Wednesday, 18 May, 2016

വീണ്ടുമൊരു പെരുമഴക്കാലം....

 

യാദൃശ്ചികമായി ഫെയ്സ്ബുക്കില്‍ കണ്ട ഈ ഫോട്ടോ ഓര്‍മ്മകളെ ഒരുപാടു വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് കൊണ്ടു പോയി...

കണ്ണൊന്നടച്ചാല്‍ ഇപ്പോഴും കാണാം...

കാറ്റില്‍ കുട മുകളിലേക്ക് മറിയാതിരിയ്ക്കാന്‍ മഴയ്ക്കനുസരിച്ച് ചെരിച്ചു പിടിച്ച്..

തോളത്തെ തുണിസഞ്ചിയിലെ ബുക്കുകള്‍ നനയാതിരിയ്ക്കാന്‍ പരമാവധി ശരീരത്തോടു ചേര്‍ത്തു പിടിച്ച്...

ഒരു കൈ കൊണ്ട് ഫുള്‍പാവാട ഒരല്പം ഉയര്‍ത്തി പിടിച്ച്...

ഞാറപ്പറമ്പിലൂടെയും വഴുക്കലുള്ള പാടവരമ്പത്തു കൂടെയുമുള്ള ആ യാത്ര...

എത്രയൊക്കെ ശ്രദ്ധിച്ചാലും സ്കൂളിലെത്തുമ്പോഴേക്കും നനഞ്ഞ് കുളിച്ചിട്ടുണ്ടാവും... 

തണുത്തു വിറച്ചിരുന്ന ക്ളാസ്സുകള്‍...

തുലാവര്‍ഷ‌ക്കാലത്ത് വീട്ടിലേക്കുള്ള തിരിച്ചു യാത്രയില്‍ കൂടെ വരുന്ന ഇടിയും മിന്നലും എന്നും ഒരു പേടിസ്വപ്നമായിരുന്നു.... മിന്നലിന്റെ വെളിച്ചത്തില്‍ കണ്ണും പൂട്ടി ഒറ്റ  ഒാട്ടമാണ്...

ഒാര്‍മ്മയുടെ തിരശ്ശീലയില്‍ അടുത്ത് തെളിയുന്നത് മഴ നനഞ്ഞ് നില്‍ക്കുന്ന ശ്രീകൃഷ്ണകോളേജാണ്...

 മഴയത്ത് തീപ്പെട്ടി കൊള്ളികള്‍ അടുക്കി വെച്ച പോലെ കൂര്യാല്‍ ബസ്സിലൂടെയുള്ള കോളേജ്  യാത്ര... 

മാനം കറുക്കുമ്പോഴേക്കും ഇരുട്ട് നിറയുന്ന തൊഴുത്ത് എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന ആ സെക്കന്റ് D1 ക്ളാസ്സ് റൂം...

പിന്നെ L H ലെ ഫൈനല്‍ ബി.കോം ക്ളാസ്സ്... 

കാറ്റില്‍ പാറി വന്നിരുന്ന മഴത്തുള്ളികള്‍ നനയിപ്പിച്ചാലും ജനലരികത്ത് മാറിയിരിക്കാതെ...

കുട നനഞ്ഞാല്‍ ബാഗിലെങ്ങനെ വെക്കും എന്ന് പറഞ്ഞ് ചാറ്റല്‍ മഴ കൊണ്ട് നടക്കാന്‍ കൂടെ വന്ന കൂട്ടുകാരികള്‍...

പിന്നെയും കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ജോലിക്കു പോയി തുടങ്ങിയപ്പോഴാണ് മഴയില്‍ കുളിച്ചു നില്‍ക്കുന്ന തേക്കിന്‍കാടിന്റെ സൗന്ദര്യം കണ്ടത്... 

ഹൈറോഡിലെ ഐഡിയ ഓഫീസിലിരുന്ന് പുറത്ത് പെയ്യുന്ന മഴയും കണ്ട് അക്ഷയയിലെ ചൂടുള്ള പഴംപൊരി വെട്ടി വിഴുങ്ങിയ നാളുകള്‍...

പിന്നെ ദുരിതമല്ലാതെ ഓര്‍ത്തു വെയ്ക്കാന്‍ ഒന്നും നല്‍കാത്ത 
ചെന്നൈയിലെ മഴക്കാലങ്ങള്‍..

2015 ഡിസംബറിനു ശേഷം മാനമൊന്നു കറുക്കുമ്പോഴേ ചെന്നൈനിവാസികളുടെ ഉള്ളില്‍ ചെറിയ ആശങ്കയും ഉയരുന്നു..

ഇവിടെ ഇപ്പോഴും മഴ തുടരുകയാണ്.. ശക്തിയായി പെയ്യുന്നില്ലെങ്കിലും ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയതാണ്... 

വെക്കേഷനില്‍ നാട്ടിലേക്ക് പോയ മോള്‍ ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞു 

''അമ്മേ എന്തു മഴയാ ഇവിടെ...ഫ്ളാഷ് അടിയ്ക്കുന്ന പോലെയാ മിന്നല്‍..'''

അതു പോലെ കോരിച്ചൊരിയുന്ന മഴയത്താണ് പണ്ടു സ്കൂളില്‍ പോയിരുന്നത് എന്നു പറഞ്ഞപ്പോള്‍ അവള്‍ക്ക് അത്ഭുതം..

''റിയലി അമ്മേ..!!!!?''

ഒരു മഴ താഴെ വീഴുമ്പോേക്കും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന ഇവിടെ വളരുന്ന, ആ വാര്‍ത്ത കേള്‍ക്കാനായി ന്യൂസ് കാണുന്ന മോളോട് എന്തു പറയാന്‍...

അമ്മയെപ്പോലെ ഓര്‍ത്തു വെക്കാന്‍ ഒരു നല്ല മഴക്കാലം പോലുമില്ലാതാണല്ലോ കുഞ്ഞേ നിനക്കു വളരേണ്ടി വരുന്നത്.. 

...............

മുകളില്‍ കാണിച്ച ഫോട്ടോ ആരെടുത്തതാണെന്ന് അറിയില്ല...പക്ഷേ ഒരൊറ്റ ഫോട്ടോയിലൂടെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക് മനസ്സു കൊണ്ടെങ്കിലും പോയ് വരാന്‍ സഹായിച്ച ആ അജ്ഞാത സുഹൃത്തിനു നന്ദി...


Wednesday, 16 December, 2015

ചെന്നൈ പ്രളയം

ഓരോ ചെന്നൈ നിവാസികളുടെയും ജീവിതത്തിനെ ഇപ്പോള്‍ രണ്ടായി പകുത്താം...

പ്രളയത്തിനു മുന്‍പും പ്രളയത്തിനു ശേഷവും..

കച്ച്, ലാത്തൂര്‍, കേദാര്‍നാഥ്, നേപ്പാള്‍... ഓരോ ദുരന്തവാര്‍ത്തകള്‍ പേപ്പറില്‍ വായിക്കുമ്പോഴോ ദൃശ്യങ്ങള്‍ ടി വി യില്‍ കാണുമ്പോഴോ ഒരിക്കലും തങ്ങള്‍ക്കായി കാലം കാത്തു വെച്ചിരിക്കുന്നതും അതു തന്നെയാണെന്ന് ആരും കരുതിയിരുന്നില്ല...

അല്ലെങ്കിലും ഓരോ ദുരന്തങ്ങള്‍ അറിയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ നാമോരുരുത്തരും ആശ്വസിക്കുന്നത് അത് നമുക്കു പറ്റിയില്ലല്ലോ എന്നാണല്ലോ....

അല്‍പം ഉയര്‍ന്ന പ്രദേശമായിരുന്നത്
കൊണ്ട് പ്രളയക്കെടുതി കാര്യമായി ബാധിച്ചില്ല... എന്നിട്ടും 5-6 ദിവസങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടാനായില്ല..

ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെറുമൊരു വിരല്‍ സ്പര്‍ശനത്തിനപ്പുറം എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യനെ പ്രകൃതി തന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കികൊടുത്തു...

3g പോയിട്ട് call ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ...

പക്ഷേ എല്ലാറ്റിനും മീതെ മനുഷ്യത്വം മരിച്ചിട്ടില്ല എ ന്ന് ലോകത്തിനു കാണിച്ചു കൊടുക്കാനും ഈ പ്രളയത്തിനു കഴിഞ്ഞു..

മെട്രോ നഗരത്തിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ തൊട്ടടുത്ത് താമസിക്കുന്നതാരെന്നു പോലും പലരും ഇതു വരെ ശ്രദ്ധിച്ചു കാണില്ല..എന്നിട്ടും താഴത്തെ നിലകളില്‍ വെള്ളം കയറിയപ്പോള്‍ പലര്‍ക്കും ആദ്യ സഹായം ലഭിച്ചത് മുകളില്‍ താമസിക്കുന്നവരില്‍ തന്നെയാണ്.. ജാതിയോ മതമോ ഭാഷയോ ഒന്നും ആരും പരിഗണിച്ചതേയില്ല..

 ന്യൂസ് ചാനലുകളുടെ സ്റ്റുഡിയോകളില്‍ ഇരുന്ന് നേതാക്കന്മാരും സാംസ്കാരിക നായകന്മാരും സഹിഷ്ണുതയെ ക്കുറിച്ച് ഘോരഘോരം വാചകക്കസര്‍ത്ത് നടത്തുമ്പോള്‍ ചെന്നൈവാസികള്‍ അതു പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു...

വീഴാതെ പിടിച്ചു നിന്നവര്‍ വീണുപോയവര്‍ക്ക് താങ്ങായി...

ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ തന്നെ അവര്‍ ഒത്തു കൂടി ഒന്നായി പ്രവര്‍ത്തിച്ചു...

സോഷ്യല്‍ മീഡിയകള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനും അനോണി അക്കൗണ്ടുകള്‍ ഉണ്ടാക്കി അന്യരെ തെറി വിളിക്കാനും ഉള്ളതല്ല, മറിച്ച് നാടിനും നാട്ടുകാര്‍ക്കും എങ്ങനെ ഉപകാരപ്രദമാക്കാമെന്നു തെളിയിച്ചു...

ന്യൂജനറേഷന്‍ എന്നാല്‍ ഏതുനേരവും സ്മാര്‍ട്ട് ഫോണില്‍ തോണ്ടിക്കൊണ്ടു നടക്കുന്ന വെറും യോ - യോ പിള്ളേര്‍ മാത്രമല്ല എന്നും തെളിയിച്ചു...

ഇവിടെ മാത്രമാണ് ദുരന്തത്തില്‍ അകപ്പെട്ടവരേക്കാള്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ കണ്ടത് എന്ന് ആര്‍മി ഓഫീസര്‍ പറഞ്ഞത് വെറുതെയല്ല..

ജീവിതത്തിനോടുള്ള കാഴ്ചപ്പാടില്‍ തന്നെ പലര്‍ക്കും മാറ്റം വന്നിരിക്കും..

നന്ദി എന്ന ഔപചാരിക വാക്ക് ഏറെ പേരോട് പറയാനുണ്ടാകും ചെന്നൈയ്ക്ക്...
ആരും ആവശ്യപ്പെടാതെ  തന്നെ ദുരന്തമുഖത്തു നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച പേരറിയാത്ത എത്രയോ പേര്‍...

വെള്ളം പൊങ്ങി പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബോട്ടുമായി വന്നവര്‍..

ഏതു പ്രതിസന്ധികളിലും നമുക്ക് തുണയേകുന്ന നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ആര്‍മി, എയര്‍ഫോഴ്സ്, നേവി വിഭാഗങ്ങള്‍...

ദുരിതബാധിതര്‍ക്കായി ഭക്ഷണവും വെള്ളവും വസ്തങ്ങളും മരുന്നുകളും നല്‍കിയ, ഇപ്പോഴും കൈയഴിച്ച് നല്‍കിക്കൊണ്ടിരിക്കുന്ന സുമനസ്സുകള്‍...

മൂന്നു ദിവസങ്ങളിലായി കേരളത്തിലേക്ക് 32 KSRTC ബസ്സുകള്‍  സൗജന്യമായി അനുവദിച്ച കേരള ഗവണ്മെന്റ്...

മുഖ്യമന്തിയുടെ ഫോട്ടോ ഒട്ടിച്ചാണെങ്കിലും  ബസ്സില്‍ നാലു നാളുകളില്‍ ചെന്നൈയില്‍ എവിടെയും സൗജന്യയാത്ര അനുവദിച്ച തമിഴ് നാട് ഗവണ്മെന്റ്..

കെടുതികളില്‍ നിന്നും കര കയറി വരുന്നേയുള്ളൂ ചെന്നൈ . വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം, മാലിന്യ  നിര്‍മാര്‍ജ്ജനം,രോഗപ്രതിരോധം, പകര്‍ച്ചവ്യാധി ഭീഷണി മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്..

പക്ഷേ എനിയ്ക്കുറപ്പുണ്ട് എല്ലാ  പ്രതിബന്ധങ്ങളെയുഃ മറികടന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചെന്നൈ ഉയര്‍ത്തെഴുന്നേല്‍ക്കും...

കാരണം നന്മയുടെയും ഒത്തൊരുമയുടെയും പുതുനാമ്പുകള്‍ ഇവിടെ അവശേഷിപ്പിച്ചാണ് പ്രളയജലം വിട്ടൊഴിഞ്ഞത്...

Tuesday, 30 December, 2014

ഉണ്ണിക്കുട്ടി ഉവാചഃ

ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. - ഏഷ്യാനെറ്റ് ന്യൂസ്

"ഓ പിന്നേ.... വല്യ കാര്യമായിപ്പോയി..മരിച്ച് കഴിഞ്ഞ് എത്ര രൂപ കിട്ടിയാലും എന്തു ചെയ്യാനാ.."

~~~~~~~~~~~~~~~~~~~~~~~~~~~~~~

"എന്റെ ഉണ്ണിക്കുട്ടീ, എന്താ ഈ തോര്‍ത്തുമുണ്ടില്‍ കാണിച്ചു വെച്ചിരിക്കുന്നേ...നിറയെ പൊട്ടും പെയിന്റും...പുതിയ തോര്‍ത്തുമുണ്ടല്ലേ ഇത്.....ഒന്നുമില്ലെങ്കിലും ഉണങ്ങാനിടുമ്പോള്‍ കാണുന്നവരെന്തു വിചാരിക്കും..."

(ശാന്തവും നിഷ്കളങ്കവുമായി) "എനിക്കറിയില്ല അച്ഛാ.. അവരെന്താ വിചാരിക്കുന്നത് എന്ന് അവര്‍ക്കല്ലെ അറിയൂ..''
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


"7days make one week..Then how many weeks will 21days make?"

"3 അല്ലേ അമ്മേ ആന്‍സര്‍?"

"അതേ.. പക്ഷേ അത് എങ്ങനാ കിട്ടിയത്?"

"multiplication"

"ഏ.... ഏതു നമ്പര്‍ തമ്മില്‍ മള്‍ട്ടിപ്ലൈ ചെയ്തു?"

"7×3=21 അല്ലേ?"

"അതു ശരിയാണ്... പക്ഷേ ക്വൊസ്റ്റ്യനില്‍ തന്നിരിക്കുന്നത് 7, 21 എന്ന നമ്പര്‍ മാത്രമല്ലേ... അപ്പോ എവിടെ നിന്നാ 3 കിട്ടിയത്... ക്വൊസ്റ്റ്യനില്‍ തന്നിരിക്കുന്ന നമ്പര്‍ വച്ചല്ലേ ആന്‍സര്‍ കണ്ടു പിടിക്കേണ്ടത്."

"അതു തന്നെയല്ലേ ഞാനും ചെയ്തത്..."

"അതെങ്ങനെയാ....3 എന്ന ആന്‍സര്‍ കിട്ടണമെങ്കില്‍ 21നെ 7കൊണ്ട് ഡിവൈഡ് ചെയ്യുകയല്ലേ വേണ്ടത്".

"അതിന് അമ്മയല്ലേ പറഞ്ഞിരിക്കുന്നത് ഡിവിഷന്‍ ടൈമില്‍ മള്‍ട്ടിപ്ലിക്കേഷന്‍ ടേബിള്‍ യൂസ് ചെയ്യണമെന്ന്. അപ്പോ ഇതു മള്‍ട്ടിപ്ലിക്കേഷന്‍ പ്രോബ്ലം അല്ലേ."

"അതൊക്കെ ശരി തന്നെ..പക്ഷേ 3 എന്ന് ആന്‍സര്‍ കിട്ടിയത് എങ്ങനാ? ക്വസ്റ്റ്യനില്‍ തന്നിരിക്കുന്നത് 7ഉം 21ഉം അല്ലേ. അപ്പോ  അത് മാത്രം വെച്ചല്ലേ ചെയ്യേണ്ടത്."

"അയ്യോ എന്‍റെ അമ്മേ..അതു തന്നെയല്ലേ ഞാനും ചെയ്തത്..7×3=21.  പിന്നെ 3അതിലില്ലാത്തതു കൊണ്ടല്ലേ അതു  കണ്ടുപിടിക്കേണ്ടി വരുന്നത്..അതിനല്ലേ മള്‍ട്ടിപ്ലിക്കേഷന്‍ യൂസ് ചെയ്തത്.."Sunday, 15 June, 2014

ഇങ്ങനെയും ഒരു പരൂക്ഷാ....

തിയ്യതി - 13-06-2014

സ്ഥലം - വേല്‍സ് അക്കാദമി, പല്ലാവരം, ചെന്നൈ.

വേദി - ഇന്‍ഫോെടക് ബ്ളോക്കിന്റെ  ഒന്നാം നിലയിലെ അഞ്ചാം നമ്പർ മുറി


സമയം - രാവിലെ 9.10 - ഇന്‍വിജിലേറ്റര്‍ മുറിയിലേക്ക് കടന്നു വരുന്നു. പരീക്ഷ എഴുതാന്‍ 
വന്നവരെല്ലാം പേന, പെന്‍സില്‍, സ്കെയില്‍ തുടങ്ങിയ കിടുതാപ്പുകള്‍ മാത്രം ഡെസ്കിന്‍ മേല്‍ 
എടുത്ത് വെച്ച് ബാഗുകള്‍ ക്ളാസ് റൂമിന് പുറത്ത് കൊണ്ടു വയ്ക്കുന്നു. ചില വിവരദോഷികള്‍ 
മാത്രം അവസാനമായി ഒരിക്കല്‍ കൂടി ബുക്ക് തിരിച്ചും മറിച്ചും നോക്കുന്നു. 
അവരെ നോക്കി ഇത്ര നാളും പഠി യ്ക്കാന്‍ പറ്റാത്തതാണോ ഈ രണ്ടു മിനിറ്റു കൊണ്ടു 
പഠിയ്ക്കുന്നേ എന്ന് ആത്മഗതം ഉരുവിടുന്നു.


9.15 - ക്വൊസ്റ്റ്യന്‍ പേപ്പര്‍ തരുന്നു. ഇതുവരെ ഉണ്ടായിരുന്ന പാറ്റേണില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുളള ചോദ്യങ്ങള്‍... മനസ്സില്‍ കുറേ ലഡ്ഡുകള്‍ ഒരുമിച്ചു പൊട്ടി... ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെ പൂര്‍വികരെ മനസ്സില്‍ ഓർത്തു.... എന്തൊരു മനഃസുഖം....


9.30 - ആന്‍സര്‍ ഷീറ്റ് തരുന്നു.


9.30-9.45 - ആദ്യപേജിലെ OMR ഭാഗം വളരെ ശ്രദ്ധിച്ച് പൂരി പ്പിയ്ക്കുന്നു. (അത്രയും സമയം 
പോയി കിട്ടുമല്ലോ). 


9.45-9.50 -  മറ്റുള്ളവരുടെ ഭാവങ്ങൾ ശ്രദ്ധിയ്ക്കുന്നു. എല്ലാവരും ----പോയ അണ്ണാനെ പോലെ 
ഇരിയ്ക്കുന്നു..


9.50 - 10.00 - എന്തെങ്കിലും എഴുതേണ്ടെ എന്ന് സ്വയം ഓർമ്മിപ്പിയ്ക്കുന്നു . ചോദ്യങ്ങളെല്ലാം ഒരു 
തവണ കൂടി വായിച്ചു നോക്കുന്നു..ഏതാണ്  ആദ്യം എഴുതേണ്ടതെന്ന കണ്‍ഫ്യൂഷൻ...


10.00 - ഒടുവിൽ കണ്ണടച്ചു പേന കൊണ്ട് ചോദ്യപേപ്പറിൽ കുത്തി. കണ്ണ് തുറന്നു ഏതാ ചോദ്യം 
എന്ന് നോക്കി ആ നമ്പർ പേപ്പറിൽ എഴുതുന്നു. ഒപ്പം ഉത്തരവും...


10.00 - 10.15 - പിന്നെയും രണ്ടു മൂന്ന് ചോദ്യങ്ങൾക്കു വളരെ പതുക്കെ ഉത്തരമെഴുതുന്നു....ഒരാൾ 
വന്നു എല്ലാവർക്കും ഓരോ കുപ്പി വെള്ളം കൊണ്ട് വയ്ക്കുന്നു...


10.15 - 10.20  - കുപ്പി മെല്ലെ തുറന്നു വെള്ളം കുടിയ്ക്കുന്നു..


10.20 - 10.30  ഇന്‍വിജിലേറ്റര്‍ആൻസർ ഷീറ്റിൽ സൈൻ ചെയ്യാനും ബാർ കോഡ് സ്റ്റിക്കർ 
ഒട്ടിയ്ക്കാനും ഓരോ ആളുടെയും അടുത്തു വരുന്നത് നോക്കിയിരിയ്ക്കുന്നു...


10.30 -10.40   - ഇന്‍വിജിലേറ്റര്‍ അടുത്തു വന്നു. ആദ്യ പേജ് ഫിൽ ചെയ്തത് ശരിയല്ലേ എന്ന് 
പരിശോധിച്ച് സൈൻ ചെയ്ത് ബാർ കോഡ് സ്റ്റിക്കർ ഒട്ടിച്ചു പോയി..

10.40  - 10.45  - ബാർ കോഡ് സ്റ്റിക്കറിൽ എന്തൊക്കെയാ പ്രിൻറ് ചെയ്തിരിക്കുന്നത് എന്ന് 
നോക്കുന്നു,..


10.45 - 11.00 - വേറെ ഒരു ചോദ്യത്തിന് കൂടി ഉത്തരമെഴുതുന്നു..


11.00 - 11.05 - കുപ്പി തുറന്നു കുറച്ചു വെള്ളം കൂടി കുടിയ്ക്കുന്നു...കുപ്പിയുടെ മുകളിലെ സ്റ്റിക്കർ 
വിശദമായി പരിശോധിയ്ക്കുന്നു...കാഞ്ചീപുരത്തുള്ള ഒരു ഫാക്ടറിയിലാണ് ബോട്ട്ലിംഗ് എന്ന് മനസിലാക്കുന്നു...


11.05 - 11.15 - ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ട് മുഴുവൻ മനസ്സിൽ പാടി നോക്കുന്നു....


11.15 - 11.20 - ചുറ്റും നോക്കുന്നു...ഓരോരുത്തരുടെ മുഖഭാവം ശ്രദ്ധിയ്ക്കുന്നു...


11.20 - 11.25 - തൊട്ടടുത്തിരിയ്ക്കുന്ന പയ്യനെ നോക്കുന്നു..പാവം ആദ്യമായാണ് ICWA എക്സാം 
എഴുതുന്നത് എന്ന് തോന്നുന്നു..ജീവിതം തന്നെ കോഞ്ഞാട്ടയായ പോലെയുള്ള ഇരിപ്പ്... വേദനിയ്ക്കുന്ന ഒരു ബു.ജി....


11.25  - പത്തു മിനിട്ട് കൂടി കഴിഞ്ഞു എഴുന്നേറ്റു പോകാമെന്ന് തീരുമാനിയ്ക്കുന്നു..പേന 
വെയ്ക്കുന്ന പൌച്ച്  ബെഞ്ചിന്മേൽ നിന്ന് എടുക്കുന്നു..പൌച്ച് നനഞ്ഞിരിയ്ക്കുന്നത് കണ്ട് 
ബെഞ്ചിൽ സൂക്ഷ്മ പരിശോധന നടത്തുന്നു..വേദനിയ്ക്കുന്ന ബു.ജി.വച്ച വെള്ള൦  ബോട്ടിൽ മറിഞ്ഞു വീണ് ബെഞ്ചിൽ ആകെ വെള്ളം..പൌച്ച് മാത്രമല്ല ചുരിദാറിന്റെ ടോപും ഷാളും 
നനഞ്ഞിരിയ്ക്കുന്നു എന്ന സത്യം തിരിച്ചറിയുന്നു..ബു.ജി. സോറി പറയുന്നു..തിരിച്ചു പറയാൻ 
വന്ന മറുപടി മനസ്സിൽ തന്നെ പറഞ്ഞു തീർത്തു ....
ഇനിയെങ്ങനെ ഉടനെ പുറത്തിറങ്ങും. ഡ്രെസ്സിന്റെ ബാക്ക് കണ്ടാൽ പേപ്പർ കണ്ടു പേടിച്ചു മൂത്രമോഴിച്ചതാണെന്നു ആളുകൾ കരുതൂല്ലേ..

ഫാനിന്റെ കാറ്റ് നന്നായി കിട്ടുന്ന സൈഡിലേക്ക് അഡ്ജസ്റ്റ് ചെയ്തിരുന്നു....

11.30 - 11.35 - എന്തായാലും കുറച്ചു നേരം കൂടി ഇരുന്നേ പറ്റൂ..എങ്കിൽ പിന്നെ എന്തെങ്കിലും എഴുതിയാലോ എന്നോർക്കുന്നു ...പക്ഷെ എന്തെഴുതും...അറിഞ്ഞാലല്ലേ ...

ഓഡിറ്റർ - അപ്പന്റോയിന്റ്റ്മെന്റും റിമൂവലും ഒക്കെ സെക്ഷൻ സഹിതം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പഠിച്ചതാ...എന്നിട്ട് ഒരു മാർക്കിന്റെ ഒരു ചോദ്യമെങ്കിലും ഉണ്ടായോ...

അറ്റ കൈയ്ക്ക് ചോദിചില്ലെങ്കിലും അതൊക്കെ എഴുതി വച്ചാലോ എന്ന് കരുതുന്നു..അതൊക്കെ ചോദിയ്ക്കേണ്ടതു അവരുടെ കടമയായിരുന്നു..അതവർ ചെയ്തില്ല എന്ന് കരുതി നമ്മുടെ കടമ നമ്മൾ ചെയാതിരിക്കരുതല്ലോ....

അല്ലെങ്കിൽ പണ്ട് ഡിഗ്രി എക്സാമിനു ചെയ്ത പോലെ ചോദ്യ പേപ്പർ മൊത്തം പകർത്തി വച്ചാലോ എന്നും ആലോചിക്കുന്നു. അന്ന് ഹോട്ടൽ മാനേജ്മെന്റ് പേപ്പറിൽ 40 മാർക്ക് കിട്ടിയതല്ലേ...

അടുത്ത നിമിഷം തന്നെ അത് വേണ്ട എന്ന് വയ്ക്കുന്നു..ഒന്നുമില്ലെങ്കിലും ഇതൊരു പ്രൊഫഷണൽ എക്സാം അല്ലേ അതിന്റെ ഒരു സ്റ്റാൻഡേർഡ് കാണിക്കേണ്ടെ എന്നോർക്കുന്നു....


11.35 - 11.40 - മുന്നിലിരിക്കുന്ന കുട്ടിയുടെ തലയിലെ ക്ലിപ് നോക്കുന്നു..ഇത് കൊള്ളാമല്ലോ...നല്ല ഭംഗിയുണ്ട്... ആ കുട്ടി ഒന്ന് ചുമച്ചു..കുപ്പി തുറന്നു വെള്ളം കുടിക്കുന്നു..ഒരു മിനിട്ടാകുമ്പോഴേക്കും വീണ്ടും ചുമക്കുന്നു...വെള്ളം കുടിക്കുന്നു....ഇതൊരു നാലഞ്ചു തവണ ആവർത്തിക്കുന്നു .....


11.40 - ചുരിദാർ ഉണങ്ങിയോ എന്ന് നോക്കുന്നു..കുറച്ചു കൂടി ഉണങ്ങാനുണ്ട്....ചോദ്യ പേപ്പറിൽ ഒന്ന് കൂടി കണ്ണോടിയ്ക്കുന്നു..

പരിചയം തോന്നിയ ഒരു ചോദ്യത്തിന് ഉത്തരം എഴുതാമെന്ന് കരുതുന്നു...

11.45 - ഉത്തരം എഴുതാൻ തുടങ്ങിയപ്പോൾ ഈ പേന പോര എന്ന് കരുതുന്നു...പൌച്ചിൽ നിന്നും വേറെ പേന എടുക്കുന്നു....

11.45 - 11.50 - സ്വന്തമായി സെക്ഷനും പ്രൊവിഷൻസും കണ്ടുപിടിച്ച് ഉത്തരമെഴുതുന്നു...

11.50 - എഴുതി എഴുതി കൈ കഴഞ്ഞതിനാൽ വിരലുകളിൽ ഞൊട്ടയിടുന്നു....ചുരിദാർ ഉണങ്ങി എന്ന് ഉറപ്പു വരുത്തുന്നു...

11.55 - ഇന്‍വിജിലേറ്റര്‍ ലാസ്റ്റ് 35 മിനിറ്റ്സ് എന്ന് ഉറക്കെ പറയുന്നു.. എന്തു കൊണ്ടോ 3 idiots ലെ എക്സാം ഹാൾ സീൻ ഓർമ്മ വന്നു....

ചിരിക്കാതിരിക്കാൻ കർചീഫ് കടിച്ചു പിടിച്ചു ശ്രമിക്കുന്നു....ബു.ജി.അന്തം വിട്ടു നോക്കുന്നു...വട്ടായോ എന്ന ഒരു ചോദ്യം അങ്ങേരുടെ മുഖത്തുള്ള പോലെ....

12.00 - ഒരു വിധത്തിൽ ചിരിയടക്കി ആൻസർ ഷീറ്റ് ഇന്‍വിജിലേറ്ററിനെ ഏൽപ്പിച്ച് പേനയും അഡ്മിറ്റ്‌ കാർഡും ഐ ഡി കാർഡും എടുത്ത് പുറത്തിറങ്ങുന്നു...വാൽക്കഷ്ണം 

ഏകദേശം 9 വർഷങ്ങൾക്കു ശേഷമാണ് ഒരു എക്സാം എഴുതാൻ പോകുന്നത്...മറ്റു പിള്ളേർ ഒറ്റക്കൈയിൽ താങ്ങാനാവാത്ത വലിയ റ്റെക്സ്റ്റും പിടിച്ചു നടക്കുന്ന കണ്ടപ്പോൾ മക്കളെ ഇതൊക്കെ ആരംഭ ശൂരത്വമാണേ എന്ന് മനസ്സിൽ പറഞ്ഞു...നമ്മളിതെത്ര ജൂണ്‍ - ഡിസംബർ കണ്ടതാ....

തിരിച്ചു വരുമ്പോൾ രാജമാണിക്യത്തിലെ ഡയലോഗ് ഓർത്തു 

"ICWA പുലിയാണ് കേട്ടാ ....ഇനീം ഒരു വരവു കൂടെ വരേണ്ടി വരും...." (ഒന്നിൽ നിന്നാ മതിയായിരുന്നു)Wednesday, 4 June, 2014

ചെറിയൊരു നോസ്റ്റാൾജിക് ഫീലിംഗ്

ഒരു കാലമുണ്ടായിരുന്നു....

ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ...
പൂക്കളോടും അണ്ണാറക്കണ്ണനോടും കളി പറഞ്ഞ്....
കൂട്ടുകാരോടൊപ്പം സ്കൂളിലേക്കും തിരിച്ചും പതിയെ നടന്ന്... 
ഇടവപ്പാതിയിൽ നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ വരമ്പിലൂടെ വഴക്ക് കേൾക്കുവോളം നടന്ന്...
കുളത്തിൽ മതി വരുവോളം നീന്തിക്കുളിച്ച്...
അടുത്തുള്ള അമ്പലത്തിൽ തൊഴുത്‌...
കൊയ്തു വച്ച കറ്റകൾക്കിടയിലൂടെ അമ്മയുടെ ശകാരം വക വയ്ക്കാതെ ഓടി നടന്ന്...
പത്തായപ്പുരയിൽ നെല്ല് പുഴുങ്ങുമ്പോൾ ആ ഗന്ധവും ആസ്വദിച്ച്...
വയറു നിറയെ മാമ്പഴവും പിന്നെ ഉപ്പും മുളകും കൂട്ടി പച്ച മാങ്ങയും കഴിച്ച്....

പിന്നെ കുറച്ച് കൂടി വളർന്നപ്പോൾ ആ ബാല്യ കൌതുകങ്ങൾ പലതും പുതുമയില്ലാത്തതായി...

പിന്നെ കോളേജ്...
ഒരു പാട് സുഹൃത്തുക്കളെ നേടി തന്ന കലാലയം....
ജീവിതത്തിലെ ഏറ്റവും മധുരം നിറഞ്ഞ ദിനങ്ങൾ......
ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അന്ന് അറിയാതെ പോയ നിമിഷങ്ങൾ....

ഒരു ഡിഗ്രിയുമായി ക്യാമ്പസിന് പുറത്തേക്കിറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ...

ഉപരി പഠനം... എത്രയും പെട്ടെന്ന് ഒരു ജോലി..മനസ്സിലെ പ്രണയത്തിനു വീട്ടുകാരുടെ അനുവാദം...

മാസത്തിൽ ഒരു തവണയെങ്കിലും ഗുരുവായൂരപ്പന്റെ നടയിൽ നിന്നും തൊഴണം....

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ കടന്നു പോകുന്നതിനിടയിൽ എന്തൊക്കെ .സംഭവിച്ചു...

മനപ്പൂർവമല്ലെങ്കിലും പല സൌഹൃദങ്ങളും പാതി വഴിയിൽ മുറിഞ്ഞു പോയി...

ഏറ്റവും കൂടുതൽ ഗുരുവായൂരപ്പന്റെ മുന്നിൽ പ്രാർഥിച്ച പോലെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ ആ തിരുനടയിൽ വച്ച് തന്നെ പ്രണയസാക്ഷാത്കാരം...

അതിജീവനത്തിനു വേണ്ടി തിരഞ്ഞെടുക്കേണ്ടി വന്ന പ്രവാസ ജീവിതം...

കൊച്ചു കൊച്ചു പിണക്കവും ഇണക്കവും ഇഴ നെയ്ത ജീവിതത്തിന്  ശരിയായ് അർത്ഥവും ദിശയുമേകി കൊണ്ട് വിരിഞ്ഞ രണ്ട് കുരുന്നു പൂക്കൾ...

ഇതിനിടയിലെപ്പോഴാണ്  ജീവിതവും യാന്ത്രികമായത്..അറിയില്ല...ചുവരിൽ തറച്ച ക്ലോക്കിലെ കറങ്ങുന്ന സൂചികൾക്കൊപ്പം ചിട്ടയൊപ്പിച്ച ദിനരാത്രികൾ...

ആശിച്ചു കിട്ടുന്ന വിരലിലെണ്ണാവുന്ന വെക്കേഷൻ നാട്ടിൽ ചിലവഴിച്ച് കണ്ണടച്ചു തുറക്കും മുൻപേ തീരുമ്പോൾ തിരിച്ചു വരുന്ന നേരത്ത് മോളുടെ നിറയുന്ന കണ്ണുകൾ കണ്ടില്ലെന്നു നടിച്ച്...വീട്ടിൽ ചെന്നിട്ടു ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് മനപ്പൂർവം ആലോചിച്ച്....

പക്ഷെ പണ്ട് ഗുരുവായൂരപ്പന്റെ മുൻപിൽ നിന്നും പ്രാർഥിച്ചതിനും സ്വപ്നം കണ്ടതിനും എത്രയോ മേലെയാണ് ഈ ജീവിതം...പറയത്തക്ക അല്ലലുകളില്ലാതെ....

ഇന്ന് പാതിയിൽ മുറിഞ്ഞു പോയ പല സൌഹൃദങ്ങളും സോഷ്യൽ മീഡിയയുടെ സഹായത്താൽ വിളക്കി ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്..

എന്നാലും തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപെടുന്നുണ്ടോ....ഉണ്ടായിരിക്കാം.. പക്ഷെ അതൊക്കെ ആലോചിക്കാൻ എവിടെ നേരം അല്ലേ...

 Wednesday, 19 June, 2013

elephant വൈൽഡ്‌ animal ആണോ domestic animal ആണോ

"അമ്മേ ഈ wild animals, domestic  animals  എന്നൊക്കെ പറഞ്ഞാൽ എന്താ?"

"കാട്ടിൽ ജീവിയ്ക്കുന്ന മൃഗങ്ങളെയാണ് wild animals എന്ന് പറയുന്നത്. domestic animals എന്ന് വച്ചാൽ നാട്ടിൽ കാണുന്ന മൃഗങ്ങൾ. അതായത് നമ്മൾ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ."

"നാളെ 5 wild animals ന്റെയും 5 domestic animalsന്റെയും പേരുകൾ പഠിച്ചു വരാൻ പറഞ്ഞിട്ടുണ്ട് ടീച്ചർ."

"അതിനെന്താ.... ഉണ്ണിക്കുട്ടിയ്ക്കു അറിയാവുന്ന wild animals ഏതൊക്കെയാ ?"

"Lion, Tiger, Fox  പിന്നെ...പിന്നെ..."

"Elephant..."

"എലിഫന്റോ ?"

"ആ..elephant.."

"അതെങ്ങനെയാ അമ്മേ elephant wild animal ആകുന്നത്‌?"

"പിന്നല്ലാതെ..ആന കാട്ടിലല്ലേ ജീവിയ്ക്കുന്നത് ?"

"എന്നിട്ട് ഞാൻ നാട്ടിൽ പോയപ്പോൾ അവിടെ ആനയെ കണ്ടല്ലോ. ഗുരുവായൂർ അമ്പലത്തിൽ കാണുന്ന ആനകളെ അവിടെ വളർത്തുന്നതല്ലെ. അപ്പോൾ ആന wild animal അല്ലല്ലോ, domestic animal അല്ലേ?"

"....."

"അമ്മേ എന്താ ഒന്നും മിണ്ടാത്തെ? elephant എന്ന് wild animalsന്റെ പേരിന്റെ കൂടെയാണോ അതോ domestic animalsന്റെ കൂടെയാണോ ഞാൻ പപറയേണ്ടത്?"

"നമുക്കൊരു കാര്യം ചെയ്യാം. elephant എന്ന് രണ്ടിന്റെ കൂടെയും പറയേണ്ട. മറ്റു animalsന്റെ പേര് പറഞ്ഞാൽ  മതിട്ടോ.."Wednesday, 15 May, 2013

ഒരു പരേതാത്മാവിന്റെ പരാതി

കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വന്നപ്പോൾ ചോറ്റാനിക്കര അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ കണ്ടതാ.....എങ്ങനെയുണ്ട്?