Tuesday, 24 April 2012

എങ്ങനെ ഒരു മുല്ലപ്പൂമാല കെട്ടാം..?


ഇന്ന് തിരുത്തണി പോയി വരുമ്പോള്‍ ട്രെയിനില്‍ നിന്നും മോളുടെ നിര്‍ബന്ധം  കാരണം പത്തു രൂപയ്ക്ക് മുല്ല മൊട്ട് വാങ്ങി..

അതെങ്ങനെ ഒരു മാലയായി രൂപം പ്രാപിച്ചെന്നു നോക്കൂ..

1 ) ആദ്യമായി മുല്ലമൊട്ടുകള്‍ കവറില്‍ നിന്നും ഒരു പ്ലേറ്റിലേയ്ക്ക് മാറ്റുക (പൂ എടുക്കുവാനുള്ള എളുപ്പത്തിനായി)

ഓ. ടോ. - പത്തു രൂപയ്ക്ക് ഇതിലും കൂടുതല്‍ മൊട്ടുകള്‍ ഒണ്ട് കേട്ടാ.




2 ) പിന്നീട് മാല കെട്ടാനുള്ള നൂല്‍ ഇടത്തേ കയ്യിലെ ചൂണ്ടു വിരലിനും തള്ള വിരലിനും ഇടയില്‍ ദേ ദിങ്ങനെ വയ്ക്കുക.



3 ) രണ്ടു മൊട്ടുകള്‍ എടുത്തു ഓപ്പോസിറ്റ് സൈഡിലേയ്ക്കായി തിരിച്ചു വയ്ക്കുക. ഞെട്ടുകളുടെ മധ്യഭാഗം നൂലിന്റെ മുകളിലായിരിയ്ക്കണമെന്നു പറയേണ്ടതില്ലല്ലോ..




4 ) എന്നിട്ട് വലത്തേ കയ്യിലെ ചൂണ്ടു വിരലും നടുവിരലും തള്ള വിരലും ചേര്‍ത്ത് കൊണ്ട് നൂലില്‍ ഒരു വളയം പോലെ എടുക്കുക.




5 ) അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു വെച്ചിരിക്കുന്ന മൊട്ടുകളെ ആ നൂല്‍ വളയത്തിനുള്ളിലാക്കുക




6 ) മെല്ലെ നൂലിനെ വലിച്ചു കെട്ടു മുറുക്കുക. അധികം മുറുക്കണ്ട..ഞെട്ടി മുറിഞ്ഞു പൂകും.



ഇതേ രീതിയില്‍ ഓരോ പൂമൊട്ടുകളായി മാല കെട്ടാം.


മറ്റൊരു രീതി പരീക്ഷിക്കണമെങ്കില്‍ ചോട്ടിലോട്ടു നോക്കുക.

7 ) ആവശ്യത്തിനു നീളത്തില്‍ നൂല്‍ മടക്കി അറ്റം നേരത്തെ കെട്ടിയ പൂമൊട്ടിന്റെ മുകളിലൂടെ ഒരു വട്ടം കൂടി കെട്ടുക.


മടക്കിയ നൂല്‍ എവിടെയെങ്കിലും കൊരുക്കുക.


ഇവിടെ ഞാന്‍ ചിരവയുടെ സൈഡ് ആണ് ഉപയോഗിച്ചിരിയ്ക്കുന്നത്. ഇത് കൂടാതെ ഡോര്‍ നോബ്, ജനലിന്റെ കൊളുത്ത്, (കാല്‍ നീട്ടിയിരുന്നാല്‍ ) കാലിന്റെ തള്ള വിരല്‍ ആര്‍ ആള്‍സോ കാന്‍ ബി യൂസ്ഡ് ഫോര്‍ ദിസ്‌ പര്‍പ്പസ് ..



8 ) മടക്കിയ നൂലിന്റെ ഇടയില്‍ കൂടെ ഓരോ മൊട്ടുകളായി വെയ്ക്കുക.


ഒന്ന് ഇങ്ങോട്ടാണെങ്കില്‍ പിന്നെ ഒന്ന് അങ്ങോട്ട്‌..


ഓരോ പെയര്‍ വച്ച് കഴിയുമ്പോഴും നൂലിന്റെ അറ്റം എടുത്തു അപ്പോള്‍ വെച്ച മൊട്ടുകളെ ഒന്ന് ചുറ്റി കെട്ടണം.


ഈ പ്രക്രിയ പൂമൊട്ടുകള്‍ അല്ലെങ്കില്‍ എടുത്ത നൂല്‍ തീരുന്നത് വരെ തുടരുക.




ഇത് ഞാന്‍ കെട്ടി തീര്‍ത്ത മാല..(സത്യമായിട്ടും ഞാന്‍ തനിയെ തന്നെ ചെയ്തതാ..)





ഇനി ഒരു ചെറിയ വാല്‍ക്കഷ്ണം..

പൂവിനോടുള്ള തമിഴരുടെ പ്രേമത്തെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. പൂ എന്ന് വച്ചാല്‍ , അതെന്തു പൂവുമാകട്ടെ , തലയില്‍ ചൂടാനുള്ളതാണ് എന്നാണ് ഇവരുടെ അഭിപ്രായം..കുളിച്ചില്ലെങ്കിലും വേണ്ടില്ല മുടിയില്‍ പൂ വെയ്ക്കാതെ സുമംഗലിമാര്‍ പുറത്തിറങ്ങാറില്ല.

അതിനു മുല്ലപ്പൂ തന്നെ വേണമെന്ന നിര്‍ബന്ധമൊന്നുമില്ല.

റോസ്, ഡാലിയ, എരിക്കിന്‍ പൂ എന്ന് വേണ്ട എന്തിനു ചെമ്പരത്തിപ്പൂ പോലും തലയില്‍ ചൂടി നടക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്.

ചെമ്പരത്തി ചൂടുന്നതിനു വേറെ അര്‍ത്ഥമുള്ളതായി ഈ നാട്ടുകാര്‍ക്ക് അറിയില്ല. അത് കൊണ്ട് തന്നെ അത് കാണുമ്പോള്‍ ചിരിയടക്കി നില്ക്കാറെയുള്ളൂ.

വൈകുന്നേരം അഞ്ചു മണി മുതല്‍ " പൂവേയ്..മല്ലി ...കനകാംബരം ..സാമാന്തി (നമ്മുടെ ജമന്തി )" എന്ന വിളിയുമായി ചുരുങ്ങിയത് ഒരു ആറേഴു പേരെങ്കിലും പുറത്തു തെരുവിലൂടെ പോകുന്നത് കാണാം.

ചിലര്‍ റോസാപ്പൂ വെയ്ക്കുന്നത് കണ്ടാല്‍ ചിരി വരും .. പണ്ടത്തെ ബ്ലാക്ക് & വൈറ്റ് സിനിമകളില്‍ ഷീല, ജയഭാരതി, ശാരദമാര്‍ ചൂടിയിരുന്നത് പോലെ ചെവിയുടെ തൊട്ടു പിന്നിലായി സ്ലേടും കുത്തി ഉറപ്പിയ്ക്കും.

കെട്ടിയ പൂമാലയ്ക്കു പുറമേ ഇവിടെ മാത്രം കണ്ടിട്ടുള്ളതാണ് മുല്ലമൊട്ടുകള്‍ ഒരു കവറില്‍ തരുന്നത്. കെട്ടാനുള്ള നൂലും തരും.

ഒരു മൂന്നു കൊല്ലം മുന്‍പ് അഞ്ചു രൂപയായിരുന്നു ഒരു കവര്‍ മൊട്ടിന്.ഇപ്പോള്‍ പത്തുരൂപയായി. സീസണ്‍ ആണെങ്കില്‍ പതിനഞ്ചു രൂപയാകും.

ഒരു കവര്‍ മൊട്ടുകള്‍ കൊണ്ട് മിനിമം നാല് മുഴം മാല കെട്ടനാകും.

ലോക്കല്‍ ട്രെയിനില്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ കാണുന്ന പതിവ് കാഴ്ചയായിരുന്നു ജോലി കഴിഞ്ഞു വൈകുന്നേരം തിരിച്ചു വരുന്ന സ്ത്രീകള്‍  മുല്ല മൊട്ട് വാങ്ങി മാല കെട്ടുന്നത്.അവരുടെ കൈവേഗം കണ്ടു അതിശയിച്ചിട്ടുണ്ട്.  ഒരു കവര്‍ മൊട്ടുകള്‍ കെട്ടി തീര്‍ക്കാന്‍ അവര്‍ക്ക് വെറും പത്തു പതിനഞ്ചു മിനിട്ടുകള്‍ മതി.

അങ്ങനെ നോക്കിയിരുന്നു നോക്കിയിരുന്നു ഞാനും മാല കെട്ടാന്‍ പഠിച്ചു. കുറച്ചു കൂടുതല്‍ സമയമെടുക്കുമെങ്കിലും..

എന്ന് വെച്ചാല്‍ അവര്‍ പതിനഞ്ചു മിനിട്ട് എടുക്കുമ്പോള്‍ ഞാന്‍ ഒരു എഴുപത്തഞ്ചു മിനിറ്റ് എടുക്കുമെന്ന് മാത്രം...

അതത്ര കൂടുതലാണാ..?അല്ല നിങ്ങള്‍ തന്നെ പറ...




8 comments:

  1. എങ്ങനെ ഒരു മുല്ലപ്പൂമാല കെട്ടാം..? - ഒരു pictorial tuition....

    ReplyDelete
  2. കൊള്ളാമല്ലോ...

    ReplyDelete
    Replies
    1. ഇപ്പോള്‍ മനസ്സിലായില്ലേ ഞാനും ഒരു കുട്ടിപ്പുലിയാണെന്നു...

      Delete
  3. ആദ്യം പറഞ്ഞ രീതിയിലാ ഞാന്‍ മുല്ലപ്പൂമാല കെട്ടാറ്.. കുറേ നാളായി .. ഇപ്പോഴെല്ലാം മറന്നു.

    ReplyDelete
    Replies
    1. ഞാനും അങ്ങനെ തന്നെയായിരുന്നു കെട്ടിക്കൊണ്ടിരുന്നത്. പിന്നെ വീട്ടില്‍ വരുന്ന വേലക്കാരി കാണിച്ചു തന്നതാണ് രണ്ടാമത്തെ രീതി. പക്ഷെ അതില്‍ ഒരു കുഴപ്പമുള്ളത് എന്താണെന്നു വച്ചാല്‍, മാല കെട്ടിക്കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും ഒരു കഷ്ണം മുറിച്ചെടുക്കാന്‍ പറ്റില്ല. പൂ കൊഴിഞ്ഞു പോകും. അത് കൊണ്ടു എത്ര വലിപ്പമുള്ള മാല വേണമെന്ന് കെട്ടുന്ന നേരത്തെ തീരുമാനിക്കണം.

      Delete
  4. എഴുത്തൊക്കെ നിറുത്തിയോ?

    വിഷു ആശംസകള്‍!

    ReplyDelete