Saturday, 8 May 2010

പൊള്ളുന്ന ചൂടല്ലേ...

ചെന്നൈയില്‍ ഇത്തവണത്തെ കത്തിരിക്കാലം മെയ്‌ 4 ന് ആരംഭിച്ചു. വരാന്‍ പോകുന്നത് കൊടും ചൂടിന്റെ 25 നാളുകള്‍. സൂര്യന്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മേലെ നിന്ന് കത്തിക്കാളുന്ന നാളുകള്‍.

വെയിലില്‍ നടക്കുമ്പോള്‍ ചൂടിനേക്കാള്‍ തീ കോരി ചൊരിയുന്നതായാണ് തോന്നുക. അത് കൊണ്ട് തന്നെയാകും ഈ നാട്ടുകാര്‍ കത്തിരിയെ അഗ്നി നക്ഷത്രം എന്ന് വിളിക്കുന്നത്‌

പിന്‍ കത്തിരി എന്നറിയപ്പെടുന്ന കത്തിരിയുടെ അവസാന നാളുകളിലാണ്‌ ചൂടിന്റെ കാഠിന്യം കൂടുന്നത്.

നാട്ടില്‍ ഇത്തവണ ചൂടിന്റെ കാഠിന്യം കാരണം കുറെ പേര്‍ക്ക് സൂര്യാഖാതമേറ്റതായി പത്രത്തില്‍ വായിച്ചിരുന്നു. അവിടത്തെക്കാള്‍ temaparature കൂടുതലായിട്ടും ഇവിടെ ആര്‍ക്കും അങ്ങനെ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടില്ല. ഒരു പക്ഷെ ഈ നാട്ടുകാരുടെ ശരീരപ്രകൃതി ഈ കാലാവസ്ഥയോടു പോരുതപ്പെട്ടത്‌ തന്നെയാകണം പ്രധാന കാരണം.

പക്ഷെ എനിക്കു തോന്നിയുട്ടള്ളത് ചൂടിനെതിരെ പൊരുതുവാന്‍ ഈ നാട്ടുകാര്‍ക്ക് ഒരു പാട് സൂത്രങ്ങള്‍ അറിയാം എന്നാണ്. ഏപ്രില്‍ മാസമാകുമ്പോഴേക്കും റോഡരികിലും പച്ചക്കറി ചന്തകളിലും നിറയെ കാണപ്പെടുന്ന തണ്ണീര്‍ മത്തനും പിഞ്ചു വെള്ളരിയുമെല്ലാം ഉദാഹരണം. അത് കൂടാതെ നമ്മുടെ മത്തങ്ങയുടെ ഉണ്ണിവാവ പോലെയുള്ള കിര്‍ണ്ണിപ്പഴവും... ചില ബസ്‌ സ്റോപ്പുകളില്‍ മണ്‍കുടത്തില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ടാവും.

കൂടാതെ ഒട്ടു മിക്ക ആളുകളും കത്തിരിക്കാലമായാല്‍ ഉച്ചഭക്ഷണം തൈര്സാദമാണ്. കൊടും ചൂടില്‍ ദേഹത്തിനു തണുപ്പ് നല്‍കുന്ന ഇത്രയും നല്ലൊരു ഭക്ഷണം വേറെയില്ല. പക്ഷെ നമ്മള്‍ മലയാളികള്‍ക്ക് ഇതൊന്നും പിടിക്കില്ലല്ലോ.

നാട്ടില്‍ ഒരാളുടെ വീട്ടില്‍ എസിയുന്ടെങ്കില്‍ "ഓ അവന്റെയൊരു സ്റ്റൈല്‍ .. എസിയുണ്ടെങ്കിലേ ഉറക്കം വരൂ.." എന്നാവും മറ്റുള്ളവര്‍ പറയുക. എന്നാല്‍ ഇവിടെയാനെങ്കിലോ കറന്റ്‌ ചാര്‍ജ് കുത്തനെ ഉയര്‍ന്നാലും സാരമില്ല, ഒരു എസിയെങ്കിലും ഇല്ലാത്ത വീടുകള്‍ കുറവാണു എന്ന് തന്നെ പറയാം.

വര്‍ഷത്തില്‍ കഷ്ടി 2 മാസം മഴയും ഇനിയൊരു ഒന്നര മാസം മഞ്ഞുകാലവും മാത്രമുള്ള നാട്ടില്‍ പിന്നെ എസിയില്ലാതെ എങ്ങനെ കഴിയും.. എവിടെയോ വായിച്ചതോര്‍ക്കുന്നു....

ചെന്നൈയില്‍ ആകെ മൂന്നു കാലാവസ്ഥയേ ഉള്ളു - ചൂട്, ഉഷ്ണം, അത്യുഷ്ണം.....

4 comments:

  1. ചെന്നൈയില്‍ വീണ്ടും കത്തിരിക്കാലം വിരുന്നു വന്നു...

    ReplyDelete
  2. ചെന്നെയിൽ വീണ്ടും ചൂട്.. നാട്ടിൽ അതിനേക്കാളേറെ..

    ReplyDelete
  3. ചൂടിനെതിരെ പൊരുതുവാന്‍ ഈ നാട്ടുകാര്‍ക്ക് ഒരു പാട് സൂത്രങ്ങള്‍ അറിയാം എന്നാണ്.....വളരെ ശരി ഭക്ഷണവും ദൈനദിനചര്യകളും നിയന്ത്രിച്ചാല്‍ അതിശൈത്യവും അത്യുഷ്ണവും അതി ജീവിക്കാം

    ReplyDelete
  4. ചൂട്, ഉഷ്ണം, അത്യുഷ്ണം....,വളരെ കൃത്യമായ നിരീക്ഷണം.

    ReplyDelete