Saturday, 27 February 2010

എന്റെ സാഹസിക യാത്രകള്‍ - 4

ഒരുപാട് നാളുകള്‍ക്ക് ശേഷം അങ്ങനെ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി. ആദ്യത്തെ 3 ആഴ്ചകള്‍ ട്രെയിനിംഗ് ദിനങ്ങളായിരുന്നു. പിന്നെ ഒരു മൂന്നാഴ്ച ബെഞ്ചിലും. അങ്ങനെ ജോയിന്‍ ചെയ്തു 2 മാസമാകുമ്പോഴാണ് സത്യം പറഞ്ഞാല്‍ ജോലി ചെയ്തു തുടങ്ങിയത്.

ഒരു ഹൈ-ടെക് ജോലിയുടെ എല്ലാ ഗമയും ഉണ്ടായിരുന്നു (ശമ്പളം ഹൈ- ടെക് അല്ലായിരുന്നെങ്കിലും)

മാസത്തിന്റെ ആദ്യത്തെ 10 -12 നാളുകള്‍ വളരെ രസകരമായിരുന്നു. ഡാറ്റ വരാത്തതിനാല്‍ കാര്യമായി ജോലി ഉണ്ടാകില്ല. രാവിലെ 10 മണിയാകുമ്പോഴേക്കു എത്തിയാല്‍ മതി. ഉച്ചക്ക് ഊണും കഴിഞ്ഞു 3 മണിക്ക് മുന്‍പേ ഇറങ്ങാം. എല്ലാ മാസവും കമ്പനി ചെലവില്‍ ഒരു ഔട്ടിംഗ് അല്ലെങ്കില്‍ ഒരു സിനിമ (അത് തന്നെ കൂതറ തമിഴ് സിനിമ).

പക്ഷെ .... ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടെന്നു പറയുന്ന പോലെ 10 -12 ദിവസം സുഖിച്ചതിനെല്ലാം പകരം വീട്ടും ബാക്കിയുള്ള ദിവസങ്ങള്‍. രാവിലെ 7 മണിക്ക് ഓഫീസില്‍ എത്തിയാല്‍ 6 .30 വരെയും വിളിയോട് വിളി ...(തെറ്റിദ്ധരിക്കല്ലേ ലേലം വിളിയല്ല . ലോണ്‍ എടുത്ത് EMI അടയ്ക്കാത്തവരെ ഫോണ്‍ ചെയ്യുന്നത് അന്ന് ഉദ്ദേശിച്ചത്.) ഞായറാഴ്ച പോലും ആ സമയത്ത് ഒഴിവുണ്ടാകില്ല. കൂടാതെ ഒരിക്കലും എത്തിപ്പിടിയ്ക്കാന്‍ പറ്റാത്ത ഒരു ടാര്‍ഗെറ്റും.

അധികം താമസിയാതെ തന്നെ മനസ്സ് മടുത്തു. അല്ലെങ്കില്‍ തന്നെ ഈ ടാര്‍ഗറ്റ് ബേയ്സ്ഡ് ജോലി എനിക്കു പണ്ടേ ഇഷ്ടമായിരുന്നില്ല. പിന്നെ എന്തിനു അറിഞ്ഞു കൊണ്ട് ഈ പണിയ്ക്കിറങ്ങി എന്ന് ചോദിച്ചാല്‍ ആദ്യമായി കിട്ടിയ അവസരം നഷ്ടപെടുത്തേണ്ട എന്ന് കരുതിയത്‌ കൊണ്ടാണ്.

5 മാസം കഴിയും മുന്‍പേ തന്നെ വീണ്ടും naukri യെ കൂട്ട് പിടിച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരുടെയും കൊണ്ടുപിടിച്ചുള്ള ശ്രമഫലമായി ഒരു കണ്‍സള്‍ടിംഗ് കമ്പനിയില്‍ നിന്നും വിളി വന്നു. അങ്ങനെ ഇന്റര്‍വ്യൂവിനു പോകേണ്ട ദിവസം ആഗതമായി. രാവിലെ 10 മണിക്കാണ് അവിടെ എത്തേണ്ടത്. ഇറങ്ങാന്‍ നില്‍കുമ്പോള്‍ ആണ് വേറെ ഒരു കണ്‍സള്‍ടിംഗ് കമ്പനിയില്‍ നിന്നുമുള്ള വിളി.

ആഹാ കൊള്ളാം ഒരു വെടിയ്ക്ക് രണ്ടു പക്ഷി... അത് ഉച്ചക്ക് 2 മണിയ്ക്ക് വരാമെന്നറിയിച്ചു.

ആദ്യത്തെ കൂടിക്കാഴ്ച കുഴപ്പമൊന്നുമില്ലാതെ തന്നെ കഴിഞ്ഞു. സെലക്ട്‌ ആവുകയും ചെയ്തു, ശമ്പളവും ഓക്കേ. പക്ഷെ കിം ഫലം. ചുരുങ്ങിയത് മൂന്നര മണിക്കൂറെങ്കിലും യാത്ര ചെയ്താലേ ജോലി സ്ഥലത്ത് എത്താന്‍ പറ്റു. 9 മണിക്ക് ഓഫീസില്‍ എത്തണമെങ്കില്‍ അഞ്ചരക്കെങ്കിലും വീട്ടില്‍ നിന്നും ഇറങ്ങണം. വൈകീട്ട് ഏഴര വരെയാണ് ജോലി. അത് കഴിഞ്ഞു വീട്ടിലെത്തുന്നത് 11 മണിയ്ക്കാകും. ചെന്നൈയിലെ ട്രാഫിക്‌ കൂടിയാകുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ അത് പാതിരാത്രി കഴിഞ്ഞെന്നും വരാം. അങ്ങനെ ആ ജോലിയുടെ കാര്യം തഥൈവ...

(ഗുണപാഠം : അതിനു ശേഷം ജോലിയുടെ കാര്യത്തിനായി ആരെങ്കിലും വിളിച്ചാല്‍ ആദ്യം തന്നെ "place of work " എവിടെയാണ് എന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യങ്ങളിലേക്ക് കടക്കൂ)

ഓ ഒന്ന് പോയാല്‍ തന്നെ എന്താ രണ്ടാമത്തെ ഇന്റര്‍വ്യൂവിനു പോകാമല്ലോ .. അങ്ങനെ അതിനു പോയി.. വഴി അറിഞ്ഞിട്ടൊന്നുമല്ല. വായില്‍ നാക്കുള്ളപ്പോള്‍ എന്തിനു പേടിക്കണം.. അങ്ങനെ ചോയ്ച്ചു ചോയ്ച്ചു പോയി..

അവിടെ ചെന്നപ്പോള്‍ തന്നെ മനസ്സിലായി ഇതു ശരിയാവില്ല എന്ന്. കാരണം 2 വര്‍ഷത്തെ ബോണ്ട്‌. അതും കൂടാതെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അവര്‍ക്ക് കൊടുക്കണം. പിന്നെ റിസൈന്‍ ചെയ്തു ഒരു മാസത്തിനു ശേഷമേ കിട്ടു പോലും. ശമ്പളത്തിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഉടനെ തന്നെ അവരോടു ടാറ്റയും പറഞ്ഞിറങ്ങി..

ബസ്‌ സ്റ്റോപ്പില്‍ വന്നതും ഒരു ബസ്‌. കോയമ്പേട് - ട്രിപ്ലിക്കന്‍ ബോര്‍ഡ്‌ കണ്ടപ്പോള്‍ ചാടിക്കയറി. അഞ്ചു രൂപ എടുത്തു കൊടുത്തപ്പോള്‍ കണ്ടക്ടര്‍ ഒന്നും പറയാതെ തന്നെ നാല് രൂപ ടിക്കെറ്റും ബാക്കി ഒരു രൂപയും തന്നു. 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു സംശയം -- ഈ വഴികളൊന്നും ഒരു കണ്ടു പരിചയമേയില്ലല്ലോ. അടുത്തിരിക്കുന്ന സ്ത്രീയോട് ചോദിച്ചു:

"ഇന്ത ബസോവുടെ ലാസ്റ്റ് സ്റ്റോപ്പ്‌ എങ്കെ ?"

"ട്രിപ്ലിക്കന്‍ " കൂടെ ഇതു അറിയില്ലെങ്കില്‍ പിന്നെ എന്തിനാ ഈ ബസ്സില്‍ കയറിയത് എന്നര്‍ത്ഥത്തില്‍ ഒരു നോട്ടവും.

പഷ്ട്. ട്രിപ്ലിക്കനില്‍ നിന്നും കോയമ്പേട് പോകുന്നതു എന്ന് ഞാന്‍ കരുതിയ വണ്ടി സത്യത്തില്‍ കോയമ്പേട് നിന്നും ട്രിപ്ലിക്കന്‍ പോകുന്നതാണ്.

ഹും.. ഞാന്‍ ആരാ മോള്‍. പറ്റിയ മണ്ടത്തരം ആരോടും പറഞ്ഞില്ല. എന്തിനു ചമ്മല്‍ പോലും പുറത്തു കാണിച്ചില്ല.

അടുത്ത സ്റ്റോപ്പ്‌ വന്നപ്പോള്‍ കൂളായി ഇറങ്ങി. പിന്നെ ഒന്ന് ചുറ്റും നോക്കി. റോഡ്‌ ക്രോസ് ചെയ്തു എതിര്‍വശത്തെ ബസ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നും. ബസ്‌ വന്നപ്പോള്‍ ഇത്തവണ കയറുന്നതിനു മുന്‍പ് തന്നെ കോയമ്പേട് പോകുമോ എന്ന് ചോദിച്ചു ഉറപ്പിച്ചു.

അല്ലെങ്കിലും കണ്ടാല്‍ അറിയാത്തവ"ള്‍" കൊണ്ടാല്‍ അറിയും എന്ന് പറഞ്ഞത് എത്ര ശരി.

അനുഭവം ഗുരു...

5 comments:

  1. കണ്ടാല്‍ അറിയാത്തവ"ള്‍" കൊണ്ടാല്‍ അറിയും എന്ന് പറഞ്ഞത് എത്ര ശരി. അങ്ങനെ കണ്ടും കൊണ്ടും ഞാന്‍ എന്റെ യാത്രകള്‍ തുടര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു....

    ReplyDelete
  2. ജോലി അന്വേഷണവും എഴുത്തും തുടരുക ആശംസകൽ

    ReplyDelete
  3. ഓ... ഒരബദ്ധമൊക്കെ പറ്റാത്തവരുണ്ടാകുമൊ...? സാരല്യാന്നേ ;)

    ReplyDelete
  4. എല്ലാം വായിച്ചു വളരെ നല്ല അവതരണം ... അനുഭവങ്ങളില്‍ നിന്നും
    കഥകളും നോവലുകളും എല്ലാം പോരട്ടെ ... എല്ലാ ഭാവുകങ്ങളും നേരുന്നു ..

    ReplyDelete