Saturday, 28 November 2009

ഗുരുവായൂര്‍ പുരാണം

ഇന്ന് ഗുരുവായൂര്‍ ഏകാദശി. നന്ദനത്തിലെ ബാലമണി പറഞ്ഞതു പോലെ എല്ലാ നാട്ടുകാരും ഉണ്ണിക്കണ്ണനെ കാണാന്‍ എത്തിയിട്ടുണ്ടാവും. പക്ഷെ ഞാനോ..


എന്റെ ബാല്യകാല സ്മരണകളില്‍ നിറഞ്ഞു നില്കുന്നത് ഗുരുവായൂര്‍ അമ്പലവും ആ പരിസരവും തന്നെയാണ്. അന്നൊക്കെ പ്രധാനമായും നടത്തുന്ന യാത്രകളും അമ്പലത്തിലേക്കായിരുന്നു. പിന്നീട് ഹൈസ്കൂള്‍ - കോളേജ് കാലഘട്ടത്തില്‍ അതിനു വ്യത്യാസം വന്നെങ്കിലും ആഴ്ചയില്‍ ഒരു തവണയെങ്കിലും പോകുമായിരുന്നു. ജോലി കിട്ടിയതോടെ അത് മാസത്തില്‍ ഒരു തവണ എന്നായി ചുരുങ്ങിയെങ്കിലും ഗുരുവയോരപ്പനോടുള്ള ഭക്തിയില്‍ ഒട്ടും കുറവ് വന്നിരുന്നില്ല.

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ എല്ലാവരും ചിരിക്കും. അല്ലെങ്കില്‍ കളിയാക്കും. സത്യത്തില്‍ ഭക്തിയേക്കാള്‍ കൂടുതല്‍ വേറെ എന്തൊക്കെയോ ആയിരുന്നു ആ സന്നിധിയില്‍ നില്‍ക്കുമ്പോള്‍ തോന്നിയിരുന്നത്. അച്ഛനമ്മമാരുടെ ഏക സന്തനമായിരുന്നതിനാല്‍ എപ്പോഴും ഒരു ഏട്ടന്റെ സ്നേഹത്തിനു വേണ്ടി കൊതിച്ചിരുന്നു പണ്ട്.(ഇപ്പോഴും അതിനു വലിയ കുറവൊന്നും വന്നിട്ടില്ല പ്രത്യേകിച്ചും ടി വി യില്‍ ഉസ്താദ്‌ സിനിമ കാണുമ്പോള്‍). അതു കൊണ്ടു തന്നെ "എന്റെ കൃഷ്ണാ" എന്ന് വിളിക്കുമ്പോഴും ഭക്തിയേക്കാള്‍ ഒരു മൂത്ത സഹോദരനോടുള്ള ബഹുമാനമാണ് മനസ്സില്‍ തോന്നുന്നത്.(ഇപ്പോഴും).

ഇപ്പോഴും ഏതെങ്കിലും അമ്പലത്തില്‍ പോയാല്‍ ആദ്യം മനസ്സില്‍ ഉയരുന്നത് "എന്റെ കൃഷ്ണാ" എന്നു തന്നെയാണ്. വേറെ ഏതു അമ്പലത്തില്‍ പോയാലും ഗുരുവായൂര്‍ പോയി തോഴുതാലുള്ള മന:സുഖം കിട്ടാറില്ല.(മറ്റു ദൈവങ്ങള്‍ പൊറുക്കട്ടെ..) അതിന്റെ കാരണമൊന്നും എനിക്കു അറിയില്ല. ജീവിത വഴിയില്‍ പലപ്പോഴും എന്നോട് കള്ളത്തരം കാണിക്കുമ്പോള്‍ , എന്നെ പറ്റിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം എന്റെ നിരപരാധിത്വം തെളിയിക്കാന്‍, കപട സ്നേഹം കാണിക്കുന്നവരെ തിരിച്ചറിയാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നത് എന്റെ കൃഷ്ണന്‍ കൂടെ ഉള്ളത് കൊണ്ടാണല്ലോ.

കുട്ടിക്കാലത്ത് തൊഴുതിരുന്നത്തില്‍ നിന്നും ഗുരുവായൂര്‍ അമ്പലവും പരിസരവും ഒരു പാട് മാറിയിട്ടുണ്ട് ഇപ്പോള്‍. അന്നൊന്നും ഇതു പോലെയുള്ള തിരക്കും ബഹളവും ഇല്ലായിരുന്നു. നാലമ്പലത്തിനുള്ളില്‍ ചുരുങ്ങിയത് 3 പ്രദിക്ഷണം വെയ്ക്കണമെന്ന് നിര്‍ബന്ധമായിരുന്നു അമ്മയ്ക്ക്. ഇന്നിപ്പോള്‍ ഒരു പ്രാവശ്യം പോലും മുഴു പ്രദക്ഷിണം ചെയ്യാന്‍ പറ്റില്ല. പ്രദിക്ഷണം വച്ച് വരുമ്പോള്‍ ശ്രീ കോവിലിന്റെ മുന്നിലേക്ക്‌ തിരിയുന്ന ഭാഗത്ത്‌ വാഴയില കുമ്പിള്‍ കുത്തിയതില്‍ നെയ്യ് കിട്ടുമായിരുന്നു. ഒന്നോ രണ്ടോ രൂപയായിരുന്നു എന്നു തോന്നുന്നു, ശരിക്കോര്‍മ്മയില്ല. അതു വാങ്ങി ഗണപതിയുടെയും പുറത്തു ഭഗവതിയുടെയും അയ്യപ്പന്റെയും ശ്രീകോവിലില്‍ കൊടുത്തിരുന്നത് ഓര്‍ക്കുന്നു. പിന്നീടു എപ്പോഴോ ദേവസ്വം അത് നിര്‍ത്തലാക്കി.

പിന്നെ കുന്നിക്കുരുവും മഞ്ചാടിയും വാരല്‍. കുട്ടിക്കാലത്തെ പ്രധാന attraction ആയിരുന്നു അത്. കുട്ടികള്‍ ഉറക്കംതൂങ്ങികള്‍ ആവാതെ നല്ല വികൃതിക്കുട്ടികള്‍ ആകാന്‍ വേണ്ടിയാണത്രേ കുന്നിക്കുരു വാരുന്നത്.(എങ്കില്‍ ഞാന്‍ വാരേണ്ട ആവശ്യമില്ല എന്നാണ് എന്നെ അറിയുന്നവരെല്ലാം പറഞ്ഞിരുന്നത്. അതിന്റെ ഗുട്ടന്‍സ് എന്താണെന്നു എനിയ്ക്ക് സത്യമായും അറിയില്ല). വലുതായിട്ടും അതിനോടുള്ള ഇഷ്ടം മാറിയിട്ടില്ല.

ദീപാരാധന തൊഴുവാന്‍ വേണ്ടി അരമണിക്കൂറിലും കുടുതല്‍ കാത്തു നിന്നിട്ടുണ്ട്, ശ്രീ കോവിലിന്റെ അടുത്ത്. പിന്നെ ഉത്സവം. .. പറയുന്നത് കേട്ടിട്ടുണ്ട് ഗുരുവായൂരില്‍ എന്നും ഉത്സവമാണ് എന്ന്. ദിവസവും ചെയ്യുന്ന പൂജകളെചൊല്ലിയാണ് അങ്ങനെ പറയുന്നതത്രേ. പള്ളിവേട്ടയ്ക്കും ആറാട്ടിനും സന്ധ്യയ്ക്ക് ഗുരുവായൂരപ്പന്‍ മതില്‍ക്കു പുറത്തേക്കു എഴുന്നള്ളുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. ആ രണ്ടു ദിവസം മാത്രം കൊടിമരച്ചുവട്ടില്‍ വച്ചാണ് ദീപാരാധന. പരിസരത്തുള്ള കടകളും വീടുകളുമെല്ലാം വിളക്ക് വെച്ച് ഗുരുവായൂരപ്പനെ എതിരേല്‍ക്കുന്നത് എത്ര വര്‍ണിച്ചാലും മതി വരില്ല.

ഗുരുവായൂരപ്പന്റെ കോളേജില്‍ പഠിച്ചിരുന്നതിനാല്‍ അമ്പലത്തിലെ വിശേഷങ്ങള്‍ക്ക് അവധിയായിരുന്നു
. ഉത്സവക്കാലത്ത് ഒരു ദിവസത്തെ കലാപരിപാടി കോളേജ് കുട്ടികളുടെ വകയായിരുന്നു. ഒന്നിലും പങ്കെടുക്കാറില്ല എങ്കിലും ആ ദിവസം എല്ലാത്തിന്റെയും ചുക്കാന്‍ തങ്ങളുടെ കയ്യിലാണെന്ന ഭാവത്തില്‍ ഓഡിറ്റോറിയത്തിലും ഗ്രീന്‍ റൂമിലും കൂട്ടുകാരികളുടെ കൂടെ ചുറ്റിയടിച്ചിരുന്നത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. അത് പോലെ ഏകാദശിക്കാലത്തെ ചെമ്പൈ സംഗീതോല്‍സവത്തിന് പാടാറുണ്ടായിരുന്ന സ്നേഹിത പ്രജിതയ്ക്ക് കൂട്ട് പോയിരുന്നതും.

കഴിഞ്ഞു പോയ ആ നല്ല നാളുകള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ല

പരാതിയും പരിഭവവും പറയുന്നതില്‍ അര്‍ത്ഥമില്ല. ഇതു പോലൊരു ജീവിതത്തിനു തന്നെയാണല്ലോ മുന്‍പ് ആ തിരുനടയില്‍ നിന്ന് പ്രാര്‍ത്ഥിച്ചതും. ചിലത് നേടുമ്പോള്‍ മറ്റു ചിലത് നഷ്ടപ്പെടേണ്ടി വരും എന്ന് പറയുന്നത് എത്ര ശരിയാണ്..

3 comments:

  1. ഇത് ഗുരുവായൂര്‍ അമ്പലത്തിനെ പറ്റിയുള്ള പ്രോപോഗാന്റ ആയോ എന്നൊരു സംശയം എഴുതിക്കഴിഞ്ഞപ്പോള്‍ എനിയ്ക്കും തോന്നി. രാവിലെ ടി വി വച്ചപ്പോള്‍ സുര്യയില്‍ ഗുരുവായൂര്‍ അമ്പലവും ഏകാദശിതിരക്കും...പിന്നെ എങ്ങനെ എഴുതാതിരിക്കാന്‍ പറ്റും.. നൊസ്റ്റാള്‍ജിയ...നൊസ്റ്റാള്‍ജിയ..

    ReplyDelete
  2. എഴുത്തിലും ഒരു നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നുണ്ട്... കൊള്ളാം

    ReplyDelete
  3. ബാലമണിക്ക് ആശംസകള്‍ :).. ഓര്‍മ്മകളുടെ മുറ്റത്തെ മഞ്ചാടിക്കുരു പെറുക്കി കൂട്ടിയ അക്ഷരങ്ങള്‍ നന്നായി

    ReplyDelete