Wednesday, 18 May 2016

വീണ്ടുമൊരു പെരുമഴക്കാലം....

 

യാദൃശ്ചികമായി ഫെയ്സ്ബുക്കില്‍ കണ്ട ഈ ഫോട്ടോ ഓര്‍മ്മകളെ ഒരുപാടു വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് കൊണ്ടു പോയി...

കണ്ണൊന്നടച്ചാല്‍ ഇപ്പോഴും കാണാം...

കാറ്റില്‍ കുട മുകളിലേക്ക് മറിയാതിരിയ്ക്കാന്‍ മഴയ്ക്കനുസരിച്ച് ചെരിച്ചു പിടിച്ച്..

തോളത്തെ തുണിസഞ്ചിയിലെ ബുക്കുകള്‍ നനയാതിരിയ്ക്കാന്‍ പരമാവധി ശരീരത്തോടു ചേര്‍ത്തു പിടിച്ച്...

ഒരു കൈ കൊണ്ട് ഫുള്‍പാവാട ഒരല്പം ഉയര്‍ത്തി പിടിച്ച്...

ഞാറപ്പറമ്പിലൂടെയും വഴുക്കലുള്ള പാടവരമ്പത്തു കൂടെയുമുള്ള ആ യാത്ര...

എത്രയൊക്കെ ശ്രദ്ധിച്ചാലും സ്കൂളിലെത്തുമ്പോഴേക്കും നനഞ്ഞ് കുളിച്ചിട്ടുണ്ടാവും... 

തണുത്തു വിറച്ചിരുന്ന ക്ളാസ്സുകള്‍...

തുലാവര്‍ഷ‌ക്കാലത്ത് വീട്ടിലേക്കുള്ള തിരിച്ചു യാത്രയില്‍ കൂടെ വരുന്ന ഇടിയും മിന്നലും എന്നും ഒരു പേടിസ്വപ്നമായിരുന്നു.... മിന്നലിന്റെ വെളിച്ചത്തില്‍ കണ്ണും പൂട്ടി ഒറ്റ  ഒാട്ടമാണ്...

ഒാര്‍മ്മയുടെ തിരശ്ശീലയില്‍ അടുത്ത് തെളിയുന്നത് മഴ നനഞ്ഞ് നില്‍ക്കുന്ന ശ്രീകൃഷ്ണകോളേജാണ്...

 മഴയത്ത് തീപ്പെട്ടി കൊള്ളികള്‍ അടുക്കി വെച്ച പോലെ കൂര്യാല്‍ ബസ്സിലൂടെയുള്ള കോളേജ്  യാത്ര... 

മാനം കറുക്കുമ്പോഴേക്കും ഇരുട്ട് നിറയുന്ന തൊഴുത്ത് എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന ആ സെക്കന്റ് D1 ക്ളാസ്സ് റൂം...

പിന്നെ L H ലെ ഫൈനല്‍ ബി.കോം ക്ളാസ്സ്... 

കാറ്റില്‍ പാറി വന്നിരുന്ന മഴത്തുള്ളികള്‍ നനയിപ്പിച്ചാലും ജനലരികത്ത് മാറിയിരിക്കാതെ...

കുട നനഞ്ഞാല്‍ ബാഗിലെങ്ങനെ വെക്കും എന്ന് പറഞ്ഞ് ചാറ്റല്‍ മഴ കൊണ്ട് നടക്കാന്‍ കൂടെ വന്ന കൂട്ടുകാരികള്‍...

പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജോലിക്കു പോയി തുടങ്ങിയപ്പോഴാണ് മഴയില്‍ കുളിച്ചു നില്‍ക്കുന്ന തേക്കിന്‍കാടിന്റെ സൗന്ദര്യം കണ്ടത്... 

ഹൈറോഡിലെ ഐഡിയ ഓഫീസിലിരുന്ന് പുറത്ത് പെയ്യുന്ന മഴയും കണ്ട് അക്ഷയയിലെ ചൂടുള്ള പഴംപൊരി വെട്ടി വിഴുങ്ങിയ നാളുകള്‍...

പിന്നെ ദുരിതമല്ലാതെ ഓര്‍ത്തു വെയ്ക്കാന്‍ ഒന്നും നല്‍കാത്ത 
ചെന്നൈയിലെ മഴക്കാലങ്ങള്‍..

2015 ഡിസംബറിനു ശേഷം മാനമൊന്നു കറുക്കുമ്പോഴേ ചെന്നൈനിവാസികളുടെ ഉള്ളില്‍ ചെറിയ ആശങ്കയും ഉയരുന്നു..

ഇവിടെ ഇപ്പോഴും മഴ തുടരുകയാണ്.. ശക്തിയായി പെയ്യുന്നില്ലെങ്കിലും ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയതാണ്... 

വെക്കേഷനില്‍ നാട്ടിലേക്ക് പോയ മോള്‍ ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞു 

''അമ്മേ എന്തു മഴയാ ഇവിടെ...ഫ്ളാഷ് അടിയ്ക്കുന്ന പോലെയാ മിന്നല്‍..'''

അതു പോലെ കോരിച്ചൊരിയുന്ന മഴയത്താണ് പണ്ടു സ്കൂളില്‍ പോയിരുന്നത് എന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് അത്ഭുതം..

''റിയലി അമ്മേ..!!!!?''

ഒരു മഴ താഴെ വീഴുമ്പോേക്കും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന ഇവിടെ വളരുന്ന, ആ വാര്‍ത്ത കേള്‍ക്കാനായി ന്യൂസ് കാണുന്ന മോളോട് എന്തു പറയാന്‍...

അമ്മയെപ്പോലെ ഓര്‍ത്തു വെക്കാന്‍ ഒരു നല്ല മഴക്കാലം പോലുമില്ലാതാണല്ലോ കുഞ്ഞേ നിനക്കു വളരേണ്ടി വരുന്നത്.. 

...............

മുകളില്‍ കാണിച്ച ഫോട്ടോ ആരെടുത്തതാണെന്ന് അറിയില്ല...പക്ഷേ ഒരൊറ്റ ഫോട്ടോയിലൂടെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് മനസ്സു കൊണ്ടെങ്കിലും പോയ് വരാന്‍ സഹായിച്ച ആ അജ്ഞാത സുഹൃത്തിനു നന്ദി...