Wednesday 29 December, 2010

മലയാള ഭാഷ തന്‍ മാദക ഭംഗി (Updated)

ഇതൊരു റീ-പോസ്ടിങ്ങാണ്. ഒരു പരീക്ഷണം നടത്തിയതിന്റെ ഫലമായി കഴിഞ്ഞ പോസ്റ്റിന്റെ ഫോണ്ട് എല്ലാവരെയും കുഴക്കി എന്നറിഞ്ഞത് കൊണ്ട് വീണ്ടും പോസ്റ്റുന്നു. കമന്റുകള്‍ നഷ്ട്ടപെടുമെന്നുള്ളത് കൊണ്ട് കഴിഞ്ഞ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നില്ല. 
*********************** ******************************* ***************************** ************************* 
തമിഴ് നാട്ടിലെ സ്കൂളുകളില്‍ മലയാളം പഠിക്കാനുള്ള 8 പിരീഡുകള്‍ നാലായി വെട്ടിക്കുറച്ചു കൊണ്ടുള്ള ഗവണ്മെന്റ് തീരുമാനം രണ്ടു ദിവസം മുന്‍പാണ് വന്നത്. തമിഴ് ഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി നല്‍കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഉടനെ തന്നെ കിട്ടിയ അവസരം പാഴാക്കാതിരിക്കാന്‍ ഭാഷാസ്നേഹികള്‍ മുറവിളിയുമായി രംഗത്തു വന്നിട്ടുണ്ട്. 

കേരള മുഖ്യ മന്ത്രി ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന വാദവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. അതെല്ലാം ഏറ്റു പിടിയ്ക്കാന്‍ ഇവിടുത്തെ മലയാള പത്രങ്ങളും......

ഇതു പോലുള്ള വലിയ വിഷയങ്ങളെ കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ മാത്രം വിവരമുള്ളവളൊന്നുമല്ല ഞാന്‍ എന്നറിയാം. എന്നാലും ചില കാട്ടികൂട്ടലുകള്‍ കാണുമ്പോള്‍ സഹിയ്ക്കാന്‍ പറ്റുന്നില്ല.

സത്യത്തില്‍ സ്കൂളില്‍ പഠിക്കാന്‍ വേണ്ടി മാത്രമുള്ളതാണോ ഭാഷാ സ്നേഹം? അത്ര മാത്രം മാതൃ ഭാഷാ സ്നേഹമുള്ളവരാണ് മലയാളികള്‍ എന്ന് എന്തോ എനിയ്ക്ക് തോന്നുന്നില്ല. ആയിരുന്നെങ്കില്‍ നമ്മുടെ നാട്ടില്‍ ഇത്ര മാത്രം  ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ഉണ്ടാവുമായിരുന്നില്ലല്ലോ. 

സ്കൂളില്‍ മലയാളം സംസാരിച്ചതിന് കൊച്ചു കുട്ടിയുടെ തല മോട്ടയടിച്ചവരുടെ നാടാണ് നമ്മുടേത്‌ എന്നോര്‍ക്കണം. എന്നിട്ടാണ് അന്യ നാട്ടില്‍ അവരുടെ ഭാഷയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നതിനെ എതിര്‍ക്കുന്നത്.

പ്ലസ്‌-ടുവിനും ഡിഗ്രിക്കും സെക്കന്റ്‌ ലാംഗ്വേജ് മലയാളത്തിനു പകരം ഹിന്ദിയോ മറ്റേതെങ്കിലും ഭാഷയോ തിരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗവും. അതിനു പ്രധാന കാരണം മലയാളത്തിനു മാര്‍ക്ക് കിട്ടാന്‍ കുറെ എഴുതണം. മറ്റു ഭാഷകള്‍ എതെങ്കിലുമാണെങ്കില്‍ മാര്‍ക്ക്‌ സ്കോര്‍ ചെയ്യാന്‍ എളുപ്പമാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരും------------

"പരീക്ഷകളില്‍ മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടി മാത്രമാണോ മലയാളം പഠിയ്ക്കുന്നത്?"

തീര്‍ച്ചയായും അല്ല. പക്ഷെ ഉന്നത വിദ്യാഭാസത്തിനു ഉയര്‍ന്ന മാര്‍ക്കും ഒരു പ്രധാനമല്ലെ. അപ്പോള്‍ കൂടുതല്‍ മാര്‍ക്ക്‌ കിട്ടാനിടയുള്ള വിഷയങ്ങള്‍ പഠിക്കുന്നത് തെറ്റാണോ? അതും മത്സരങ്ങളുടെ ഈ കാലത്തില്‍ ..

അല്ലെങ്കില്‍ തന്നെ സ്കൂളിലോ കോളേജിലോ പഠിയ്ക്കുന്നത് കൊണ്ട് ഒരാള്‍ക്ക് മലയാളത്തിനോട് സ്നേഹം കൂടുമെന്ന് എന്തോ എനിയ്ക്ക് തോന്നുന്നില്ല. 

പിന്നെ സ്വന്തം മക്കള്‍ മാതൃ ഭാഷയോട് സ്നേഹമുള്ളവരാകണമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സ്കൂളിലെ പിരീടുകളുടെ എണ്ണം ഒരു പ്രശ്നമേയല്ല എന്നാണു എന്റെ വിശ്വാസം. അതിനു ഏറ്റവും എളുപ്പം വീട്ടിലെങ്കിലും മലയാളം സംസാരിക്കുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയും സ്കൂള്‍ സിലബസ്സില്‍ ഇല്ലെങ്കിലും മലയാളം എഴുതുവാനും വായിയ്ക്കുവാനും അവരെ പ്രോത്സാഹിപ്പിയ്ക്കുകയുമാണ്.

ടി വി അവതാരകരെ പോലെ "മലയാളം കൊരച്ചു കൊരച്ചു അരിയാം" എന്ന് പറയുന്നത് വലിയ ഗമയായി കരുതുന്നവരാണ് നമ്മള്‍.

"എന്റെ മകന്‍ / മകള്‍ എല്ലാ വിഷയങ്ങളിലും ഫസ്ടാ. പക്ഷെ മലയാളം മാത്രം അവനു / അവള്‍ക്കു ഭയങ്കര ടഫാ. ജസ്റ്റ്‌ പാസ് മാര്‍ക്കേ കിട്ടൂ." എന്ന് അഭിമാനം കൊള്ളുന്ന എത്രയോ മാതാപിതാക്കള്‍ നമുക്കിടയിലുണ്ട്. അതൊന്നും സ്കൂളില്‍ മലയാളത്തിനുള്ള പിരീഡുകളുടെ കുറവ് കൊണ്ടല്ലല്ലോ.

"മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍. മര്‍ത്യന് പെറ്റമ്മ തന്‍ ഭാഷാ താന്‍" എന്ന് മനസ്സിലോര്‍മ്മയുള്ള മാതാപിതാക്കളുടെ കുട്ടികള്‍ ഏതു നാട്ടിലായിരുന്നാലും ഏതു മീഡിയത്തില്‍ പഠിച്ചാലും മലയാള ഭാഷയോടും മലയാള മണ്ണിനോടും സ്നേഹമുള്ളവരായിരിയ്ക്കും... എന്നെന്നും....

******************************************************************************************************************
മേല്പറഞ്ഞ പോലെ എന്റെ മോള്‍ക്ക്‌ മലയാളത്തിനു മാര്‍ക്ക്‌ കുറവാണെന്ന് അഭിമാനിച്ചിരുന്ന ഒരമ്മ എന്റെ അയല്‍വാസിയാണ്. നാലാം ക്ലാസ്സിലേക്ക് ജയിച്ച മകള്‍ക്ക് മലയാളം പഠിപ്പിച്ചു കൊടുക്കാന്‍ കുറച്ചു കാലം എന്റെ വീട്ടിലേക്കു വിട്ടിരുന്നു. അന്ന് ഡിഗ്രീ പരീക്ഷാ കാലമായിരുന്നതിനാല്‍ ട്യൂഷ്യന്‍ അമ്മ ഏറ്റെടുത്തു. അക്ഷരമാലയെല്ലാം കഴിഞ്ഞപ്പോള്‍ നാലാം ക്ലാസ്സിലെ ടെക്സ്റ്റ്‌ ബുക്ക്‌ വച്ചായി പഠനം. അതിലെ ആദ്യത്തെ പാഠം "തിങ്കളും താരങ്ങളും..." എന്ന് തുടങ്ങുന്ന ഒരു പദ്യമായിരുന്നു. (ഞാന്‍ പഠിക്കുന്ന കാലത്തും അത് തന്നെയായിരുന്നു ആദ്യത്തെ പാഠം). സ്റ്റുഡന്റിനു നല്ല ഇന്ട്രെസ്റ്റ് ആയിക്കോട്ടെ എന്ന് കരുതി അമ്മ നല്ല ഈണത്തില്‍ തന്നെ പാടി പഠിപ്പിച്ചു. ഒരു നാള്‍ കോളേജ് വിട്ടു വന്ന ഞാന്‍ കണ്ട കാഴ്ച ---
തുണി അലക്കി കൊണ്ട് നില്‍ക്കുന്ന അമ്മ. തൊട്ടടുത്ത്‌ തന്നെ ഒരു സ്ടൂളില്‍ കാലുമാട്ടിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്. തുണി കഴുകുന്നതിനോടൊപ്പം അമ്മ ഉറക്കെ പദ്യം ചൊല്ലുന്നുമുണ്ട്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ആ കുട്ടി കാണാതെ പഠിച്ചു ചൊല്ലേണ്ടതിനു പകരം അമ്മയാണ് സ്റ്റുഡന്റ് എന്ന് തോന്നും. എന്തായാലും കുട്ടി പഠിച്ചില്ലെങ്കിലും അമ്മ ആ പദ്യം മുഴുവനും കാണാതെ ചൊല്ലാന്‍ പഠിച്ചു എന്നത് മാത്രമായിരുന്നു രണ്ടു മാസം നീണ്ട ആ ട്യൂഷ്യന്‍ കൊണ്ടുണ്ടായ ഏക ഗുണം.  പിന്നീടു ആ കുട്ടിയെ സ്കൂളിന്റെ  റിസള്‍ട്ട്‌ മോശമാകുമെന്ന പേടിയില്‍ അധികൃതര്‍ തന്നെ ടി സി കൊടുത്തു വിട്ടതും ശേഷം ഒരു മലയാളം മീഡിയത്തില്‍ ചേര്‍ത്തതും ഒടുവില്‍ എങ്ങനെയൊക്കെയോ ഒരുവിധം പത്താം ക്ലാസ് കടന്നു കൂടിയതുമെല്ലാം അനു:ബന്ധ കഥകള്‍. 

******************************************************************************************
ഇതൊക്കെയാണെങ്കിലും തമിഴ് ഭാഷയ്ക്ക് ഇവിടുത്തെ ഗവണ്മെന്റ് കൊടുക്കുന്ന അമിത പ്രാധാന്യത്തില്‍ എനിയ്ക്കും എതിര്‍പ്പ് തോന്നാറുണ്ട്. കടകളുടെ ബോര്‍ഡുകളെല്ലാം തമിഴില്‍ ആയിരിക്കണമെന്നത്  നിര്‍ബന്ധമാണ്‌. വേണമെങ്കില്‍ മറ്റു ഭാഷകളിലും ആവാം. പക്ഷെ തമിഴില്‍ ആയിരിക്കണം ഏറ്റവും വലുതായി എഴുതിയിരിക്കേണ്ടത്. അടുത്ത പടിയായി ഇംഗ്ലീഷിലുള്ള റോഡുകളുടെ പേരെല്ലാം (ഉദാ: Taylors Road, Nelson Manickam Road, Sydenhams Road etc..) തമിഴിലാക്കാന്‍ പോവുകയാണത്രേ.. 

തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളാണല്ലോ കേരളവും തമിഴ് നാടും. "ഒന്നെങ്കില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത്" എന്ന് പറയുന്നത് ഈ രണ്ടു നാട്ടുകാരുടെയും മാതൃ ഭാഷാ സ്നേഹം കണ്ടിട്ടായിരിക്കണം. 

5 comments:

  1. ഇതൊരു റീ-പോസ്ടിങ്ങാണ്. ഒരു പരീക്ഷണം നടത്തിയതിന്റെ ഫലമായി കഴിഞ്ഞ പോസ്റ്റിന്റെ ഫോണ്ട് എല്ലാവരെയും കുഴക്കി എന്നറിഞ്ഞത് കൊണ്ട് വീണ്ടും പോസ്റ്റുന്നു. കമന്റുകള്‍ നഷ്ട്ടപെടുമെന്നുള്ളത് കൊണ്ട് കഴിഞ്ഞ പോസ്റ്റ്‌ ഡിലീറ്റ് ചെയ്യുന്നില്ല

    ReplyDelete
  2. ഇത്ര നല്ല പോസ്റ്റായിരുന്നോ .. കഴിഞ്ഞ തവണ വന്നപ്പോള്‍ വായിക്കാന്‍ പറ്റാതെ മടങ്ങിയത് ..... നന്നായി ഫോണ്ട് മാറ്റി പൊസ്റ്റിയത്
    --------------------------------------

    ‘മലയാലം കൊരച്ച് കൊരച്ച് അരിയും” എന്നു പറഞ്ഞു നടക്കുന്ന മക്കളെ കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത് ... നമ്മുടെ മാതൃഭാഷ നമ്മള്‍ പുഛിക്കുന്ന അത്ര മറ്റാരും പുഛിക്കുന്നില്ല എന്നതാണ് സത്യം ... തമിഴനു അവന്‍റെ ഭാഷ അവന്‍റെ ആത്മാവാണ് അതു കഴിഞ്ഞേ അവര്‍ക്കെന്തും ഉള്ളൂ... ഉത്തേരേന്ത്യക്കാരാണെങ്കിലും ശരി അവരുടെ മാതൃഭാഷ പറഞ്ഞു മനസ്സിലാവാത്തവരോടെ അവര്‍ മറ്റിരു ഭാഷ പറയൂ... നമ്മള്‍ മലയാളികള്‍ തന്നെ തമ്മില്‍ കണ്ടാല്‍ “സോരി. എനക്കു മലയാലം അരിയൂല” എന്നു പറയുന്ന അവസ്ഥയാണ്..

    പോസ്റ്റ് നന്നായി ...
    ----------------------------------------

    മലയാള ഭാഷയെ കുറിച്ച് ഞാന്‍ എഴുതിയ ഈ ആക്ഷേപ ഹാസ്യ ഉത്തരാധുനിക ഗവിത
    ഒന്നു നോക്കണം

    ReplyDelete
  3. ഇത്ര നല്ല പോസ്റ്റായിരുന്നോ .. കഴിഞ്ഞ തവണ വന്നപ്പോള്‍ വായിക്കാന്‍ പറ്റാതെ മടങ്ങിയത് ..... നന്നായി ഫോണ്ട് മാറ്റി പൊസ്റ്റിയത്
    --------------------------------------

    ‘മലയാലം കൊരച്ച് കൊരച്ച് അരിയും” എന്നു പറഞ്ഞു നടക്കുന്ന മക്കളെ കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കളുടെ കാര്യം ഓര്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത് ... നമ്മുടെ മാതൃഭാഷ നമ്മള്‍ പുഛിക്കുന്ന അത്ര മറ്റാരും പുഛിക്കുന്നില്ല എന്നതാണ് സത്യം ... തമിഴനു അവന്‍റെ ഭാഷ അവന്‍റെ ആത്മാവാണ് അതു കഴിഞ്ഞേ അവര്‍ക്കെന്തും ഉള്ളൂ... ഉത്തേരേന്ത്യക്കാരാണെങ്കിലും ശരി അവരുടെ മാതൃഭാഷ പറഞ്ഞു മനസ്സിലാവാത്തവരോടെ അവര്‍ മറ്റിരു ഭാഷ പറയൂ... നമ്മള്‍ മലയാളികള്‍ തന്നെ തമ്മില്‍ കണ്ടാല്‍ “സോരി. എനക്കു മലയാലം അരിയൂല” എന്നു പറയുന്ന അവസ്ഥയാണ്..

    പോസ്റ്റ് നന്നായി ...
    ----------------------------------------

    മലയാള ഭാഷയെ കുറിച്ച് ഞാന്‍ എഴുതിയ ഈ ആക്ഷേപ ഹാസ്യ ഉത്തരാധുനിക ഗവിത
    ഒന്നു നോക്കണം

    ReplyDelete
  4. മലയാളം നീണാൾ വാഴട്ടെ!

    ReplyDelete
  5. മറുനാടൻ മലയാളികൾ മലയാള ഭാഷയെ കൂടുതൽ ഇഷ്ടപ്പെടുന്നു എന്ന് തോന്നുന്നു (തോന്നൽ എന്റെ മാത്രം ആവാം)

    ReplyDelete