Wednesday 4 June, 2014

ചെറിയൊരു നോസ്റ്റാൾജിക് ഫീലിംഗ്

ഒരു കാലമുണ്ടായിരുന്നു....

ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ...
പൂക്കളോടും അണ്ണാറക്കണ്ണനോടും കളി പറഞ്ഞ്....
കൂട്ടുകാരോടൊപ്പം സ്കൂളിലേക്കും തിരിച്ചും പതിയെ നടന്ന്... 
ഇടവപ്പാതിയിൽ നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ വരമ്പിലൂടെ വഴക്ക് കേൾക്കുവോളം നടന്ന്...
കുളത്തിൽ മതി വരുവോളം നീന്തിക്കുളിച്ച്...
അടുത്തുള്ള അമ്പലത്തിൽ തൊഴുത്‌...
കൊയ്തു വച്ച കറ്റകൾക്കിടയിലൂടെ അമ്മയുടെ ശകാരം വക വയ്ക്കാതെ ഓടി നടന്ന്...
പത്തായപ്പുരയിൽ നെല്ല് പുഴുങ്ങുമ്പോൾ ആ ഗന്ധവും ആസ്വദിച്ച്...
വയറു നിറയെ മാമ്പഴവും പിന്നെ ഉപ്പും മുളകും കൂട്ടി പച്ച മാങ്ങയും കഴിച്ച്....

പിന്നെ കുറച്ച് കൂടി വളർന്നപ്പോൾ ആ ബാല്യ കൌതുകങ്ങൾ പലതും പുതുമയില്ലാത്തതായി...

പിന്നെ കോളേജ്...
ഒരു പാട് സുഹൃത്തുക്കളെ നേടി തന്ന കലാലയം....
ജീവിതത്തിലെ ഏറ്റവും മധുരം നിറഞ്ഞ ദിനങ്ങൾ......
ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അന്ന് അറിയാതെ പോയ നിമിഷങ്ങൾ....

ഒരു ഡിഗ്രിയുമായി ക്യാമ്പസിന് പുറത്തേക്കിറങ്ങുമ്പോൾ എന്തായിരുന്നു മനസ്സിൽ...

ഉപരി പഠനം... എത്രയും പെട്ടെന്ന് ഒരു ജോലി..മനസ്സിലെ പ്രണയത്തിനു വീട്ടുകാരുടെ അനുവാദം...

മാസത്തിൽ ഒരു തവണയെങ്കിലും ഗുരുവായൂരപ്പന്റെ നടയിൽ നിന്നും തൊഴണം....

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ കടന്നു പോകുന്നതിനിടയിൽ എന്തൊക്കെ .സംഭവിച്ചു...

മനപ്പൂർവമല്ലെങ്കിലും പല സൌഹൃദങ്ങളും പാതി വഴിയിൽ മുറിഞ്ഞു പോയി...

ഏറ്റവും കൂടുതൽ ഗുരുവായൂരപ്പന്റെ മുന്നിൽ പ്രാർഥിച്ച പോലെ വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ ആ തിരുനടയിൽ വച്ച് തന്നെ പ്രണയസാക്ഷാത്കാരം...

അതിജീവനത്തിനു വേണ്ടി തിരഞ്ഞെടുക്കേണ്ടി വന്ന പ്രവാസ ജീവിതം...

കൊച്ചു കൊച്ചു പിണക്കവും ഇണക്കവും ഇഴ നെയ്ത ജീവിതത്തിന്  ശരിയായ് അർത്ഥവും ദിശയുമേകി കൊണ്ട് വിരിഞ്ഞ രണ്ട് കുരുന്നു പൂക്കൾ...

ഇതിനിടയിലെപ്പോഴാണ്  ജീവിതവും യാന്ത്രികമായത്..അറിയില്ല...ചുവരിൽ തറച്ച ക്ലോക്കിലെ കറങ്ങുന്ന സൂചികൾക്കൊപ്പം ചിട്ടയൊപ്പിച്ച ദിനരാത്രികൾ...

ആശിച്ചു കിട്ടുന്ന വിരലിലെണ്ണാവുന്ന വെക്കേഷൻ നാട്ടിൽ ചിലവഴിച്ച് കണ്ണടച്ചു തുറക്കും മുൻപേ തീരുമ്പോൾ തിരിച്ചു വരുന്ന നേരത്ത് മോളുടെ നിറയുന്ന കണ്ണുകൾ കണ്ടില്ലെന്നു നടിച്ച്...വീട്ടിൽ ചെന്നിട്ടു ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് മനപ്പൂർവം ആലോചിച്ച്....

പക്ഷെ പണ്ട് ഗുരുവായൂരപ്പന്റെ മുൻപിൽ നിന്നും പ്രാർഥിച്ചതിനും സ്വപ്നം കണ്ടതിനും എത്രയോ മേലെയാണ് ഈ ജീവിതം...പറയത്തക്ക അല്ലലുകളില്ലാതെ....

ഇന്ന് പാതിയിൽ മുറിഞ്ഞു പോയ പല സൌഹൃദങ്ങളും സോഷ്യൽ മീഡിയയുടെ സഹായത്താൽ വിളക്കി ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്..

എന്നാലും തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപെടുന്നുണ്ടോ....ഉണ്ടായിരിക്കാം.. പക്ഷെ അതൊക്കെ ആലോചിക്കാൻ എവിടെ നേരം അല്ലേ...

 







5 comments:

  1. എന്നാലും തിരിഞ്ഞു നോക്കുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപെടുന്നുണ്ടോ....ഉണ്ടായിരിക്കാം.. പക്ഷെ അതൊക്കെ ആലോചിക്കാൻ എവിടെ നേരം അല്ലേ...

    ReplyDelete
    Replies
    1. Correct... neram illa.. allengil undakkan vayya

      Love
      Mili

      Delete
  2. ശരിയാണ് ചേച്ചീ...

    ഓര്‍മ്മകളിലൂടെ ഊളിയിടുമ്പോഴാണ് പലതും നഷ്ടമാകുന്നില്ലേ എന്ന് നമ്മള്‍ തിരിച്ചറിയുന്നത്.

    'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം' അല്ലേ?

    നല്ല പോസ്റ്റ്!

    ReplyDelete
  3. യാത്രയുടെ ഓരോ ഘട്ടത്തിലും ചിലത് ഉപേക്ഷിക്കയും ചിലത് കൂടെച്ചേര്‍ക്കയും ചെയ്യുന്നത് തികച്ചും സ്വാഭാവികം. എന്നാലും തിരിഞ്ഞൊന്ന് നോക്കുമ്പോള്‍ നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെ!

    ReplyDelete