Saturday, 14 August 2010

ഓണം വന്നല്ലോ....പൊന്നോണം വന്നല്ലോ

ഓണക്കാലം പലപ്പോഴും നൊസ്റ്റാല്‍ജിയകളുടെ പൂക്കാലം കൂടിയാണ്. പ്രത്യേകിച്ച് ജീവിക്കാനായി നാട് വിടേണ്ടി വന്ന പ്രവാസി മലയാളികള്‍ക്ക്...


ഓണപ്പരീക്ഷയുടെ പേടിയും ടെന്‍ഷനും നിറഞ്ഞ നാളുകളുടെ..

ചെറിയ പൂവട്ടിയും കൊണ്ട് തുമ്പപ്പൂ പറിയ്ക്കാന്‍ വേണ്ടി പറമ്പിലും തോട്ടുവരമ്പിലും അലഞ്ഞു നടന്ന നാളുകളുടെ..

അതിരാവിലെ എഴുന്നേറ്റു മഞ്ഞിനേയും ചെറു ചാറ്റല്‍ മഴയും വക വെയ്ക്കാതെ തൊപ്പിയും വച്ച് (ഇല്ലെങ്കില്‍ പൂ പറിയ്ക്കാന്‍ വിടില്ലെന്ന അമ്മയുടെ ഭീഷണി കൊണ്ട് മാത്രം) കുമ്പിള്‍ കുത്തിയ ചെമ്പില നിറയെ മുക്കൂറ്റിയും ആറു മാസവും പറിയ്ക്കാന്‍ പോയിരുന്ന നാളുകളുടെ...

തൊട്ടാവാടിപ്പൂ പറിക്കുന്നതിനിടയില്‍ കയ്യില്‍ മുള്ള് കുത്തിയപ്പോള്‍ "കണ്ട കാട്ടിലും മേട്ടിലും അലഞ്ഞു നടക്ക്" എന്ന അമ്മയുടെ ചീത്ത കേട്ട നാളുകളുടെ..

കളമെഴുതിയതിനു വലിപ്പം പോരാ എന്ന് വഴക്കിട്ടു അമ്മയെക്കൊണ്ട് വീണ്ടും വലുതാക്കി കളം മെഴുകിച്ച്ച നാളുകളുടെ..

ത്രിക്കാക്കരപ്പനെ ഉണ്ടാക്കാന്‍ മണ്ണ് തേടി അലഞ്ഞ നാളുകളുടെ..

പൂജിക്കാനായി അമ്മ പൂവട ഉണ്ടാക്കുന്നതും നോക്കിയിരുന്ന നാളുകളുടെ..

വയറു നിറയെ കായ വറുത്തതും ശര്‍ക്കര വരട്ടിയതും കഴിച്ച നാളുകളുടെ...

അങ്ങനെ അങ്ങനെ ഒരുപാട് ഓര്‍മകളുടെ വസന്തകാലമാണ്‌ ഓരോ ഓണവും..

ചെന്നൈയില്‍ വന്നതിനു ശേഷമുള്ള ഓരോ ഓണവും കൂടുതല്‍ മധുരമുള്ളതായി തോന്നുന്നു... അതിനു കാരണം ഒരു പക്ഷെ പഴയ ഒരമ്കള്‍ തന്നെയാവാം..

ഓരോ ഓണത്തിനും വില കൊടുത്തു വാങ്ങിയ പൂക്കള്‍ കൊണ്ടാണെങ്കിലും ഒരു പൂക്കളം ഒരുക്കുമ്പോള്‍ ചെറുതായെങ്കിലും ഒരു സദ്യയൊരുക്കി നാക്കിലയില്‍ ഉണ്ണുമ്പോള്‍ 4 വയസ്സുകാരി മകളുടെ അതേ സന്തോഷം തന്നെ അനുഭവപ്പെടാനും കാരണവും പോയ്‌ മറഞ്ഞ ആ നല്ല നാളുകളുടെ സുഗന്ധം തന്നെയായിരിക്കണം..

......................................


ഇന്ന് അത്തം..


തുമ്പയും മുക്കൂറ്റിയും ഒന്നുമില്ലെങ്കിലും.... ചാണകക്കളമെഴുതാന്‍ മുറ്റമില്ലെങ്കിലും....

ഫ്ലാറ്റിന്റെ വാതില്‍ക്കലെ ഇട്ടാവട്ടത്തില്‍ ഞാനും ഇട്ടു ഒരു കൊച്ചു പൂക്കളം....



"എല്ലാവര്‍ക്കും ഓണാശംസകള്‍"


5 comments:

  1. എല്ലാവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  2. പൂക്കളം നന്നായീട്ടാ. ഓണാശംസകള്‍ :)

    ReplyDelete
  3. വലരെ ഇഷ്ടപ്പെട്ടു, ചേച്ചീ ഈ പോസ്റ്റ്. പഴയ ഓണക്കാലത്തിന്റെ ഓര്‍മ്മകളെല്ലാം തിരികെ കൊണ്ടു തന്ന പോസ്റ്റ്...

    "അതിരാവിലെ എഴുന്നേറ്റു മഞ്ഞിനേയും ചെറു ചാറ്റല്‍ മഴയും വക വെയ്ക്കാതെ കുമ്പിള്‍ കുത്തിയ ചെമ്പില നിറയെ മുക്കൂറ്റിയും ആറു മാസവും പറിയ്ക്കാന്‍ പോയിരുന്ന നാളുകള്‍..."

    ഇതെല്ലാം അങ്ങനെ തന്നെയായിരുന്നു എന്റെയും കുട്ടിക്കാലത്ത്.
    [ഇപ്പറഞ്ഞ 'ആറുമാസം' എന്ന പൂവിന്റെ ശരിയ്ക്കും പേര് കൃഷ്ണകിരീടമെന്നോ മറ്റോ ആണെന്ന് ഈയടുത്ത കാലത്താണ് ഞാനുമറിഞ്ഞത്. ആറുമാസമെന്ന് തന്നെയാണ് ഞങ്ങളുടെ നാട്ടിലും ഇത്രറിയപ്പെടുന്നത്]

    ചെന്നൈയിലെ ഓണത്തിന് എല്ലാ വിധ ആശംസകളും നേരുന്നു... :)

    ReplyDelete
  4. ബിനോയ്//HariNav
    നന്ദി.. കമന്റിയതിനും ആശംസകള്‍ക്കും..
    -------------------------------------------------------------------
    ശ്രീ,
    ഇപ്പോള്‍ ആ പൂവുകളൊന്നും നാട്ടില്‍ കാണാനില്ല എന്ന് തന്നെ പറയാം.. സത്യത്തില്‍ ഒരു പാട് നാളുകള്‍ക്കു ശേഷം ഞാന്‍ ആറു മാസപ്പൂ കാണുന്നത് "നീലത്താമര" ന്ന സിനിമയിലാണ് --അനുരാഗ വിലോചനനായി എന്ന പാട്ടിലൂടെ. അപ്പോഴാണ് ഓര്‍മ്മ വന്നത് ഇതു പണ്ട് നാട്ടില്‍ എല്ലായിടത്തും കാണാറുന്ടായിരുന്നല്ലോ ഇപ്പോള്‍ മരുന്നിനു പോലും ഇല്ലല്ലോ എന്നും..

    ReplyDelete