Wednesday, 21 April, 2010

എന്റെ സാഹസിക യാത്രകള്‍ - 5

അങ്ങനെ പകല്‍ മുഴുവന്‍ ജ്വാലിയും കൂടണഞ്ഞാല്‍ പിന്നെ എല്ലാ ജോബ്‌ സൈറ്റുകളും കയറിയിറങ്ങുകയും ചെയ്തു നാളുകള്‍ കഴിച്ചിരുന്ന കാലം...

ഇടയ്ക്ക് ഒന്ന് രണ്ടു ഓഫര്‍ ഒത്തു വന്നെങ്കിലും അതും ടെലി കാളിംഗ് ആയതു കൊണ്ട് വേണ്ടെന്നു വച്ചു. അപ്പോഴാണ് ഒരു ലോജിസ്റിക് കമ്പനിയില്‍ നിന്നും ഒരു ഓഫര്‍ കിട്ടിയത്. പതിവുപോലെ ചോയ്ച്ചു ചോയ്ച്ചു പോയി സ്ഥലം കണ്ടു പിടിച്ചു. ഇന്റര്‍വ്യൂ കുഴപ്പമില്ലാതെ തന്നെ കഴിഞ്ഞു. G M നേരിട്ട് തന്നെയാണ് ഇന്റര്‍വ്യൂ എടുത്തത്‌. ഒരു മലയാളി. പക്കാ പഴയന്നൂര്‍കാരന്‍.

അങ്ങനെ ഓരോ നാട്ടുവര്‍ത്തമാനങ്ങളെല്ലാം പറഞ്ഞു ഒടുവില്‍ വിലപേശലില്‍ എത്തി അല്ലെങ്കില്‍ എത്തിച്ചു. എത്രയാ പ്രതീക്ഷിക്കുന്നത് എന്ന് ചോദ്യം.

ഒട്ടും കുറക്കാന്‍ നിന്നില്ല. അല്ലെങ്കിലും മനോരാജ്യത്തില്‍ എന്തിനാ അര്‍ദ്ധ രാജ്യം. മറുപടി കേട്ടപ്പോള്‍ പാവത്തിന് തോന്നിയിരിക്കണം ചോദിയ്ക്കെണ്ടിയിരുന്നില്ല എന്ന്.

വൈകുന്നേരത്തിനുള്ളില്‍ വെവരം അറിയിക്കാമെന്ന് പറഞ്ഞു. എന്തായാലും 4 മണിയാകും മുന്‍പേ ഗ്രീന്‍ സിഗ്നലുമായി വിളി വന്നു.

ദൂരം കുറച്ചു കൂടുതലായിരുന്നെങ്കിലും യാത്ര ലോക്കല്‍ ട്രെയിനില്‍ ആയതു കാരണം അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല. (ആദ്യത്തെ ദിവസത്തെ അബദ്ധം ഒഴിച്ചു..)

അങ്ങനെ ആ സുദിനം ആഗതമായി. ആദ്യത്തെ ദിവസം ബസില്‍ പോകാമെന്ന് തീരുമാനിച്ചു. 8 മണിയ്ക്ക് മുന്‍പേ സ്റ്റാന്‍ഡില്‍ ഹാജരായി ബസ്സില്‍ കയറിയിരുന്നു. എല്ലാ സീറ്റിലും ആളായപ്പോള്‍ ഒരു അറിയിപ്പ്. ഈ ബസ്‌ ഇപ്പോള്‍ പോകുന്നതല്ല. എല്ലാവരോടും തൊട്ടടുത്തു കിടക്കുന്ന ബസ്സില്‍ കയറിക്കൊള്ളാന്‍. ഒപ്പം ബുദ്ധിമുട്ടിച്ചതിനു ഒരു "മന്നിച്ചിടുന്ഗെ" യും..

അടുത്ത ബസ്സാണെങ്കില്‍ റോഡിനു വേദനയായെങ്കിലോ എന്ന് കരുതി ഇഴഞ്ഞിഴഞ്ഞു എത്തുമ്പോള്‍ സമയം 10 .15 . ഓഫീസ് ടൈം 10 -6 ആണ്. ഭാഗ്യത്തിന് GM എത്തിയിട്ടുണ്ടായിരുന്നില്ല.

റീജിയണല്‍ ഓഫീസില്‍ നിന്നും കഷ്ടി അഞ്ചു മിനിറ്റ് നടക്കാവുന്ന ദൂരത്തില്‍ ആയിരുന്നു ഞങ്ങള്‍ കുറച്ചു പേര്‍ ഇരിക്കുന്ന അനെക്സ്‌ ഓഫീസ്. ജോയിന്‍ ചെയ്ത ഉടനെ തന്നെ M D യെ ചെന്ന് കാണാന്‍ ശ്രമിച്ചെങ്കിലും ആള്‍ ഏതോ മീറ്റിംഗില്‍ ആയിരുന്നു. അങ്ങനെ 5 .45 ന് ഇറങ്ങി. MD യെയും കണ്ടു ഒരു ഹായ് പറഞ്ഞു അങ്ങനെ നേരെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍-ഇലേക്ക് പോകാമെന്നായിരുന്നു പ്ലാന്‍.

അവിടെ ചെന്നപ്പോള്‍ മനസ്സിലായി ഇന്ന് ആ മഹാനെ കാണുന്ന കാര്യം സംശയമാണ് എന്ന്. കാരണം മീറ്റിംഗ് തന്നെ മീറ്റിംഗ്.. (കടപ്പാട് : ശ്രീമതി ബിന്ദു പണിയ്ക്കര്‍).

അങ്ങനെ 6 മണി ആയപ്പോള്‍ ആരോ വന്നു പറഞ്ഞു ലേറ്റ് ആകുമെങ്കില്‍ പൊയ്ക്കോളൂ നാളെ വന്നു കണ്ടാല്‍ മതി എന്ന്. സാരമില്ല ഞാന്‍ കുറച്ചു നേരം കൂടി വെയിറ്റ് ചെയ്തോളാം എന്ന് മൊഴിഞ്ഞു വിനയാന്വിതയായി (അങ്ങനെ തന്നെയല്ലേ പറയേണ്ടത്. ഞാന്‍ ജനിച്ചതു അങ്ങ് ഓസ്ട്രാലിയലും വളര്‍ന്നത്‌ കാനഡയിലും ആയതു കൊണ്ട് മല്‍യാലം കുര്‍ചു കുര്‍ചു മാത്രമേ അര്‍യൂ)

അങ്ങനെ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ദര്‍ശനം കിട്ടി. സത്യം പറയണമല്ലോ അത് വരെ കാത്തിരിയ്ക്കേണ്ടി വന്നതിന്റെ വിഷമമെല്ലാം മാറിക്കിട്ടി നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍. എന്താ പറയുക വളരെ down to earth ആയ ഒരു മനുഷ്യന്‍. ഇന്ത്യ മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ കമ്പനിയുടെ MD ആണെന്ന ഒരു ജാടയുമില്ലാത്ത ഒരു പാവം.

അങ്ങനെ അങ്ങേരോട് യാത്രയും പറഞ്ഞു ഇറങ്ങി. ബസ്‌ പിടിച്ചു സ്റ്റേഷനില്‍ എത്തുമ്പോള്‍ മണി 7 കഴിഞ്ഞിരുന്നു. നോക്കുമ്പോള്‍ 3 പ്ലാട്ഫോമിലും ട്രെയിന്‍ കിടക്കുന്നുണ്ട്. ഒന്ന് ഗുമുണ്ടിപൂണ്ടി എന്ന ആന്ധ്ര ബോര്‍ഡറില്‍ ഉള്ള സ്ഥലത്തേയ്ക്കാണ്. പിന്നെയുള്ള രണ്ടെണ്ണം എങ്ങോട്ടാണ് എന്ന് നോക്കാനുള്ള ശ്രമത്തിനിടയിലാണ് "തിരുത്തണി" ട്രെയിന്‍ പതിനാലാമത് പ്ലാട്ഫോമില്‍ നിന്നും പുറപ്പെടുമെന്ന അനൌണ്‍സ്മെന്റ് കേട്ടത്. ഉടനെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ ചാടിക്കയറി. നല്ല തിരക്കായത് കൊണ്ട് ഡോറിനടുത്ത് തന്നെ നില്‍ക്കാനേ പറ്റിയുള്ളൂ.

പെരമ്പൂര്‍ കഴിഞ്ഞതും ഒരു സംശയം. 3 സ്റ്റേഷന്‍ കഴിഞ്ഞിട്ടും ട്രെയിന്‍ ഇതു വരെ എവിടെയും നിര്‍ത്തിയിട്ടില്ല. എവിടെയോ ഒരു ബള്‍ബ് കത്തി. (അന്ന് ലഡ്ഡു പൊട്ടുന്ന കാലമായിരുന്നില്ല ..) അടുത്ത് നിന്നിരുന്ന ചേച്ചിയോട് ചോദിച്ചു.

"അക്കാ നെക്സ്റ്റ് സ്റ്റോപ്പ്‌ എന്ത സ്റ്റേഷന്‍?"

"തിന്നന്നുര്‍". ഉടന്‍ വന്നു മറുപടിയും. (തിരുനിട്രവൂര്‍ എന്നാണ് ശരിക്കുള്ള സ്ഥലപ്പേര്. അതാണ് പറഞ്ഞു പറഞ്ഞു തിന്നന്നുര്‍ എന്നായത്. )

കൊള്ളാം. എനിയ്ക്കിറങ്ങേണ്ട "ആവടി"യും കഴിഞ്ഞ് മൂന്നാമത്തെ സ്റ്റേഷന്‍ ആണ് തിന്നന്നുര്‍. അപ്പോള്‍ ഓര്‍മ്മ വന്നത് Home Alone IInd പാര്ട്ടിലെ കെവിന്‍ ന്യൂ യോര്‍ക്കില്‍ ഒറ്റയ്ക്ക് പോയപ്പോള്‍ പറയുന്ന ഡയലോഗ് ആണ്.

"I DID IT AGAIN".

ചിരിക്കണോ കരയണോ അതോ ടെന്‍ഷന്‍ അടിക്കണോ എന്ന സംശയവുമായി നില്‍ക്കുന്ന എന്റെ മുഖഭാവം കണ്ടപ്പോള്‍ ആ ചേച്ചി ചോദിച്ചു:

"എങ്കെ പോകണം"

"ആവടി"

"അയ്യോ അമ്മാ, ഇന്ത ട്രെയിനുക്ക് ആവടി സ്റ്റോപ്പ്‌ കിടയാത്."

"ഇപ്പൊ പുരിഞ്ചാച്ച്."

പിന്നെയും അവരോട് സംസാരിച്ചപ്പോഴാണ് മനസ്സിലായത് തിരുത്തണി ട്രെയിന്‍ പന്ത്രണ്ടാമത്തെ പ്ലാട്ഫോമില്‍ ആയിരുന്നു എന്ന്. "പന്തിരണ്ടാമത്" എന്ന് അനൌണ്‍സ് ചെയ്തത് ഞാന്‍ "പതിനാലാമത്" എന്ന് തെറ്റിദ്ധരിച്ചതായിരുന്നു. ഇതു തിരുപ്പതി ഫാസ്റ്റ് ട്രെയിന്‍ ആണത്രേ.

ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി.

എന്തായാലും വീട്ടിലേക്കു വിളിച്ചു കാര്യം പറഞ്ഞു. തിന്നന്നുര്‍ ഇറങ്ങി അടുത്ത ട്രെയിനില്‍ തിരിച്ചു വരാം എന്നും പറഞ്ഞു.

ഞാനാകെ കരഞ്ഞു നിലവിളിച്ചു ബഹളം വയ്ക്കുമെന്നായിരിയ്ക്കും അടുത്ത് നിന്നവര്‍ കരുതിയത്‌. എനിയ്ക്കിതൊന്നും ഒരു പുത്തരിയല്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ.

എന്തായാലും ആരുടെയോ ഭാഗ്യത്തിന് ആവടി കഴിഞ്ഞ് അടുത്ത സ്റ്റേഷനില്‍ എന്തോ സിഗ്നല്‍ പ്രോബ്ലം കാരണം ട്രെയിന്‍ നിന്നും. പ്ലട്ഫോമിന്റെ അടുത്തല്ല നിന്നത് എങ്കിലും ചാടിയിറങ്ങി ഒരുവിധം പ്ലാട്ഫോമില്‍ എത്തി. തിരിച്ചുള്ള ടിക്കറ്റ്‌ എടുത്തു വന്നപ്പോഴേക്കും ട്രെയിന്‍ എത്തിയിരുന്നു.

അപ്പോള്‍ കണ്ട കാഴ്ച വളരെ നായനാനന്ദകരമായിരുന്നു. അബദ്ധം പറ്റിയിരിക്കുന്നത് എനിയ്ക്ക് മാത്രമല്ല - വേറെയും 5 -6 പേര്‍ ഉണ്ട് കൂട്ടിന്.

കാലം പിന്നെയും കടന്നു പോയി.. ലോക്കല്‍ ട്രെയിന്‍ യാത്ര തുടങ്ങി 2 വര്‍ഷങ്ങള്‍ക്കു മേലെയായി. ഏതൊക്കെ ട്രെയിന്‍ ആവടി നിര്‍ത്തുമെന്നതിനു പുറമേ ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ പ്ലട്ഫോമിന്റെ ഏതു ഭാഗത്തായി വരുമെന്നും ഏതു വഴി കയറിയാല്‍ പെട്ടെന്ന് സീറ്റ്‌ കിട്ടുമെന്നും വരെ ഇപ്പോള്‍ പഠിച്ചു..

ഇപ്പോഴും മിക്കവാറും തിരിച്ചു വരുന്നത് തിരുത്തണി ട്രെയിനില്‍ തന്നെയാണ്. തൊട്ടടുത്ത പ്ലാട്ഫോമില്‍ അപ്പോഴും ഉണ്ടാകും അതേ തിരുപ്പതി ഫാസ്റ്റ്....
വാല്‍ക്കഷ്ണം : സാഹസികയാത്രകള്‍ എന്ന ഈ മെഗാ പരമ്പരയ്ക്ക് തല്ക്കാലം ഇവിടെ ഒരു അര്‍ധവിരാമമാവുകയാണ്. എന്ന് വച്ചാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ നടത്തിയ സാഹസികയാത്രകള്‍ ഇത്രയൊക്കെയേ ഉള്ളു. ഇനി അടുത്ത യാത്രയ്ക്ക് ശേഷം പരമ്പര തുടരുന്നതായിരിക്കും.

5 comments:

 1. സാഹസികയാത്രകള്‍ എന്ന ഈ മെഗാ പരമ്പരയ്ക്ക് തല്ക്കാലം ഇവിടെ ഒരു അര്‍ധവിരാമമാവുകയാണ്. എന്ന് വച്ചാല്‍ കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ നടത്തിയ സാഹസികയാത്രകള്‍ ഇത്രയൊക്കെയേ ഉള്ളു. ഇനി അടുത്ത യാത്രയ്ക്ക് ശേഷം പരമ്പര തുടരുന്നതായിരിക്കും.

  ReplyDelete
 2. "ഞാനാകെ കരഞ്ഞു നിലവിളിച്ചു ബഹളം വയ്ക്കുമെന്നായിരിയ്ക്കും അടുത്ത് നിന്നവര്‍ കരുതിയത്‌. എനിയ്ക്കിതൊന്നും ഒരു പുത്തരിയല്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ."

  ലത് കറക്റ്റ്... ഇത് സ്ഥിരമായിയ്ക്കുന്ന ഞങ്ങള്‍ക്ക് പക്ഷേ അറിയാമല്ലോ. :)

  ഒരു സംശയം - അന്ന് ആവടി സ്റ്റോപ് കഴിഞ്ഞപ്പോള്‍ ട്രൈയിന്‍ തന്നെ നിന്നതോ അതോ ചെയിനോ മറ്റോ പിടിച്ച് വലിച്ച് നിര്‍ത്തിച്ചതോ?

  ReplyDelete
 3. കൊള്ളാം.
  ആശംസകൾ!

  ReplyDelete
 4. നല്ലത്, ഇനിയും ട്രയിന്‍ മാറികയറാന്‍ ആശംസിക്കുന്നു.. :)

  ReplyDelete
 5. @ ശ്രീ: സത്യമായിട്ടും അന്ന് ട്രെയിന്‍ നിന്നതില്‍ എനിക്കൊരു പങ്കുമില്ല. ലോക്കല്‍ ട്രെയിനിലും ചെയിന്‍ പിടിച്ചു നിര്‍ത്താന്‍ പറ്റും എന്ന് അന്ന് അറിഞ്ഞിരുന്നില്ല. അല്ലെങ്കില്‍ ഒരു പക്ഷെ....

  ReplyDelete