Monday, 18 April 2011

ചൈനാ ടൌണ്‍


ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണു തിയേറ്ററില്‍ പോയി സിനിമ കാണുന്നത്‌.- ചൈന ടൌണ്‍. 3-4 കിലോമീറ്റര്‍ മാത്രമെ ദൂരമുള്ളൂ എന്നതു കൊണ്ട്‌ സെക്കണ്റ്റ്‌ ഷോയ്ക്കാണു പോയതു. ഒപ്പം നാലര വയസ്സുകാരി മകളെയും കൂടെ കൂട്ടി. ആദ്യമായി തിയേറ്ററില്‍ പോകുന്നതിന്റെ  ത്രില്ലില്‍ ആയിരുന്നു അവള്‍.

ചൈന ടൌണ്‍ എന്ന സിനിമ ഒരിക്കലും ഒരു ക്ളാസ്സിക്‌ സിനിമയല്ല. കിലുക്കവും തേന്‍മാവിന്‍ കൊമ്പത്തും ചിത്രവുമായെല്ലാം ഈ സിനിമയെ ഒന്നു താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. എന്നാലും രണ്ടര മണിക്കൂറ്‍ മറ്റെല്ലാം മറന്നു പൊട്ടിച്ചിരിയ്ക്കാനാണു സിനിമ കാണുന്നതു എന്നു കരുതുന്നവരെ ഒരു 75%-80% വരെ തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ഇതിലുണ്ട്‌ എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നതു. പ്രത്യേകിച്ചും കോമെഡി എന്ന പേരിറങ്ങുന്ന പേക്കൂത്തകള്‍ പലതും കാണുമ്പോള്‍. പിന്നെ റാഫി മെക്കാര്‍ട്ടിന്‍ ഇതിനു മുന്‍പു സംവിധാനം ചെയ്ത "ലൌവ്‌ ഇന്‍ സിംഗപ്പൂറ്‍", "ഹലോ" "പാണ്ടിപ്പട" തുടങ്ങിയ സിനിമകളെക്കാള്‍ എത്രയോ മെച്ചമാണു ചൈന ടൌണ്‍.

കോമഡികള്‍ ചിലതെല്ലാം വളിപ്പായിരുന്നെങ്കിലും സുരാജിന്റെ  ഒന്നോ രണ്ടോ ഡയലോഗൊഴിച്ചു ദ്വയാര്‍ത്ഥമുള്ള തമാശകളല്ല എന്നതു തന്നെ വലിയ കാര്യമല്ലേ. പിന്നെ സുരാജിനു കിട്ടിയിരുന്ന പല മുന്‍ കഥാപാത്രങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ഇതെല്ലാം എത്ര ഭേദം.

പിന്നെ കാവ്യാ മാധവനെ മോഹന്‍ലാലിന്റെ നായികയാക്കിയതു കുറച്ചു കടുത്തു പോയി, അതു പോലെ 25 വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഫ്ളാഷ്‌ ബായ്ക്കില്‍ നിന്നും കഥ തുടങ്ങുമ്പോള്‍ മോഹന്‍ലാലിനു മിനിമം 15 വയസ്സുണ്ടായിരിക്കും. പിന്നീടു കാണിക്കുന്ന വലിയ മോഹന്‍ലാലിനു അപ്പോള്‍ കൂടിപ്പോയാല്‍ 40 വയസ്സ്‌. (25+15). അതും കുറച്ചു കടുപ്പം തന്നെ.

സിനിമയെക്കുറിച്ചു പറയാനാണെങ്കില്‍ ഇതൊരിക്കലും ഒരു നിരൂപണമല്ല. ഒരു സിനിമ റിലീസായാല്‍ അതിനെക്കുറിച്ച്‌ ആധികാരികമായി നിരൂപിയ്ക്കാന്‍ അറിയാവുന്നവര്‍ ബൂലോകത്തു ഒരു പാടു പേര്‍ ഉള്ളപ്പോള്‍ അങ്ങനെയൊരു സാഹസത്തിനു ഞാന്‍ മുതിരുന്നില്ല. നിരൂപണ സൈറ്റുകളെ കുറ്റപ്പെടുത്തുകയല്ല. പക്ഷെ ചിലപ്പോഴെങ്കിലും ഏതു സിനിമയിറങ്ങിയാലും അതിനു എന്തെങ്കിലും ഒരു കുറ്റം പറഞ്ഞില്ലെങ്കില്‍ അതു ബുദ്ധിജീവികളുടെ ലക്ഷണമല്ല എന്നു കരുതുന്നവരാണോ മിക്ക നിരൂപകരും എന്നു സംശയം തോന്നിപ്പോകും.

 ഉദാഹരണത്തിനു രോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്ത "ഇവിടം സ്വര്‍ഗമാണു" എന്ന സിനിമ..വളരെയധികം കാലിക പ്രസക്തിയുള്ള ഒരു വിഷയമാണല്ലോ ആ സിനിമ കൈകാര്യം ചെയ്യുന്നതു. റിയല്‍ എസ്റ്റേറ്റ്‌ രംഗത്തെ അഴിമതികളും കള്ളക്കളികളും വെളിച്ചത്തു കൊണ്ടു വരുന്ന ഒരു ചിത്രം..വിഷയത്തിണ്റ്റെ പിരിമുറുക്കം നഷ്ടപെടാതിരിയ്ക്കാനായിരിയ്ക്കാം ഒരു പാട്ടു പോലും സംവിധായകന്‍ ഇതിലുള്‍പ്പെടുത്തിയിട്ടില്ല. ഈ സിനിമയുടെ നിരൂപണത്തില്‍ ഇതൊരു പ്രധാന പോരായ്മയായാണു പറഞ്ഞത് . പലപ്പോഴും കുറ്റം പറയാന്‍ വേണ്ടി മാത്രമായിപ്പോകുന്നു പല നിരൂപണങ്ങളും. 

ടി പി ബാലഗൊപാലന്‍ എം എ, ചിത്രം, ഭരതം, വെള്ളാനകളുടെ നാട്‌, മിഥുനം, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പൊന്തന്‍മാട്‌, തനിയാവര്‍ത്തനം, വാത്സല്യം, കുടുംബപുരാണം, സസ്നേഹം, ഇന്നലെ, തേന്‍മാവിന്‍ കൊമ്പത്ത്‌....ഫാന്‍സ്‌ അസ്സോസിയേഷനുകളും നിരൂപകരും സജീവമാകുന്നതിനു മുന്‍പു ഇവിടെ ഇറങ്ങിയിരുന്ന ഈ സിനിമകളൊന്നും വിജയിച്ചതു മേല്‍പ്പറഞ്ഞ രണ്ടു കൂട്ടരുടെയും സഹായം കൊണ്ടായിരുന്നില്ല. നല്ല സിനിമയെ സ്നേഹിച്ചിരുന്ന ഒരു സമൂഹം അന്നു താരമൂല്യം കണക്കാക്കിയായിരുന്നില്ല സിനിമ കണ്ടിരുന്നതു. ഒരു പക്ഷെ ഇന്നാണു ഈ സിനിമകള്‍ റിലീസ്‌ ചെയ്തതെങ്കില്‍ മുടക്കിയ പണം പോലും തിരിച്ചു കിട്ടുമോയെന്നു തന്നെ സംശയമാണു. അത്രയ്ക്കാണല്ലോ ഫാന്‍സ്‌ അസ്സോസിയേഷനുകളുടെയും ചില നിരൂപകരുടെയും സഹായങ്ങള്‍. 

ഇതിന്റെ അര്‍ത്ഥം എല്ലാ നിരൂപകരും ചുമ്മാ എന്തെങ്കിലും പടച്ചു വിടുന്നവരാണു എന്നല്ല. 100 സിനിമയിറങ്ങിയാല്‍ അതില്‍ കാണാന്‍ കൊള്ളവുന്നത്‌ വെറും അഞ്ചോ ആറോ മാത്രമായിരിക്കും. പക്ഷെ ആ അഞ്ചോ ആറോ പോലും മോശമാണെന്നു പറയുന്നവരുണ്ടല്ലൊ "നിരൂപകര്‍" എന്ന പേരില്‍ എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു കരുതുന്നവര്‍. അവര്‍ക്കും ഫാന്‍സ്‌ അസ്സോസിയേഷണ്റ്റെ പേരില്‍ പേക്കൂത്തു നടത്തുന്നവര്‍ക്കും മലയാള സിനിമയെ ഇന്നത്തെ ഈ അവസ്ഥയിലാക്കിയതിനു ഒരു പ്രധാന പങ്കുണ്ട്‌. 

കൂടെ ഒരു സിനിമയില്‍ ക്ളാപ്പടിച്ച പരിചയം വെച്ചു എനിക്കെല്ലാം അറിയാം, ഞാനും ഒന്നു സംവിധാനിച്ചു നോക്കട്ടെ (സി വി രാമന്‍പിള്ളയുടെ ധര്‍മ്മരാജയിലെ ചന്ത്രക്കാറന്‍ എന്ന കഥാപാത്രം "ഞാന്‍ ഭരിച്ചാലും ഭരുമോ എന്നു നോക്കട്ടെ" എന്നു പറയുന്ന പോലെ) എന്നും കരുതി സംവിധായകന്റെ തൊപ്പി വയ്ക്കുന്നവരും വിദേശത്തു പോയി കഷ്ടപെട്ടു സമ്പാദിച്ച പണം കൊണ്ടു പ്രശസ്തനാകാന്‍ വേണ്ടി ഒരു പടം പിടിച്ചു കളയാമെന്നു കരുതുന്ന നിര്‍മ്മതാക്കളും കൂടിയാകുമ്പോള്‍ മലയാള സിനിമയുടെ പതനമ്പൂര്‍ത്തിയാകുന്നു, 

സൂപ്പര്‍സ്റ്റാറിന്റെ ഡേറ്റിനു വേണ്ടി ഓടുന്നതിനിടയില്‍ കഥയെക്കുറിച്ചെല്ലാം ശ്രദ്ധിക്കാന്‍ എവിടെ നേരം?. എല്ലാം കാണാന്‍ വിധിക്കപെട്ട നല്ല സിനിമയെ സ്നേഹിയ്ക്കുന്ന ഒരു ചെറിയ ശതമാനത്തിണ്റ്റെ രോദനങ്ങള്‍ ആരു കേള്‍ക്കുന്നു? 

*********** ********** ********** 

എന്റെ  ജീവിതത്തില്‍ ഒരു സിനിമ കണ്ടിട്ടെ ചിരിച്ചു ചിരിച്ചു വയറു  വേദനിച്ചിട്ടുള്ളതു..നിര്‍ഭാഗ്യവശാല്‍ അതു മലയാള സിനിമയല്ല - 3 ഇഡിയറ്റ്സ്‌ എന്ന ഹിന്ദി പടമാണു. ചിത്രവും കിലുക്കവുമൊന്നും മറന്നിട്ടല്ല. പക്ഷെ 3 ഇഡിയറ്റ്സ്‌ കണ്ടിട്ടേ തുടക്കം മുതല്‍ ഒടൂക്കം വരെ എല്ലാം മറന്നു ചിരിച്ചിട്ടുള്ളു. 

പക്ഷെ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ എത്ര തവണ കണ്ടിട്ടും മതിവരാത്ത , പുതുമ നശിക്കാത്ത സിനിമ ഏതെന്നു ചോദിച്ചാല്‍ ഒട്ടും സംശയിക്കാതെ ഞാന്‍ പറയും - മനസ്സിനക്കരെ, ക്ളാസ്മേറ്റ്സ്‌.

 *********** ********** ********** 

സി ഡി കടക്കാരന്റെ വാക്‌ ചാതുരിയില്‍ വീണു ഒരിക്കല്‍ നവി വാങ്ങിച്ചു കൊണ്ടു വന്നത്‌ - ദ്രോണ 2010. താടിയ്ക്കു കയ്യും കൊടുത്തിരുന്ന്‌ അതു കാണുന്ന നവിയോടു മോള്‍ ചോദിച്ചു- 

" അച്ഛന്‍ എന്താ ചെയ്യുന്നതു" 

വളരെ ദയനീയമായി നവി മറുപടി പറഞ്ഞു - "അച്ഛന്‍ ഒരു സിനിമ കാണുകയാണു മോളെ.. "

പിന്നീടു ആ സി ഡി കടക്കാരനെ കണ്ടപ്പോള്‍ നവി പറഞ്ഞു-"ചേട്ടാ ദ്വേഷ്യമുണ്ടെങ്കില്‍ അതു പറഞ്ഞു തീര്‍ക്കാമായിരുന്നില്ലെ.. ഇങ്ങനെയൊരു ചതി വേണ്ടിയിരുന്നില്ല"

8 comments:

  1. സൂപ്പര്‍സ്റ്റാറിണ്റ്റെ ഡേറ്റിനു വേണ്ടി ഓടുന്നതിനിടയില്‍ കഥയെക്കുറിച്ചെല്ലാം ശ്രദ്ധിക്കാന്‍ എവിടെ നേരം. എല്ലാം കാണാന്‍ വിധിക്കപെട്ട നല്ല സിനിമയെ സ്നേഹിയ്ക്കുന്ന ഒരു ചെറിയ ശതമാനത്തിണ്റ്റെ രോദനങ്ങള്‍ ആരു കേള്‍ക്കുന്നു?

    ReplyDelete
  2. എന്തായാലും നിരൂപണം നിങ്ങൾക്കു പട്ടിയ പണിയല്ല...
    മനസ്സിനക്കരെ, ക്ളാസ്മേറ്റ്സ്‌ ഇതൊക്കെയാണോ ജീവിതത്തിൽ കണ്ട മികച്ച ചിത്രങ്ങൾ.. കഷ്ടം..

    ReplyDelete
  3. സുഹൃത്തെ അനോണിമസ്സേ, നിരൂപണം എനിയ്ക്കു പറ്റിയ പണിയല്ല എന്നറിയാവുന്നതു കൊണ്ടു തന്നെ ഞാന്‍ അതിനു മുതിറ്‍ന്നിട്ടില്ലല്ലോ.പിന്നെ ജീവിതത്തില്‍ കണ്ട മികച്ച സിനിമകള്‍ ആണു മനസ്സിനക്കരെയും ക്ലാസ്സ്മേറ്റ്സും എന്നല്ല ഞാന്‍ പറഞ്ഞതു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ സിനിമകളില്‍ എന്നാണു.
    ഒന്നു കൂടി പറഞ്ഞോട്ടെ, ഇതു എണ്റ്റെ അഭിപ്രായം മാത്രമാണു. ഇതിനോടു വിയോജിപ്പുള്ളവര്‍ ഉണ്ടാകും എന്നു എനിയ്ക്കറിയാം..പക്ഷെ അവരൊക്കെ വിഡ്ഢികളും ഞാന്‍ മാത്രം ബുദ്ധിജീവിയുമാണു എന്ന തോന്നലൊന്നും എനിയ്ക്കില്ല കേട്ടൊ.

    ReplyDelete
  4. എത്ര കണ്ടിട്ടും ഒട്ടും ബോറടിയ്ക്കാതെ മുഴുവനും ഇരുന്നു കാണാന്‍ സാധിയ്ക്കുന്ന മലയാള സിനിമ ഏതെന്നു ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിയ്ക്കാതെ ഞാന്‍ പറയുക 'ചിത്രം' എന്നായിരിയ്ക്കും.

    കുറേക്കാലം കൂടി ഇറങ്ങിയ കാണാന്‍ കൊള്ളാവുന്ന നല്ലൊരു ചിത്രമാണ് ക്ലാസ്സ്‌മേറ്റ്സ്. അതും സമ്മതിയ്ക്കാതെ വയ്യ.

    ReplyDelete
  5. ശ്രീയുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായി ഞാന്‍ തിരഞ്ഞെടുക്കുന്നത് ചിത്രം, ഭരതം, മണിച്ചിത്രത്താഴ്, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ്.

    ReplyDelete
  6. @ ശ്രീ :

    ചിത്രം എന്ന സിനിമ എനിക്കും വളരെ പ്രിയപ്പെട്ടതാണ്. പക്ഷെ, സിനിമയുടെ 90% ശതമാനം വരെ ചിരിപ്പിച്ചിട്ട് ഒടുവില്‍ കരയിപ്പിയ്ക്കുന്നതായത് കൊണ്ട് അവസാനം വരെ സന്തോഷത്തോടെ ഇരുന്നു കാണാന്‍ ഇരിക്കാറില്ല. പിന്നെ ഞാന്‍ സൂചിപ്പിച്ച പോലെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ സിനിമകളില്‍ നിന്നാണ് മനസ്സിനക്കരെയും ക്ലാസ്മേറ്റ്സും തിരഞ്ഞെടുത്തത്. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ പോലെ തന്നെ വോട്ടു ചോദിക്കലും ഇലക്ഷനും അതിനു ശേഷം ഒരു അടിപിടിയും പിന്നെ കുറച്ചു നാളേയ്ക്കു കോളേജ് അടച്ചിടലും ഒക്കെയുള്ള ഒരു ക്യാമ്പസ്‌ തന്നെയായിരുന്നു ഞങ്ങളുടേതും. ഒരു പക്ഷെ അത് കൊണ്ട് തന്നെയായിരിയ്ക്കാം ആ സിനിമയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നത്. എത്ര കണ്ടാലും മതിവരാത്തതും.

    @ സ്നേഹപൂര്‍വ്വം ശ്രീ :

    ചിത്രം, ഭരതം, മണിച്ചിത്രത്താഴ് ഇതെല്ലാം മലയാളത്തിലെ ക്ലാസ്സിക് സിനിമകളാണ്. പക്ഷെ ആ സുവര്‍ണ കാലഘട്ടം എന്നോ കടന്നു പോയിരിയ്ക്കുന്നു. ഒരു പത്തു വര്‍ഷത്തിനു മുന്‍പ് മുതല്‍ ഇതുവരെ (1991-2011) ഇറങ്ങിയ സിനിമകളില്‍ എത്രയെണ്ണത്തിനെ ക്ലാസ്സിക്‌ എന്ന് വിളിക്കാന്‍ കഴിയും?

    ReplyDelete
  7. എന്തുകൊണ്ട് ഭഗവാന്‍ എന്ന ചിത്രത്തെ ക്ലാസ്സിക് എന്നു വിളിക്കാന്‍ പറ്റില്ല. ഒരു കലാരൂപത്തെ ഇങ്ങിനേയും ഉണ്ടാക്കാം എന്ന കാര്യത്തില്‍ അതൊരു ക്ലാസ്സിക് തന്നെയാണു...

    ReplyDelete
  8. ചേച്ചി പറഞ്ഞത് ശരിയാണ്. 'ചിത്രം' മിനിമം ഒരു 30 തവണ എങ്കിലും കണ്ടിട്ടുണ്ടെങ്കിലും (23 വരെ ഞാന്‍ എണ്ണിയിരുന്നു) ഇപ്പോഴും അതിലെ ആ അവസാന സീനുകളില്‍ (പ്രത്യേകിച്ച് ലാല്‍ സോമനോട് തന്നെ കൊല്ലാതിരിയ്ക്കാന്‍ പറ്റുമോ എന്ന് ചോദിയ്ക്കുന്ന രംഗം) ഇപ്പോഴും കണ്ണ് നിറയും. പക്ഷേ അതൊക്കെ ആ സിനിമയോടുള്ള ഇഷ്ടം കൂട്ടുന്നേ ഉള്ളൂ.

    പിന്നെ, ഞാന്‍ പ്രീ ഡിഗ്രി പഠിച്ച കോളേജും (ക്രൈസ്റ്റ്, ഇരിങ്ങാലക്കുട) അതേ പോലെ തന്നെ ഉള്ള കോളേജായിരുന്നതിനാല്‍ അതൊക്കെ അതേ പോലെ ആസ്വദിയ്ക്കാനായിട്ടുണ്ട്. എങ്കിലും ആ ചിത്രത്തിലെ പ്രണയത്തേക്കാള്‍ സൌഹൃദത്തിലാണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം തോന്നിയത് എന്നേയുള്ളൂ

    കാര്യമായ തെറ്റുകളൊന്നും പറയാനാകാത്ത നല്ലൊരു സിനിമ ആണ് മണിചിത്രത്താഴും.

    പിന്നെ, ചേച്ചി പറഞ്ഞതു പോലെ 2000 നു ശേഷമുള്ള ക്ലാസ്സിക്‍ സിനിമകള്‍ ഏതൊക്കെ എന്നു ചോദിച്ചാല്‍ കുഴയും. അങ്ങനെ ക്ലാസ്സിക്‍ എന്ന് പറയാവുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നില്ല എന്നതു കൊണ്ടു തന്നെ.

    ReplyDelete