാവം കണ്ടാല്‍ തോന്നുക ഞാനെന്തോ പൊട്ടത്തരങ്ങള്‍ പറഞ്ഞതായാണ്. സെയില്‍സ് ടാക്സിനെയും വാറ്റിനെയും പറ്റി ഇതു വരെ ആരും കണ്ടുപിടിയ്ക്കാത്ത നിര്‍വ്വചനങ്ങള്‍ പറഞ്ഞതോടെ അയാള്‍ക്ക് സ്വയം സംശയം തോന്നിയിരിക്കണം - ഒന്നുകില്‍ ഈ കുട്ടി എന്നെ കളിയാക്കുകയാണ് അല്ലെങ്കില്‍ ഇതിന്റെ ഏതോ ഒരു പിരി ലൂസ് ആണ്.

എത്രയും പെട്ടെന്ന് എന്നെ ഒഴിവാക്കാനുള്ള ശ്രമത്തോടെ അയാള്‍ ഇപ്രകാരം മൊഴിഞ്ഞു:" യു സീ , വീ വാണ്ട്‌ എ പെര്‍സണ്‍ ഹൂ ഹാസ്‌ എ തറോ നോലെട്ജ് ഇന്‍ അക്കൌണ്ട്സ്. സൊ ...."

അയാളെ മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ ഞാന്‍ ചോദിച്ചു - പിന്നെ എന്തോ കണ്ടിട്ടാ എന്നെ ഇങ്ങോട്ട് ഇന്റര്‍വ്യൂ-വിനെന്നും പറഞ്ഞു ക്ഷണിച്ചു വരുത്തിയത്. എന്റെ ബയോടാറ്റ-യില്‍ കൃത്യമായി പറഞ്ഞിട്ടുള്ളതല്ലേ എനിയ്ക്ക് ഏതു ഫീല്‍ഡ്-ഇല്‍ ആണ് എക്സ്പീരിയന്‍സ് എന്ന്. എന്നിട്ട് ചുമ്മാ വിളിച്ചു വരുത്തി അപമാനിയ്ക്കുന്നോ.

ഗംഗ ചന്ദ്രമുഖി ആകുന്നത്‌ കണ്മുന്നില്‍ കണ്ടപ്പോള്‍ അയാള്‍ വായും പൊളിച്ചിരുന്നു പോയി. അവിടെ എത്തിപ്പെടാന്‍ എടുത്ത കഷ്ടപ്പാട് കൂടി ഓര്‍ത്തപ്പോള്‍ പിന്നെ എന്റെ കണ്ട്രോള്‍ പോയി എന്നതാണ് സത്യം. അതോടെ ഞാന്‍ ഫുള്‍ ഫോമിലായി. പിന്നെ അവിടെ എന്താ ഉണ്ടായതു എന്ന് എനിക്കു പോലും ഓര്‍മയില്ല. ഫുള്‍ ക്ലോസ്ഡ് ആകാത്ത കാബിനില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ. അത് കാരണം എന്റെ പ്രകടനം ആ ഫ്ലോറില്‍ ഉള്ള എല്ലാവരും കേട്ടിരുന്നു. ഹാഫ് ഡോര്‍ തുറന്നു ഞാന്‍ പുറത്തു വന്നപ്പോള്‍ അവിടെ ശശ്മാന മൂകത (ഇതു തന്നെയല്ലേ ആ വാക്ക്) ആയിരുന്നു.

എന്തായാലും അവിടെ നിന്നും ഞാന്‍ ഇറങ്ങിയ ഉടനെ അവിടെ നടന്നിരിക്കാവുന്ന ഡിസ്കഷന്‍ന്റെ സാരം എന്താണെന്ന കാര്യത്തില്‍ എനിയ്ക്ക് ഒട്ടും സംശയമേയില്ലായിരുന്നു. അറിയാതെ ഒരു ഇന്റര്‍വ്യൂ-വിനു വിളിച്ചപ്പോള്‍ ഇത്രയ്ക്ക് അഹങ്കാരം അപ്പോള്‍ അറിഞ്ഞു കൊണ്ട് ഒരു ജോലി കൊടുത്തിരുന്നെങ്കില്‍ ഇവളീ കമ്പനിയെ അപ്പാടെ എടുത്തു മറിച്ച് വയ്ക്കുമായിരുന്നല്ലോ.

പുറത്തിറങ്ങി രണ്ടടി നടന്നപ്പോഴേക്കും എന്റെ ദേഷ്യം കുറച്ചു കുറഞ്ഞു, എന്തായാലും കഷ്ടി ഒരു കിലോമീറ്റര്‍ ദൂരമുള്ള ബസ്‌ സ്ടാന്റിലേക്ക് നടന്നു പോകാമെന്ന് തീരുമാനിച്ചു.

പോകുന്ന വഴിയില്‍ ഫുട് പാത്തില്‍ നിന്നും മോള്‍ക്ക്‌ ഒരു കളിപ്പാട്ടവും കൂടി വാങ്ങി. അത് കൊടുത്തപ്പോള്‍ അവളുടെ സന്തോഷം കണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ദേഷ്യമോ നിരാശയോ ഒരു തരി പോലുമുണ്ടായിരുന്നില്ല. സത്യമായിട്ടും...

Monday, 23 November 2009

ഓം ഹരിശ്രീ....

അങ്ങനെ ഞാനും ഒരു ബ്ലോഗ്ഗ് തുടങ്ങുകയാണ്. ഇതിനെ ബ്ലോഗ്ഗ് എന്ന് വിളിക്കാമോ എന്നറിയില്ല. മനസ്സില്‍ തോന്നുന്നതെല്ലാം കുത്തിക്കുറിയ്ക്കാനുള്ള ഒരിടം എന്ന് കരുതുവാനാണ് എനിയ്ക്കിഷ്ടം. കുറെ നാളുകളായി മലയാളം ബ്ലോഗ്ഗുകള്‍ വയിച്ചുകൊണ്ടിരിക്കുനതിനിടയില്‍ എപ്പോഴോ ഇങ്ങനെയൊരു ആശയം മനസ്സില്‍ പൊട്ടി മുളച്ചപ്പോള്‍ ഉടനെ തന്നെ അതിനെ പിഴുതു കളഞ്ഞതാണ്. പക്ഷെ പൂര്‍വാധികം ശക്തിയോടു കുടി അത് പിന്നെയും വളര്‍ന്നു വന്നപ്പോള്‍ കണ്ടില്ലെന്നു നടിയ്ക്കാന്‍ കഴിഞ്ഞില്ല.

മലയാളത്തിലെ ബ്ലോഗ്ഗര്‍ പുലികളുടെ ഇടയിലേക്ക് ഒരു എലി ആയി അങ്ങനെ ഞാനും വരുന്നു.

ഞാന്‍ എഴുതുന്ന പൊട്ടത്തരങ്ങള്‍ വായിക്കാന്‍ മാത്രം പാപം ചെയ്തവര്‍ ഉണ്ടാകുമോ എന്നറിയില്ല. ആരെങ്കിലും ഇതെല്ലാം വായിയ്ക്കുമെന്ന പ്രതീക്ഷയും ഇല്ല. എന്നിട്ടും എന്തിനാ പിന്നെ ഈ പണിയ്ക്കിരങ്ങിയത്‌ എന്ന് ചോദിച്ചാല്‍ നേരത്തെ സൂചിപ്പിച്ച പോലെ ഓരോന്ന് പൊട്ടി മുളക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഞാന്‍ എന്ത് ചെയ്യാന്‍. ഒന്നുമില്ലെങ്കിലും ഞാനും ഒരു മനുഷ്യ ജീവി തന്നെ ആണല്ലോ. എത്രയെന്നു വിചാരിച്ചാ കണ്ട്രോള്‍ ചെയ്യുക....

അതു കൊണ്ട് എന്റെ ബ്ലോഗ്ഗ് പരമ്പര ദൈവങ്ങളേ , മലയാള ബ്ലോഗ്ഗ് ചരിത്രത്തിലെ മുടി ചൂടാമന്നന്മാരെ.. നിങ്ങള്‍ എന്നെ അനുഗ്രഹിയ്കേണമേ.. ഞാന്‍ എഴുതുന്നത്‌ അബദ്ധങ്ങള്‍ ആണെങ്കില്‍ എന്നോട് ക്ഷമിയ്ക്കേണമേ..