Sunday, 14 August, 2011

പാഠം ഒന്ന്‌ - ഒരു വിലാപം (രണ്ടു പെണ്‍മക്കളുള്ള ഒരമ്മയുടെ)


രണ്ടാമത്തെ കുഞ്ഞും പെണ്‍കുഞ്ഞാണെന്നറിഞ്ഞപ്പോള്‍ സത്യമായും വളരെ സന്തോഷമാണു തോന്നിയത്‌. കാരണം രണ്ടു പേരും എന്നും കൂട്ടായിരിയ്ക്കുമല്ലോ. പക്ഷെ വിവരമറിഞ്ഞ പലരുടെയും ആദ്യത്തെ പ്രതികരണം "അയ്യോ രണ്ടും പെണ്‍മക്കളായി അല്ലേ" എന്നായിരുന്നു. ആണായാലും പെണ്ണായാലും ഇന്നത്തെ കാലത്ത്‌ എന്ത്‌ വ്യത്യാസമാണു ഉള്ളത്‌. രണ്ടായാലും നന്നായി പഠിപ്പിയ്ക്കണ്ടേ എന്നു തിരിച്ചു ചോദിച്ചപ്പോള്‍ എന്നാലും കല്യാണം കഴിപ്പിച്ചയയ്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമില്ലല്ലോ എന്ന്‌ മറുപടിയും കിട്ടി.

സ്വര്‍ണത്തിനു ദിവസേനയെന്നോണം വിലയേറിക്കൊണ്ടിരിയ്ക്കുമ്പോള്‍ അങ്ങനെ ചിന്തിയ്ക്കുന്നവരെ കുറ്റം പറയാനും ഒക്കുകയില്ല.

പക്ഷെ അതെല്ലാം ചുരുങ്ങിയതു ഒരു 18-19 വര്‍ഷത്തിനു ശേഷമുള്ള കാര്യം. ഇപ്പൊള്‍ അതിലും വലിയ ടെന്‍ഷന്‍ തോന്നുന്നതു ദിവസവും പേപ്പര്‍ വായിക്കുമ്പോഴാണ്

കൊച്ചു കുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന കാമഭ്രാന്തന്‍മാര്‍....

പേരക്കുട്ടിയുടെ പ്രായം പോലുമില്ലാത്ത കുരുന്നിനെ ലൈംഗികാസക്തിയോടെ സമീപിയ്ക്കാന്‍ മടിയില്ലാത്ത കിളവന്‍മാര്‍....

സഹോദരനും കളിക്കൂട്ടുകാരനും സഹപാഠിയും അധ്യാപകനും എന്നു വേണ്ട എന്തിനു സ്വന്തം അച്ഛന്‍ പോലും എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണത്തിനു തയാറായേയ്ക്കാം അതു കൊണ്ടു കരുതിയിരിയ്ക്കുക എന്നു മകളോടു പറഞ്ഞു കൊടുക്കേണ്ട ഗതികേടിലാണൂ ഒരോ അമ്മയും...

എല്ലാ ദു:ഖങ്ങള്‍ക്കും സ്വാന്തനമാകേണ്ട അമ്മ തന്നെ സ്വന്തം കാമുകണ്റ്റെ മുന്നിലേക്കു മകളെ തള്ളിവിടാനും മടിയ്ക്കുന്നില്ല..

എവിടെയാണു കുഴപ്പം സംഭവിയ്ക്കുന്നത്‌..

വാല്‍മാക്രിയേയും മീനിനെയും കാണിച്ചു തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു നാലര വയസ്സുകാരിയെ പീഡനശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയ പ്രതിയ്ക്കു പ്രായം വെറും പത്തു വയസ്സെയുള്ളു, അബധത്തില്‍ സംഭവിച്ചതാണെങ്കിലും മൃതദേഹം ഒളിപ്പിയ്ക്കാനും ചെയ്ത കുറ്റം മറച്ചു വയ്ക്കാനും അവന്‍ കാണിച്ച മിടുക്ക് ഒരു മുതിര്‍ന്ന കുറ്റവാളിയുടേതു തന്നെയാണു. 

അച്ഛന്‍ കൊണ്ടു വന്നിരുന്ന നീല ചിത്രങ്ങളുടെ സിഡി ഒളിച്ചിരുന്നു കണ്ടാണു അവന്‍ അതൊന്നു പരീക്ഷിച്ചു നോക്കിയതു എന്നു കൂടി കേള്‍ക്കുമ്പോഴാണു നമ്മുടെ കുട്ടികള്‍ എന്തൊക്കെ അവസ്ഥകളിലൂടെയാണു കടന്നു പോകുന്നത്‌ എന്നു അറിയുന്നത്‌,, 

ഇവിടെ ആരാണു യഥാര്‍ത്‌ഥത്തില്‍ കുറ്റക്കാരന്‍? 

മനോരമ ദിനപത്രത്തില്‍ കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു ഫീച്ചര്‍ വന്നിരുന്നു..കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളും കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളും.. അതു വായിച്ച എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു - "ഞാന്‍ അതു ആദ്യത്തെ രണ്ടു ദിവസമെ വായിച്ചുള്ളു. പിന്നീടു വായിയ്ക്കാന്‍ പേടി തോന്നുന്നു," (അവള്‍ക്കും രണ്ട്‌ പെണ്‍ കുട്ടികളാണു) 

പീഡന വാര്‍ത്ത നമുക്കൊരു പുതുമയല്ലാതായിരിയ്ക്കുന്നു.ദിവസവും മൂന്നും നാലും പീഡനങ്ങള്‍ നടക്കുന്ന സ്ഥിതിയിലെയ്ക്കു നമ്മള്‍ വളര്‍ന്നിരിയ്ക്കുന്നു  എന്‍ ഐ എഫ്‌ ഇ യുടെ പരസ്യ വാചകം പോലെ നമ്മുടെ നാടും പുരോഗമിയ്ക്കുന്നുണ്ട്‌.

പത്രത്തില്‍ കാണുന്നതെല്ലാം നാട്ടിലെ കാര്യമല്ലേ, ഇവിടെ ചെന്നൈയില്‍ ഇതു പോലൊന്നും നടക്കുകയില്ല എന്നു ആശ്വസിച്ചതിന്റെ പിറ്റേന്ന് 

--"എല്‍കെജി വിദ്യാര്‍ത്‌ഥിനിയെ പീഡിപ്പിച്ച സ്കൂള്‍ വാന്‍ ഡ്രൈവറെ അറസ്റ്റ്‌ ചെയ്തു" 

പത്തു പന്ത്രണ്ടു വയസ്സയ കുട്ടികളെ കുറെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. പക്ഷേ, അഞ്ചു വയസ്സുകാരി മകളോട് സമൂഹമൊന്നടങ്കം ചെന്നായയെപ്പോലെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിയ്ക്കുകയാണെന്ന് എങ്ങനെ പറയും

Thursday, 26 May, 2011

അങ്ങനെ ഞാനും ഒരു കംഗാരു ആയി...

അമ്മ നാട്ടില്‍ പോയതോടെ പുറത്തു എവിടെ പോയാലും മക്കളെ രണ്ടു പേരെയും കൂട്ടിയെ പറ്റു എന്നായി. മൂത്തവളെ പ്രശ്നമില്ല. ബൈക്കിന്റെ ഫ്രന്റില്‍ ഇരുത്താം. ബട്ട്‌, കുഞ്ഞുവാവയെയും പിടിച്ചു പിന്നില്‍ ഇരിയ്ക്കാന്‍ പറ്റുന്നില്ല.  ആളുടെ കൈകാലുകള്‍ ഏതു നേരവും പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുന്നതിനാല്‍ ശരിയ്ക്ക് ബാലന്‍സ് കിട്ടുന്നില്ല. 

തോ ക്യാ കരൂ എന്ന് കൂലംകഷമായി ചിന്തിച്ചപ്പോഴാണ് --

മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..

ഒരു ബേബി കാരിയര്‍ വാങ്ങാം...വാങ്ങി..

സാധനം വീട്ടില്‍ എത്തിയ ഉടനെ തന്നെ പരീക്ഷിച്ചു നോക്കി.

കാര്യം ബക്കിള്‍ എല്ലാം ഇട്ടു വാവയെ അതിനുള്ളില്‍ ഇറക്കിയിരുത്തിക്കഴിഞ്ഞപ്പോള്‍ ഒരു കംഗാരു ഫീല്‍ വന്നെങ്കിലും പുള്ളിക്കാരത്തി നല്ല ഹാപ്പിയായി നന്നായി ചിരിച്ചോണ്ടിരുന്നു. മാത്രമല്ല നമുക്കൊരു സെക്യൂരിറ്റിയും തോന്നും.

സാധനത്തിന്റെ കവറില്‍ ഒരു പേപ്പര്‍ കൂടിയുണ്ടായിരുന്നു. യൂസ് ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍. 

വായിച്ചു നോക്കിയപ്പോള്‍ എനിയ്ക്കൊന്നും മനസ്സിലായില്ല..ഭാഷ ഏതാണെന്ന് പോലും..

ഇത് ഏതു ഭാഷയാണെന്നും ഇതിന്റെ അര്‍ത്ഥമെന്താണെന്നും ദയവു ചെയ്ത്‌ ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്...... 

(ചിത്രത്തില്‍ കിള്‍ക്കിയാല്‍ വലുതായി കാണാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ)

ഈ വാഷിംഗ്‌ പൌഡര്‍ എവിടെ കിട്ടും എന്നറിയാമോ?

Monday, 16 May, 2011

തൃശ്ശൂര്‍ പൂരം

ഇന്നു തൃശ്ശൂര്‍   പൂരം...

വര്‍ണ്ണക്കാഴ്ചകളുടെയും മേളപ്പെരുക്കങ്ങളുടെയും വിസ്മയപ്പൂരം.... 

ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ പൂരം കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ തൃശ്ശൂര്‍ പൂരത്തിനെ കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്‌ എഴുതാനുമാവില്ല.. 

എന്നാലും ഓരോ വര്‍ഷവും പൂരം വന്നണയുമ്പോള്‍ ഇവിടെ ചെന്നെയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും അറിയാതെ പോകാറില്ല. 

ഒരിക്കലും കണ്ടിട്ടില്ല എങ്കിലും ഓരോ പൂരവും ഓര്‍മ്മകളുടെ വേലിയേറ്റക്കാലം കൂടിയാണ്‌...നഷ്ടപ്പെടലുകളുടെ ഒരു കണക്കെടുപ്പു കാലം.. 

മേടമാസത്തിലെ പൂരം നാളിലാണു തൃശ്ശൂര്‍ പൂരം ആഘോഷിക്കുന്നത്‌ എങ്കിലും അതിനും എത്രയോ മുന്‍പ്‌ തന്നെ തൃശൂര്‍കാര്‍ക്ക്‌ പൂരത്തിരക്കു തുടങ്ങിയിരിയ്ക്കും. അതു കൊണ്ടു തന്നെയായിരിയ്ക്കും കണ്ടിട്ടില്ലെങ്കിലും പൂരമടുക്കുമ്പോള്‍ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നതും. 

പണ്ടു "മണ്ടന്‍മാര്‍ ലണ്ടനില്‍" എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സംവിധായകന്‍ സത്യന്‍ അന്തിക്കാടിണ്റ്റെ മനസ്സ്‌ പൂരപ്പറമ്പിലായിരുന്നു എന്ന്‌ വായിച്ചിട്ടുണ്ട്‌.

അത്രയ്ക്കൊന്നും അവകാശപ്പെടാനില്ലെങ്കിലും പൂരം എനിയ്ക്കും ഒരു നൊള്‍സ്റ്റാള്‍ജിയ തന്നെയാണ്‌..

പൂരത്തിന്റെ   തലേന്നാള്‍ വരെ സ്വരാജ്‌ റൌണ്ടിലും തേക്കിന്‍ കാട്‌ മൈതാനത്തും അലഞ്ഞു നടന്നതും പാറമേക്കാവു ഭഗവതിയെയും വടക്കുംനാഥനെയും തൊഴുതതും പൂരത്തിന്റെ വരവു വിളിച്ചറിയിച്ചെത്തുന്ന എക്സിബിഷനില്‍ ചുറ്റി നടന്നതും ഒടുവില്‍ പൂരത്തലേന്നു സി.എം.എസ്‌. സ്കൂളിലെ ചമയപ്രദര്‍ശനവും....

അങ്ങനെ വിരുന്നു വരുന്ന ഓര്‍മ്മകള്‍ എന്തെല്ലാം.. 

ഐ സി ഡബ്ളിയു എ പഠിയ്ക്കുന്ന കാലം മുതലാണു തൃശ്ശൂര്‍   നഗരത്തെ അടുത്തറിഞ്ഞത്‌..അതു വരെ തൃശ്ശൂര്‍   എന്നാല്‍ ദൂരെയുള്ള ഒരു നഗരം. എല്ലാ വര്‍ഷവും സാധാരണയായി രണ്ടു തവണ മാത്രം പോകാറുള്ള ഒരു സ്ഥലം. പൂരക്കാലത്തെ എക്സിബിഷന്‍ കാണാനും പിന്നെ മധ്യവേനലവധിയ്ക്കു നാട്ടില്‍ വന്ന കസിന്‍സ്‌ ബോംബെയിലേയ്ക്കു തിരിച്ചു പോകുമ്പോള്‍ യാത്രയാക്കാനും...

പിന്നീടു ഐഡിയയില്‍ ജോലി കിട്ടിയപ്പോള്‍ ആ നഗരത്തോടുള്ള ആത്മബന്ധം വളര്‍ന്നു.. 

പുതിയ ഒരു സ്ഥലത്തു ചെല്ലുമ്പോള്‍ ആദ്യം അറിഞ്ഞിരിയ്ക്കേണ്ടതു ആ സ്ഥലത്തെ പ്രധാന ഹോട്ടലുകളും സിനിമാതിയേറ്ററുകളും ഏതൊക്കെയാണ്‌ എന്ന് പറഞ്ഞു തന്നത്‌ വല്യച്ഛനാണ്. കൂട്ടുകൂടി സിനിമ കാണുന്നതിനോട് എന്ത് കൊണ്ടോ വലിയ താല്പര്യമില്ലായിരുന്നു. അത് കാരണം  ആദ്യത്തെ വിഭാഗത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 

റൌണ്ട് സൌത്തിലെ വര്‍ക്കീസ്‌ സൂപ്പര്‍മാര്‍ക്കെറ്റ്, ഇന്ത്യന്‍ കോഫീ ഹൌസ്, കുറുപ്പം റോഡിനടുത്തുള്ള ജയ പാലസ്, ഡിലൈറ്റ്സ്, ഭാരത് ഹോട്ടല്‍, വുഡ് ലാണ്ട്സ്, പത്തന്‍സ്, മുനിസിപ്പല്‍ സ്ടാന്റിലെ ജയ, തൃശ്ശൂര്‍കാരുടെ മുന്നില്‍ രുചിഭേദങ്ങള്‍ക്ക് എന്തെല്ലാം പേരുകള്‍ ... (അല്ലെങ്കിലും തീറ്റ റപ്പായിയുടെ നാട്ടില്‍ ഹോട്ടലുകള്‍ക്ക് പഞ്ഞമുണ്ടാകുമോ?)

ഇന്ത്യന്‍ കോഫി ഹൌസിലെ കട് ലറ്റിന്റെ രുചി വേറെ എവിടെയുമില്ലാത്തത് എന്ത് കൊണ്ടാണ്  ? അത് പോലെ ഭാരതിലെ ദോശയുടെ വലുപ്പം, ഒരാള്‍ക്ക് കഴിക്കാനാവുന്നതിലും അധികമുള്ള ജയ പാലസിലെ ബിരിയാണി...

ഐഡിയയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഹൈറോഡിലെ  'അക്ഷയ'-യില്‍ നിന്നും ചൂടുള്ള ബജ്ജിയും പഴംപൊരിയും വരുത്തി കഴിച്ചിരുന്ന വൈകുന്നേരങ്ങള്‍... 

നഷ്ടങ്ങളുടെ കണക്കുക്കള്‍ ഒരിക്കലും അവസാനിക്കുന്നതല്ല.. 

നടക്കുമോയെന്നറിയില്ല എങ്കിലും മനസ്സില്‍ ഒരു മോഹമുണ്ട്‌.. 

ഒരിക്കല്‍ ഞാനും പോകും.. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം കാണും...മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളവും മതി വരുവോളം ആസ്വദിയ്ക്കും... അസ്തമയ സൂര്യന്റെ പൊന്‍ തിളക്കത്തില്‍ കുടമാറ്റവും രാത്രിയില്‍ മാനത്തെ വര്‍ണ്ണപ്പൂരവും കാണും..

        *******  ******* *******  *******  *******  *******  *******  *******
ഇന്നലെ രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പ് കഥ കേള്‍ക്കണമെന്ന് വാശി പിടിച്ച നാലര വയസ്സുകാരി മോള്‍ക്ക്‌ പൂരത്തിനെക്കുറിച്ചു തന്നെ പറഞ്ഞു കൊടുത്തു. ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കാനാവാതെ വിഷമിച്ച ചെറു പൂരങ്ങളെഎല്ലാം ചേര്‍ത്ത് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂര്‍ പൂരം തുടങ്ങിയതൊക്കെ വളര വിശദീകരിച്ചു തന്നെ പറഞ്ഞു..എല്ലാം കേട്ട് കഴിഞ്ഞു ഒരു പത്തു മിനിട്ടിനു ശേഷം:

" അമ്മേ, അമ്മ ഉറങ്ങിയോ?"

"ഇല്ല, എന്തേ?"

"അപ്പോള്‍ നാളെ ഉണ്ണിക്കുട്ടിയ്ക്ക് പുതിയ ഡ്രസ്സ്‌ എടുക്കണം."

"അതെന്തിനാ?"

"നാളെ തൃശൂര്‍ പൂരമല്ലേ ?"

"........"

"അമ്മേ, ഞാന്‍ പറഞ്ഞത് കേട്ടില്ലേ?"

"മിണ്ടാതെ കിടന്നുറങ്ങടീ ....പുതിയ ഡ്രസ്സ്‌..."

Monday, 18 April, 2011

ചൈനാ ടൌണ്‍


ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണു തിയേറ്ററില്‍ പോയി സിനിമ കാണുന്നത്‌.- ചൈന ടൌണ്‍. 3-4 കിലോമീറ്റര്‍ മാത്രമെ ദൂരമുള്ളൂ എന്നതു കൊണ്ട്‌ സെക്കണ്റ്റ്‌ ഷോയ്ക്കാണു പോയതു. ഒപ്പം നാലര വയസ്സുകാരി മകളെയും കൂടെ കൂട്ടി. ആദ്യമായി തിയേറ്ററില്‍ പോകുന്നതിന്റെ  ത്രില്ലില്‍ ആയിരുന്നു അവള്‍.

ചൈന ടൌണ്‍ എന്ന സിനിമ ഒരിക്കലും ഒരു ക്ളാസ്സിക്‌ സിനിമയല്ല. കിലുക്കവും തേന്‍മാവിന്‍ കൊമ്പത്തും ചിത്രവുമായെല്ലാം ഈ സിനിമയെ ഒന്നു താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. എന്നാലും രണ്ടര മണിക്കൂറ്‍ മറ്റെല്ലാം മറന്നു പൊട്ടിച്ചിരിയ്ക്കാനാണു സിനിമ കാണുന്നതു എന്നു കരുതുന്നവരെ ഒരു 75%-80% വരെ തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ഇതിലുണ്ട്‌ എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നതു. പ്രത്യേകിച്ചും കോമെഡി എന്ന പേരിറങ്ങുന്ന പേക്കൂത്തകള്‍ പലതും കാണുമ്പോള്‍. പിന്നെ റാഫി മെക്കാര്‍ട്ടിന്‍ ഇതിനു മുന്‍പു സംവിധാനം ചെയ്ത "ലൌവ്‌ ഇന്‍ സിംഗപ്പൂറ്‍", "ഹലോ" "പാണ്ടിപ്പട" തുടങ്ങിയ സിനിമകളെക്കാള്‍ എത്രയോ മെച്ചമാണു ചൈന ടൌണ്‍.

കോമഡികള്‍ ചിലതെല്ലാം വളിപ്പായിരുന്നെങ്കിലും സുരാജിന്റെ  ഒന്നോ രണ്ടോ ഡയലോഗൊഴിച്ചു ദ്വയാര്‍ത്ഥമുള്ള തമാശകളല്ല എന്നതു തന്നെ വലിയ കാര്യമല്ലേ. പിന്നെ സുരാജിനു കിട്ടിയിരുന്ന പല മുന്‍ കഥാപാത്രങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ഇതെല്ലാം എത്ര ഭേദം.

പിന്നെ കാവ്യാ മാധവനെ മോഹന്‍ലാലിന്റെ നായികയാക്കിയതു കുറച്ചു കടുത്തു പോയി, അതു പോലെ 25 വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഫ്ളാഷ്‌ ബായ്ക്കില്‍ നിന്നും കഥ തുടങ്ങുമ്പോള്‍ മോഹന്‍ലാലിനു മിനിമം 15 വയസ്സുണ്ടായിരിക്കും. പിന്നീടു കാണിക്കുന്ന വലിയ മോഹന്‍ലാലിനു അപ്പോള്‍ കൂടിപ്പോയാല്‍ 40 വയസ്സ്‌. (25+15). അതും കുറച്ചു കടുപ്പം തന്നെ.

സിനിമയെക്കുറിച്ചു പറയാനാണെങ്കില്‍ ഇതൊരിക്കലും ഒരു നിരൂപണമല്ല. ഒരു സിനിമ റിലീസായാല്‍ അതിനെക്കുറിച്ച്‌ ആധികാരികമായി നിരൂപിയ്ക്കാന്‍ അറിയാവുന്നവര്‍ ബൂലോകത്തു ഒരു പാടു പേര്‍ ഉള്ളപ്പോള്‍ അങ്ങനെയൊരു സാഹസത്തിനു ഞാന്‍ മുതിരുന്നില്ല. നിരൂപണ സൈറ്റുകളെ കുറ്റപ്പെടുത്തുകയല്ല. പക്ഷെ ചിലപ്പോഴെങ്കിലും ഏതു സിനിമയിറങ്ങിയാലും അതിനു എന്തെങ്കിലും ഒരു കുറ്റം പറഞ്ഞില്ലെങ്കില്‍ അതു ബുദ്ധിജീവികളുടെ ലക്ഷണമല്ല എന്നു കരുതുന്നവരാണോ മിക്ക നിരൂപകരും എന്നു സംശയം തോന്നിപ്പോകും.

 ഉദാഹരണത്തിനു രോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്ത "ഇവിടം സ്വര്‍ഗമാണു" എന്ന സിനിമ..വളരെയധികം കാലിക പ്രസക്തിയുള്ള ഒരു വിഷയമാണല്ലോ ആ സിനിമ കൈകാര്യം ചെയ്യുന്നതു. റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ അഴിമതികളും കള്ളക്കളികളും വെളിച്ചത്തു കൊണ്ടു വരുന്ന ഒരു ചിത്രം..വിഷയത്തിണ്റ്റെ പിരിമുറുക്കം നഷ്ടപെടാതിരിയ്ക്കാനായിരിയ്ക്കാം ഒരു പാട്ടു പോലും സംവിധായകന്‍ ഇതിലുള്‍പ്പെടുത്തിയിട്ടില്ല. ഈ സിനിമയുടെ നിരൂപണത്തില്‍ ഇതൊരു പ്രധാന പോരായ്മയായാണു പറഞ്ഞത് . പലപ്പോഴും കുറ്റം പറയാന്‍ വേണ്ടി മാത്രമായിപ്പോകുന്നു പല നിരൂപണങ്ങളും. 

ടി പി ബാലഗൊപാലന്‍ എം എ, ചിത്രം, ഭരതം, വെള്ളാനകളുടെ നാട്‌, മിഥുനം, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പൊന്തന്‍മാട്‌, തനിയാവര്‍ത്തനം, വാത്സല്യം, കുടുംബപുരാണം, സസ്നേഹം, ഇന്നലെ, തേന്‍മാവിന്‍ കൊമ്പത്ത്‌....ഫാന്‍സ്‌ അസ്സോസിയേഷനുകളും നിരൂപകരും സജീവമാകുന്നതിനു മുന്‍പു ഇവിടെ ഇറങ്ങിയിരുന്ന ഈ സിനിമകളൊന്നും വിജയിച്ചതു മേല്‍പ്പറഞ്ഞ രണ്ടു കൂട്ടരുടെയും സഹായം കൊണ്ടായിരുന്നില്ല. നല്ല സിനിമയെ സ്നേഹിച്ചിരുന്ന ഒരു സമൂഹം അന്നു താരമൂല്യം കണക്കാക്കിയായിരുന്നില്ല സിനിമ കണ്ടിരുന്നതു. ഒരു പക്ഷെ ഇന്നാണു ഈ സിനിമകള്‍ റിലീസ്‌ ചെയ്തതെങ്കില്‍ മുടക്കിയ പണം പോലും തിരിച്ചു കിട്ടുമോയെന്നു തന്നെ സംശയമാണു. അത്രയ്ക്കാണല്ലോ ഫാന്‍സ്‌ അസ്സോസിയേഷനുകളുടെയും ചില നിരൂപകരുടെയും സഹായങ്ങള്‍. 

ഇതിന്റെ അര്‍ത്ഥം എല്ലാ നിരൂപകരും ചുമ്മാ എന്തെങ്കിലും പടച്ചു വിടുന്നവരാണു എന്നല്ല. 100 സിനിമയിറങ്ങിയാല്‍ അതില്‍ കാണാന്‍ കൊള്ളവുന്നത്‌ വെറും അഞ്ചോ ആറോ മാത്രമായിരിക്കും. പക്ഷെ ആ അഞ്ചോ ആറോ പോലും മോശമാണെന്നു പറയുന്നവരുണ്ടല്ലൊ "നിരൂപകര്‍" എന്ന പേരില്‍ എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു കരുതുന്നവര്‍. അവര്‍ക്കും ഫാന്‍സ്‌ അസ്സോസിയേഷണ്റ്റെ പേരില്‍ പേക്കൂത്തു നടത്തുന്നവര്‍ക്കും മലയാള സിനിമയെ ഇന്നത്തെ ഈ അവസ്ഥയിലാക്കിയതിനു ഒരു പ്രധാന പങ്കുണ്ട്‌. 

കൂടെ ഒരു സിനിമയില്‍ ക്ളാപ്പടിച്ച പരിചയം വെച്ചു എനിക്കെല്ലാം അറിയാം, ഞാനും ഒന്നു സംവിധാനിച്ചു നോക്കട്ടെ (സി വി രാമന്‍പിള്ളയുടെ ധര്‍മ്മരാജയിലെ ചന്ത്രക്കാറന്‍ എന്ന കഥാപാത്രം "ഞാന്‍ ഭരിച്ചാലും ഭരുമോ എന്നു നോക്കട്ടെ" എന്നു പറയുന്ന പോലെ) എന്നും കരുതി സംവിധായകന്റെ തൊപ്പി വയ്ക്കുന്നവരും വിദേശത്തു പോയി കഷ്ടപെട്ടു സമ്പാദിച്ച പണം കൊണ്ടു പ്രശസ്തനാകാന്‍ വേണ്ടി ഒരു പടം പിടിച്ചു കളയാമെന്നു കരുതുന്ന നിര്‍മ്മതാക്കളും കൂടിയാകുമ്പോള്‍ മലയാള സിനിമയുടെ പതനമ്പൂര്‍ത്തിയാകുന്നു, 

സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റിനു വേണ്ടി ഓടുന്നതിനിടയില്‍ കഥയെക്കുറിച്ചെല്ലാം ശ്രദ്ധിക്കാന്‍ എവിടെ നേരം?. എല്ലാം കാണാന്‍ വിധിക്കപെട്ട നല്ല സിനിമയെ സ്നേഹിയ്ക്കുന്ന ഒരു ചെറിയ ശതമാനത്തിണ്റ്റെ രോദനങ്ങള്‍ ആരു കേള്‍ക്കുന്നു? 

*********** ********** ********** 

എന്റെ  ജീവിതത്തില്‍ ഒരു സിനിമ കണ്ടിട്ടെ ചിരിച്ചു ചിരിച്ചു വയറു  വേദനിച്ചിട്ടുള്ളതു..നിര്‍ഭാഗ്യവശാല്‍ അതു മലയാള സിനിമയല്ല - 3 ഇഡിയറ്റ്സ്‌ എന്ന ഹിന്ദി പടമാണു. ചിത്രവും കിലുക്കവുമൊന്നും മറന്നിട്ടല്ല. പക്ഷെ 3 ഇഡിയറ്റ്സ്‌ കണ്ടിട്ടേ തുടക്കം മുതല്‍ ഒടൂക്കം വരെ എല്ലാം മറന്നു ചിരിച്ചിട്ടുള്ളു. 

പക്ഷെ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ എത്ര തവണ കണ്ടിട്ടും മതിവരാത്ത , പുതുമ നശിക്കാത്ത സിനിമ ഏതെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ ഞാന്‍ പറയും - മനസ്സിനക്കരെ, ക്ളാസ്മേറ്റ്സ്‌.

 *********** ********** ********** 

സി ഡി കടക്കാരന്റെ വാക്‌ ചാതുരിയില്‍ വീണു ഒരിക്കല്‍ നവി വാങ്ങിച്ചു കൊണ്ടു വന്നത്‌ - ദ്രോണ 2010. താടിയ്ക്കു കയ്യും കൊടുത്തിരുന്ന്‌ അതു കാണുന്ന നവിയോടു മോള്‍ ചോദിച്ചു- 

" അച്ഛന്‍ എന്താ ചെയ്യുന്നതു" 

വളരെ ദയനീയമായി നവി മറുപടി പറഞ്ഞു - "അച്ഛന്‍ ഒരു സിനിമ കാണുകയാണു മോളെ.. "

പിന്നീടു ആ സി ഡി കടക്കാരനെ കണ്ടപ്പോള്‍ നവി പറഞ്ഞു-"ചേട്ടാ ദ്വേഷ്യമുണ്ടെങ്കില്‍ അതു പറഞ്ഞു തീര്‍ക്കാമായിരുന്നില്ലെ.. ഇങ്ങനെയൊരു ചതി വേണ്ടിയിരുന്നില്ല"

Thursday, 3 March, 2011

ഒടുവില്‍ ഞാന്‍ വന്നൂട്ടോ..

 അങ്ങനെ ഇരുട്ടു മൂടിയ ഈ മുറിയില്‍ നിന്നും ഒടുവില്‍ പുറത്തു വരാനുള്ള സമയമായിരിക്കുന്നു, ആരൊക്കെയാണു എന്നെ കാത്തിരിക്കുന്നത്‌,,,,,,,,,,അമ്മ, അച്ഛന്‍, ഒരു കുഞ്ഞു ചേച്ചി.. പിന്നെയും പേരറിയാത്ത ആരൊക്കെയോ....

2 - 3 മണിക്കൂറുകളായി പാവം അമ്മ വേദന സഹിയ്ക്കുന്നു.ഇനിയും പുറത്തു വരാതിരിയ്ക്കാന്‍ വയ്യ. അയ്യോ ഇതെന്താ പുറത്തേയ്ക്കു വരാനുള്ള വഴി ഇപ്പൊഴും പാതിയടഞ്ഞിരിയ്ക്കുകയാണല്ലോ. തല വച്ച്‌ നന്നായൊന്നു ഇടിച്ചു നോക്കിയാലോ.. പാവം അമ്മയ്ക്കു നല്ല വേദനയുണ്ടെന്നു തോന്നുന്നു, കൃഷ്ണാ എന്നു വിളിച്ചു കൊണ്ടു നിശബ്ദം കരയുകയാണു,

അല്ല ഇതെന്താ ഡോക്ടര്‍ ആണ്റ്റി അമ്മയുടെ വയറിന്‍മേല്‍ എന്തൊക്കെയോ ചുറ്റിയിരിക്കുന്നത്‌..ഒാ എണ്റ്റെ ഹൃദയമിടിപ്പു അറിയാന്‍ വേണ്ടിയാണല്ലേ.. 

 ടപ്പ്‌..ടപ്പ്‌..ടപ്പ്‌.. 

ഹൃദയമിടിപ്പു കൂടി വരികയാണെന്നു ഡോക്ടര്‍ ആണ്റ്റി വേവലാതിപ്പെടുന്നുണ്ടല്ലോ. അതു കേട്ട്‌ അമ്മ പിന്നെയും കരയുകയാണോ.. 

വേണ്ട അമ്മേ കരയണ്ടാട്ടോ.. ഞാന്‍ ഇപ്പോള്‍ വരൂലോ.. 

പക്ഷേ ഈ വഴി ഇങ്ങനെ അടഞ്ഞു തന്നെ ഇരുന്നാലെങ്ങനെ...അയ്യൊ ശ്വാസം മുട്ടുന്നല്ലോ.. ഇതെന്താ ഡോക്ടര്‍ ആണ്റ്റി അമ്മയെക്കൊണ്ടു ഏതോ പേപ്പറുകളില്‍ ഒപ്പിടീയ്ക്കുന്നവല്ലോ..എല്ലാവരും കൂടി എണ്റ്റെ അമ്മയെ എങ്ങോട്ടാ ഉരുട്ടി കൊണ്ടു പോകുന്നത്‌... 

ഇപ്പോള്‍ അമ്മ എവിടെയോ കിടക്കുകയാണല്ലോ...ആരുടെയൊക്കെയോ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. 

അല്ല ഇതെന്താ പെട്ടെന്നു എവിടെ നിന്നും വരുന്നു ഈ കുഞ്ഞു വെളിച്ചം..അയ്യോ ആരുടെ കൈകളാണു എന്നെ വന്നു തൂക്കിയെടുത്തത്‌.. 
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം എങ്ങൂം... തണുത്തിട്ടു വയ്യ,,,
ഞാന്‍ അമ്മയെ വിളിച്ചു ഉറക്കെ കരയാന്‍ ശ്രമിച്ചു.. 
ള്ളേ...ള്ളേ...ള്ളേ... 
ഞാന്‍ തന്നെയാണോ ഈ കരഞ്ഞതു,,ആരൊക്കെയാണു ചുറ്റിലും..അമ്മ എവിടെപ്പോയി...ഞാന്‍ അമ്മയെ വിളിച്ചു കരയുന്നതു കേള്‍ക്കുന്നില്ലേ..... 

ആരാണു എന്നെ തുടച്ച്‌ ഉടുപ്പെല്ലാം ഇടുവിയ്ക്കുന്നത്‌,,

ഇപ്പോള്‍ ആരോ എന്നെ ചേര്‍ത്തു പിടിച്ചിരിയ്ക്കുകയാണു. ഇതാരാണപ്പാ ഈ പ്രായമായ സ്ത്രീ.. ഓ ഇതാണോ എണ്റ്റെ അമ്മൂമ്മ.. കൂടെയുള്ള ഈ മീശക്കാരനായിരിയ്ക്കും എണ്റ്റെ അച്ഛന്‍.... 

കുറച്ചു നേരം കൂടി ആരുടെയൊക്കെയോ കൈകളിലൂടെ സഞ്ചരിച്ച ശേഷം ഒടുവില്‍ അമ്മയുടെ അടുത്തേയ്ക്ക്‌..അമ്മയുടെ ചൂടും പറ്റിക്കിടന്നു പാലും കുടിച്ചു കൊണ്ട്‌ എപ്പോഴോ വീണ്ടും ഉറങ്ങിപ്പോയി.. 

പിന്നെയും കൂറെ നാളുകള്‍... 

ഒരു നാള്‍ പതിവില്ലാതെ രാവിലെ തന്നെ എന്നെ കുളിപ്പിച്ചു. അതു വരെ വെള്ള നിറമുള്ള ഉടുപ്പുകള്‍ മാത്രമേ എന്നെ ഇടീച്ചിരുന്നുള്ളു, പക്ഷെ അന്നു ഇളം ചുവപ്പു നിറമുള്ള ഒരു കുഞ്ഞു ഉടുപ്പാണു അമ്മ എന്നെ ഇടുവിച്ചത്‌. 

അല്‍പം കഴിഞ്ഞപ്പോള്‍ കുറെ ആളുകളൊക്കെ വന്നു. അച്ഛന്‍ എന്നെ മടിയില്‍ വച്ചു കൊണ്ടിരുന്നു. അമ്മയും അമ്മൂമ്മയും ചേര്‍ന്നു എനിയ്ക്കു വയമ്പു തന്നു. കണ്ണെഴുതി. രണ്ട്‌ കയ്യിലും കരിവളയിട്ടു തന്നു. പിന്നെ സ്വര്‍ണ്ണ മാല, വള, തള... 

പിന്നെ അച്ഛന്‍ എണ്റ്റെ ചെവിയില്‍ മൂന്നു വട്ടം പേരു ചൊല്ലി വിളിച്ചു - "അര്‍ച്ചിത"

അങ്ങനെ എനിയ്ക്കൂം ഒരു പേരായി.

ഇപ്പോള്‍ എന്തൊരു സുഖമാണു. ഒന്നു കരയുമ്പോഴേയ്ക്കും ഓടി വരുവാനും താലോലിയ്ക്കാനും എത്ര ആളുകള്‍..അമ്മ..അമ്മൂമ്മ..അച്ഛന്‍..പിന്നെ ഒരു കുഞ്ഞു ചേച്ചിയും... 


Monday, 10 January, 2011

ഫസ്റ്റ് എയിഡ്‌ ബോക്സ്‌

വരവേല്‍പ്പ് എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയിലെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ രംഗം മലയാളികള്‍ക്ക് ഒരിയ്ക്കലും മറക്കാന്‍ പറ്റാത്തതാണ്.
ഫസ്റ്റ് എയിഡ്‌ ബോക്സില്‍ മരുന്നുകള്‍ക്ക് പകരം തോര്‍ത്തുമുണ്ടും പല്‍പ്പൊടിയും സൂക്ഷിച്ചതിന് ശ്രീനിവാസന്‍ മോഹന്‍ലാലിന്‍റെ ബസ്സിന്റെ RC ബുക്ക്‌ പിടിച്ചെടുക്കുന്നു.


അങ്ങനെയെങ്കില്‍ ഇതിനുള്ള ശിക്ഷ എന്തായിരിക്കണം...?
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*
*

ഒരു MTC (Madras Transport Corporation) ബസ്സിലെ ഫസ്റ്റ് എയിഡ്‌  ബോക്സ്‌. (മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്)

Saturday, 1 January, 2011