Wednesday, 23 June 2010

ഒരു വട്ടം കൂടിയാ...

വീണ്ടും ഒരു അധ്യയന വര്‍ഷാരംഭം.

പുതിയ യൂണിഫോര്‍മും ബാഗും വാട്ടര്‍ ബോട്ട്ലും...

പിന്നെ ആദ്യമായി സ്കൂളില്‍ വന്നതിന്റെ അമ്പരപ്പും പേടിയും നിറഞ്ഞ കുരുന്നുകളുടെ കരച്ചിലും..

അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച. ജൂണ്‍ 21. അന്നായിരുന്നു മോളുടെ
LKG ക്ലാസ്സ്‌ തുടങ്ങിയത്. ഒരു വര്‍ഷം മുഴുവനും പ്ലേ സ്കൂളില്‍ പോയത് കൊണ്ട് കരച്ചിലൊന്നുമുണ്ടാവില്ല എന്ന് കരുതി. എവിടെ...

അവിടെ ചെന്ന് ക്ലാസ്സില്‍ കയറിയപ്പോഴേ വെല്‍ക്കം ബാന്‍ഡ് പോലെ എതിരേല്‍ക്കുന്നത് "അമ്മേ.." "അമ്മാ..." "മമ്മീ" വിളികളാണ്. അതും പല പല വിധത്തില്‍.

ചിലത് അടൂരിന്റെ പടത്തിലെ പോലെയാണെങ്കില്‍ മറ്റു ചിലത് സുരേഷ് ഗോപിയുടെ ആക്ഷന്‍ പടം പോലെയാണ്. കൂടെ ഇരിക്കുന്നവരെല്ലാം കരയുമ്പോള്‍ ഞാന്‍ മാത്രം കരയാതിരുന്നാല്‍ അത് നാണക്കേടല്ലേ എന്ന് കരുതിയായിരിക്കണം അടുത്ത പെര്‍ഫോര്‍മന്‍സ് മോളുടെ വകയായിരുന്നു.

എന്തായാലും 10 മിനുട്ടിനുള്ളില്‍ അവിടുത്തെ ടീച്ചേര്‍സ് എല്ലാ അച്ഛനമ്മമാരെയും പുറത്താക്കി. ആദ്യ ദിനമായത് കൊണ്ട് 10 മണി വരെയേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

തിരിച്ചു വരുമ്പോള്‍ എന്തിനാ കരഞ്ഞത് എന്ന ചോദ്യത്തിന് ഉടനെ വന്നു മറുപടി.

"അമ്മേ ഉണ്ണിക്കുട്ടി മിസ്സിന്റെ കയ്യില്‍ നിന്നും ചോക്ലേറ്റ് കിട്ടാന്‍ വേണ്ടിയല്ലേ കരഞ്ഞത്. അത് കിട്ടിക്കഴിഞ്ഞപ്പോള്‍ കരച്ചിലും നിര്‍ത്തി."

കൊള്ളാം എന്റെ മോള്‍ തന്നെ..

എന്തായാലും വീണ്ടും ആ അന്തരീക്ഷത്തില്‍ എന്തിയപ്പോള്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വന്നത് ഒന്നാം ക്ലാസ്സിലെ ആദ്യ ദിവസമായിരുന്നു.

സ്ട്രെങ്ങ്ത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ടീച്ചറുടെ ജോലി പോകുമെന്ന് വീട്ടില്‍ വന്നു പറഞ്ഞത് കേട്ട് മനസ്സലിഞ്ഞു അച്ഛന്‍ എന്നെ തൊട്ടടുത്തുള്ള ഒരു L P സ്കൂളില്‍ ആണ് ചേര്‍ത്തത്. നാട്ടുകാര്‍ മിഷ്യന്‍ സ്കൂള്‍ എന്ന് വിളിച്ചിരുന്ന ആ സ്കൂളില്‍ നാലാം ക്ലാസ്സില്‍ മാത്രമേ കോണ്‍ക്രീറ്റ് ചെയ്ത നിലമുണ്ടായിരുന്നുള്ളൂ. മറ്റു മൂന്നു ക്ലാസ്സുകളിലും ചുവന്ന മണ്ണായിരുന്നു. വൈകുന്നേരം വീട്ടില്‍ പോകുമ്പോഴേക്കും കുട്ടികളുടെ കാലെല്ലാം ഇഷ്ടിക പണിക്കാരുടെ കാലുകള്‍ പോലെയായിട്ടുണ്ടാവും. അത് മാത്രമോ നാലാം ക്ലാസ്സ്‌ വരെ ഒരു ടെക്സ്റ്റ്‌ ബുക്ക്‌ പോലും അവിടെ പഠിക്കുന്ന കുട്ടികള്‍ കണ്ടിട്ടില്ല. ചില ടീച്ചര്‍മാര്‍ മാത്രം നന്നായി പഠിപ്പിക്കുമായിരുന്നു. പിന്നെയുല്ലവരെല്ലാം ഒരു "വഹ" തന്നെയായിരുന്നു.

അന്ന് ആദ്യത്തെ ദിവസം അച്ഛനും അമ്മയുമൊന്നും എന്റെ കൂടെ ഉണ്ടായിരുന്നില്ല. അതേ സ്കൂളിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന അടുത്ത വീടിലെ ഒരു ചേച്ചിയുടെ കൂടെയാണ് ഞാന്‍ പോയത്. അതില്‍ അന്ന് പ്രത്യേകിച്ച് വിഷമമൊട്ടു തോന്നിയതുമില്ല. കാരണം മിക്ക കുട്ടികളും എന്നെപ്പോലെ തന്നെ ഏതെങ്കിലും ചേച്ചിമാരുടെയോ ചേട്ടന്മാരുടെയോ കൂടെയാണ് വന്നിരുന്നത്. പക്ഷെ ഒറ്റയ്ക്ക് ആ ക്ലാസ്സില്‍ ഇരുന്നപ്പോള്‍, ചുറ്റും ഇരിക്കുന്ന കുട്ടികളെല്ലാവരും കരയുന്നത് കണ്ടപ്പോള്‍ ഞാനും ഒന്ന് സംശയിച്ചു . കരയണോ വേണ്ടയോ...

പെട്ടെന്നാണ് ആരോ കയ്യില്‍ മേല്‍ തോണ്ടിയത്. തിരിഞ്ഞു നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് തത്തമ്മപച്ച ശീലയുള്ള ഒരു കുടയും അതിന്റെ കടും ചുവപ്പ് പിടിയുമാണ്. പിന്നെയാണ് കുടയുടെ ഉടമസ്ഥനെ കണ്ടത്. തൊട്ടടുത്ത വീട്ടിലെ മാരാരുടെ മകന്‍ മനോജ്‌..

പിന്നെടങ്ങോട്ടു നാലാം ക്ലാസ്സ്‌ വരെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു സ്കൂളില്‍ പോയിരുന്നതും വന്നിരുന്നതും.

പിന്നെ അഞ്ചാം ക്ലാസ്സു മുതല്‍ പള്ളി സ്കൂള്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ചിറ്റാട്ടുകര സ്കൂളിലേക്ക് മാറിയപ്പോള്‍ എങ്ങനെയോ ആ കൂട്ടുകെട്ട് പിരിഞ്ഞു പോയി.. ആണ്‍കുട്ടികളോട് മിണ്ടുന്നതിനു പോലും വിലക്ക് കല്പ്പിക്കപെട്ടിരുന്ന ഒരു സ്കൂള്‍ ആയിരുന്നു അത്. (ഇപ്പോള്‍ അങ്ങനെയൊന്നുമില്ല എന്ന് തോന്നുന്നു.) അത് കൊണ്ട് തന്നെ പണ്ടത്തെ കളിക്കൂട്ടുകാരന്‍ ഓര്‍മ്മയില്‍ നിന്നും തന്നെ മാഞ്ഞു പോയിരുന്നു..

പിന്നെയും കുറെ കാലങ്ങള്‍ക്ക് ശേഷം പ്രീ-ഡിഗ്രിക്കെല്ലാം പഠിക്കുന്ന സമയത്താണ് പിന്നെയും ആ സൌഹൃദം പുനര്‍:ജീവിച്ചത്.

ഇപ്പോഴും ഒന്നാം ക്ലാസ്സിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് ഒരു പച്ച നിറമുള്ള കുടയും അതിന്റെ ചുവപ്പ് പിടിയുമാണ്.

എന്നും കുട്ടിയായി തന്നെയിരുന്നാല്‍ മതിയായിരുന്നു.. വളരേണ്ടിയിരുന്നില്ല എന്ന് പറഞ്ഞത് ഏതു കൂട്ടുകാരിയായിരുന്നു.. ഓര്‍മയില്ല...