Wednesday 16 December, 2015

ചെന്നൈ പ്രളയം

ഓരോ ചെന്നൈ നിവാസികളുടെയും ജീവിതത്തിനെ ഇപ്പോള്‍ രണ്ടായി പകുത്താം...

പ്രളയത്തിനു മുന്‍പും പ്രളയത്തിനു ശേഷവും..

കച്ച്, ലാത്തൂര്‍, കേദാര്‍നാഥ്, നേപ്പാള്‍... ഓരോ ദുരന്തവാര്‍ത്തകള്‍ പേപ്പറില്‍ വായിക്കുമ്പോഴോ ദൃശ്യങ്ങള്‍ ടി വി യില്‍ കാണുമ്പോഴോ ഒരിക്കലും തങ്ങള്‍ക്കായി കാലം കാത്തു വെച്ചിരിക്കുന്നതും അതു തന്നെയാണെന്ന് ആരും കരുതിയിരുന്നില്ല...

അല്ലെങ്കിലും ഓരോ ദുരന്തങ്ങള്‍ അറിയുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ നാമോരുരുത്തരും ആശ്വസിക്കുന്നത് അത് നമുക്കു പറ്റിയില്ലല്ലോ എന്നാണല്ലോ....

അല്‍പം ഉയര്‍ന്ന പ്രദേശമായിരുന്നത്
കൊണ്ട് പ്രളയക്കെടുതി കാര്യമായി ബാധിച്ചില്ല... എന്നിട്ടും 5-6 ദിവസങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടാനായില്ല..

ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെറുമൊരു വിരല്‍ സ്പര്‍ശനത്തിനപ്പുറം എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യനെ പ്രകൃതി തന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കികൊടുത്തു...

3g പോയിട്ട് call ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥ...

പക്ഷേ എല്ലാറ്റിനും മീതെ മനുഷ്യത്വം മരിച്ചിട്ടില്ല എ ന്ന് ലോകത്തിനു കാണിച്ചു കൊടുക്കാനും ഈ പ്രളയത്തിനു കഴിഞ്ഞു..

മെട്രോ നഗരത്തിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ തൊട്ടടുത്ത് താമസിക്കുന്നതാരെന്നു പോലും പലരും ഇതു വരെ ശ്രദ്ധിച്ചു കാണില്ല..എന്നിട്ടും താഴത്തെ നിലകളില്‍ വെള്ളം കയറിയപ്പോള്‍ പലര്‍ക്കും ആദ്യ സഹായം ലഭിച്ചത് മുകളില്‍ താമസിക്കുന്നവരില്‍ തന്നെയാണ്.. ജാതിയോ മതമോ ഭാഷയോ ഒന്നും ആരും പരിഗണിച്ചതേയില്ല..

 ന്യൂസ് ചാനലുകളുടെ സ്റ്റുഡിയോകളില്‍ ഇരുന്ന് നേതാക്കന്മാരും സാംസ്കാരിക നായകന്മാരും സഹിഷ്ണുതയെ ക്കുറിച്ച് ഘോരഘോരം വാചകക്കസര്‍ത്ത് നടത്തുമ്പോള്‍ ചെന്നൈവാസികള്‍ അതു പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു...

വീഴാതെ പിടിച്ചു നിന്നവര്‍ വീണുപോയവര്‍ക്ക് താങ്ങായി...

ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ തന്നെ അവര്‍ ഒത്തു കൂടി ഒന്നായി പ്രവര്‍ത്തിച്ചു...

സോഷ്യല്‍ മീഡിയകള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനും അനോണി അക്കൗണ്ടുകള്‍ ഉണ്ടാക്കി അന്യരെ തെറി വിളിക്കാനും ഉള്ളതല്ല, മറിച്ച് നാടിനും നാട്ടുകാര്‍ക്കും എങ്ങനെ ഉപകാരപ്രദമാക്കാമെന്നു തെളിയിച്ചു...

ന്യൂജനറേഷന്‍ എന്നാല്‍ ഏതുനേരവും സ്മാര്‍ട്ട് ഫോണില്‍ തോണ്ടിക്കൊണ്ടു നടക്കുന്ന വെറും യോ - യോ പിള്ളേര്‍ മാത്രമല്ല എന്നും തെളിയിച്ചു...

ഇവിടെ മാത്രമാണ് ദുരന്തത്തില്‍ അകപ്പെട്ടവരേക്കാള്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ കണ്ടത് എന്ന് ആര്‍മി ഓഫീസര്‍ പറഞ്ഞത് വെറുതെയല്ല..

ജീവിതത്തിനോടുള്ള കാഴ്ചപ്പാടില്‍ തന്നെ പലര്‍ക്കും മാറ്റം വന്നിരിക്കും..

നന്ദി എന്ന ഔപചാരിക വാക്ക് ഏറെ പേരോട് പറയാനുണ്ടാകും ചെന്നൈയ്ക്ക്...
ആരും ആവശ്യപ്പെടാതെ  തന്നെ ദുരന്തമുഖത്തു നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച പേരറിയാത്ത എത്രയോ പേര്‍...

വെള്ളം പൊങ്ങി പുറത്തിറങ്ങാന്‍ പറ്റാതെ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബോട്ടുമായി വന്നവര്‍..

ഏതു പ്രതിസന്ധികളിലും നമുക്ക് തുണയേകുന്ന നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ആര്‍മി, എയര്‍ഫോഴ്സ്, നേവി വിഭാഗങ്ങള്‍...

ദുരിതബാധിതര്‍ക്കായി ഭക്ഷണവും വെള്ളവും വസ്തങ്ങളും മരുന്നുകളും നല്‍കിയ, ഇപ്പോഴും കൈയഴിച്ച് നല്‍കിക്കൊണ്ടിരിക്കുന്ന സുമനസ്സുകള്‍...

മൂന്നു ദിവസങ്ങളിലായി കേരളത്തിലേക്ക് 32 KSRTC ബസ്സുകള്‍  സൗജന്യമായി അനുവദിച്ച കേരള ഗവണ്മെന്റ്...

മുഖ്യമന്തിയുടെ ഫോട്ടോ ഒട്ടിച്ചാണെങ്കിലും  ബസ്സില്‍ നാലു നാളുകളില്‍ ചെന്നൈയില്‍ എവിടെയും സൗജന്യയാത്ര അനുവദിച്ച തമിഴ് നാട് ഗവണ്മെന്റ്..

കെടുതികളില്‍ നിന്നും കര കയറി വരുന്നേയുള്ളൂ ചെന്നൈ . വീടുകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം, മാലിന്യ  നിര്‍മാര്‍ജ്ജനം,രോഗപ്രതിരോധം, പകര്‍ച്ചവ്യാധി ഭീഷണി മുന്നില്‍ കടമ്പകള്‍ ഏറെയുണ്ട്..

പക്ഷേ എനിയ്ക്കുറപ്പുണ്ട് എല്ലാ  പ്രതിബന്ധങ്ങളെയുഃ മറികടന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചെന്നൈ ഉയര്‍ത്തെഴുന്നേല്‍ക്കും...

കാരണം നന്മയുടെയും ഒത്തൊരുമയുടെയും പുതുനാമ്പുകള്‍ ഇവിടെ അവശേഷിപ്പിച്ചാണ് പ്രളയജലം വിട്ടൊഴിഞ്ഞത്...

11 comments:

  1. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചെന്നൈ ഉയര്‍ത്തെഴുന്നേല്‍ക്കും...

    കാരണം നന്മയുടെയും ഒത്തൊരുമയുടെയും പുതുനാമ്പുകള്‍ ഇവിടെ അവശേഷിപ്പിച്ചാണ് പ്രളയജലം വിട്ടൊഴിഞ്ഞത്...

    ReplyDelete
  2. Superb Suja... Yes chennai will rise again as a Phoenix.... I have lived in chennai for 2 years... My life started there...a big salute to all....

    ReplyDelete
  3. മാനവികത നഷ്ടപ്പെടാത്ത ഒരു സമൂഹം ഇന്നും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് ചെന്നൈ നൽകിയത്. തീർച്ചയായും ചെന്നൈ ഉയർത്തെഴുന്നേൽക്കും

    ReplyDelete
  4. ശിങ്കാര ചെന്നൈ അതിന്റെ പൂർവ്വാധിക ശക്തിയോടെ തിരിച്ചു വരുവാൻ സർവ്വ ശക്ത നോട് പ്രാർത്ഥിക്കുന്നു. ഇത് ചെന്നൈക്ക് കിട്ടിയ അവസരം ആണ്. പ്രകൃതിയെ വീണ്ടും സ്നേഹിക്കാൻ ഉള്ള അവസരം.: .........

    ReplyDelete
  5. സങ്കടം വരുമ്പോൾ നാം ചേർന്നുനിൽക്കും

    ReplyDelete
  6. ചെന്നൈ വിശേഷങ്ങള്‍ അറിഞ്ഞിരുന്നു. കരുതിയതിലും ഭീകരമായിരുന്നു എന്ന് അനുഭവസ്ഥരുടെ വിവരണങ്ങളില്‍ നിന്ന് പിന്നീട് മനസ്സിലായി.

    എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാ ദുരിതത്തില്‍ നിന്നും മുക്തമായ ഒരു പുതിയ ചെന്നൈ തന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ.

    പുതുവത്സരാശംസകള്‍, ചേച്ചീ

    ReplyDelete
  7. മൂന്ന് വർഷം മദിരാശിയിൽ തങ്ങിയതിന്റെ ഓർമ്മകൾ ഈ പ്രളയകാലത്ത് വീണ്ടും മനസ്സിലേക്കെത്തി... മുമ്പൊരു പ്രളയത്തിൽ ആദമ്പാക്കം ആണ്ടാൾ നഗർ, വേളാച്ചേരി എന്നിവിടങ്ങളൊക്കെ വെള്ളത്തിനടിയിലായത് ഓർമ്മ വരുന്നു...

    പരസ്പരസഹായവുമായി ഒരുമിച്ച് നിന്ന ചെന്നൈ നിവാ‍സികൾക്ക് എന്റെ അഭിനന്ദനങ്ങൾ...

    ReplyDelete