Tuesday, 19 October 2010

ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു...

ഒരു ചെടിയില്‍ വിരിയുന്ന പൂക്കളില്‍ ഏതിനാണ് കൂടുതല്‍ സൗന്ദര്യം എന്ന് പറയാന്‍ പറ്റുമോ.. അല്ല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെ പോലെ തന്നെ ചെടികള്‍ക്കും വികാരങ്ങളുണ്ട് എന്നാണല്ലോ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എങ്കില്‍ ഒരു മൊട്ടു വിരിഞ്ഞു പൂവാകുന്നത് വരെയുള്ള നാളുകളില്‍ അമ്മയാകാന്‍ പോകുന്ന ഒരു സ്ത്രീയുടെ മനസ്സ് തന്നെയായിരിക്കുമോ ആ ചെടിക്കും? അങ്ങനെയാണെങ്കില്‍ കാത്തിരുന്നു കൊതിച്ചു ഒരു പൂ വിരിഞ്ഞാല്‍ ഉടനെ അതിറുക്കുമ്പോള്‍ മകളെ/മകനെ നഷ്ടപെടുന്ന ഒരു അമ്മയുടെ വേദന തന്നെയായിരിക്കില്ലേ ആ പാവം ചെടിക്കും ഉണ്ടാവുക.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ആദ്യമായി ഒരു അമ്മയാവാന്‍ പോവുകയാണ് എന്നറിഞ്ഞത്. അപ്പോള്‍ തോന്നിയ വികാരമെന്താണ് എന്ന് ഇപ്പോഴും പറയാന്‍ അറിയില്ല. ഇപ്പോള്‍ ഒരു തവണ കൂടി ആ വാര്‍ത്ത‍ കേട്ടപ്പോഴും അവസ്ഥക്ക് മാറ്റമൊന്നുമില്ല. ഒരു പാട് സന്തോഷവും കുറച്ചൊരു ആശങ്കയുമെല്ലാം കൂടി കലര്‍ന്നൊരു ......

അതിലും സന്തോഷം തോന്നിയത് ഉണ്ണിവാവ വരാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴുള്ള മോളുടെ ആഹ്ലാദം കണ്ടപ്പോഴാണ്.സത്യത്തില്‍ ഒരു കുഞ്ഞു കൂടി വേണമെന്ന മോഹമുണ്ടാകാന്‍ തന്നെ കാരണം അവളാണ്. ആരും കൂട്ടില്ലാതെ ഒറ്റക്കിരുന്നു കളിക്കുന്നത് കണ്ടപ്പോഴാണ് ഒറ്റക്കുട്ടിയായ ഞാന്‍ അനുഭവിച്ചതിനെക്കാള്‍ വലിയ ഏകാന്തതയാണല്ലോ എന്റെ മോള്‍ക്ക്‌ നേരിടേണ്ടി വരുക എന്ന് മനസ്സിലായത്.

കൂട്ടു കുടുംബമായിരുന്നത് കൊണ്ട് വല്യച്ഛന്റെ മക്കള്‍ - ചേട്ടനും ചേച്ചിയും - ഉണ്ടായിരുന്നെങ്കിലും വെക്കേഷനില്‍ അവര്‍ എവിടെയെങ്കിലും പോകുമ്പോഴാണ് ആ വിഷമം ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളത്.
ഒരു വലിയ എട്ടുകെട്ടില്‍ തനിച്ചു കളിച്ചു നടന്നു, പൂക്കളോടും അണ്ണാറക്കണ്ണനോടും എന്തിനു പറക്കുന്ന കാക്കയോടു വരെ വാചകമടിച്ചു നടന്ന കാലം..

അതിലും ഭീകരമായ അവസ്ഥയായിരിക്കും ഇവിടെ ഈ മെട്രോ നഗരത്തില്‍ ഒരു ഒറ്റക്കുട്ടിയുടെത് എന്ന് മനസ്സിലാക്കാന്‍ അധികം ആലോചിക്കുകയൊന്നും വേണ്ടി വന്നില്ല.

പക്ഷെ ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരല്‍പം complication - നുമായാണ് ഇത്തവണ പുതിയ അംഗത്തിന്റെ വരവ്... അത് കൊണ്ട് എന്തായി ചുരുങ്ങിയത് ഡിസംബര്‍ വരെയെങ്കിലും പോകാമെന്ന് കരുതിയിരുന്ന ജോലി ഇപ്പോഴേ രാജി വെക്കേണ്ടി വന്നു.(അതില്‍ ഒട്ടും ദു:ഖമില്ല കേട്ടോ)
അത് കൂടാതെ ഇടക്കൊന്നു ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി ഡ്രിപ്പും ഇന്ജെക്ഷനും (ഹോ അതിനാണെങ്കില്‍ ഒടുക്കത്തെ വേദന. കൈപ്പത്തിയില്‍ ഫിറ്റ്‌ ചെയ്തിരുന്ന ഐ വി ലൈനില്‍ മരുന്ന് കയറിയാല്‍ ഏകദേശം മുട്ടിന്റെ മേല്‍ഭാഗം വരെ കൃത്യമായി അറിയാന്‍ പറ്റും അതിന്റെ സഞ്ചാര പഥം) ഒക്കെ ആയി ഒരു ജഗ പൊഗ....

ജീവിതത്തില്‍ ആദ്യമായി ഒരു ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത് മോളെ പ്രസവിക്കാനായി തൃശൂര്‍ മദര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയപ്പോഴാണ്. അല്ലെങ്കില്‍ തന്നെ അത്രയും വലിയ ഒരു ഹോസ്പിറ്റലില്‍ പോകുന്നത് തന്നെ പ്രേഗനന്റ്റ് ആയതിനു ശേഷമാണ്. അത് വരെ വല്ലപ്പോഴും ഒരു പനി വരുമ്പോള്‍ പാവറട്ടി  പോള്‍ ഡോക്ടറുടെ വീട്ടില്‍ പോയി കണ്ടുള്ള ചികിത്സയെ പരിചയമുണ്ടായിരുന്നുള്ളൂ.

പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട് ഒരു സ്ത്രീ അമ്മയാകുമ്പോള്‍ സ്വന്തം അമ്മയോടുള്ള സ്നേഹം ഇരട്ടിയ്ക്കും എന്ന്. വളരേ ശരിയാണ്. കാരണം ഒരു അമ്മയായി മാറുമ്പോള്‍ മാത്രമേ നമ്മുടെ അമ്മമാര്‍ എത്ര മാത്രം കഷ്ടവും വേദനയും അനുഭവിചിരിക്കുമെന്നു തിരിച്ചറിയാനാകൂ.


മാതൃത്വം എന്നത് ഒരു അനിര്‍വചനീയമായ അനുഭവം തന്നെയാണ്. അന്ന് മദര്‍ ഹോസ്പിടലിലെ ലേബര്‍ റൂമില്‍ ബോധത്തിനും സെഡേഷന്റെയും വേദനയുടെയും അബോധത്തിനും ഇടയിലുള്ള നേര്‍ത്ത നൂല്‍ പാലത്തിലൂടെ കടന്നു പോകുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഉണര്‍ന്നിരുന്നതും അതേ അനിര്‍വചനീയമായ അനുഭവം തന്നെയായിരിക്കണം.

******     ******     ******     ******     ******     ******     ******     ******    
പൊതുവേ ആഹാരം കഴിക്കാന്‍ മടിയായ നാല് വയസ്സുകാരി മകളെ അവസാനത്തെ ഒരു ഉരുള "ഇതു ഉണ്ണി വാവയ്ക്ക്" എന്ന് പറഞ്ഞാണ് കഴിപ്പിചിരുന്നത്. ഒന്ന് രണ്ടു ആഴ്ച കഴിഞ്ഞപ്പോള്‍ പുള്ളിക്കാരിയുടെ മറുപടി --
"കുറെ ദിവസമായി ഉണ്ണി വാവയ്ക്ക് ഉണ്ണി വാവയ്ക്ക് എന്ന് പറഞ്ഞ്‌ തരാന്‍ തുടങ്ങിയിട്ട്.. ഇനി മതി.. ഉണ്ണി വാവ എന്റെ വയറ്റില്‍ അല്ലല്ലോ അമ്മയുടെ വയറ്റില്‍ അല്ലേ. അപ്പോള്‍ അമ്മ തന്നെ കഴിച്ചാല്‍ മതി.."

2 comments:

  1. മാതൃത്വം എന്നത് ഒരു അനിര്‍വചനീയമായ അനുഭവം തന്നെയാണ്.പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട് ഒരു സ്ത്രീ അമ്മയാകുമ്പോള്‍ സ്വന്തം അമ്മയോടുള്ള സ്നേഹം ഇരട്ടിയ്ക്കും എന്ന്. വളരേ ശരിയാണ്. കാരണം ഒരു അമ്മയായി മാറുമ്പോള്‍ മാത്രമേ നമ്മുടെ അമ്മമാര്‍ എത്ര മാത്രം കഷ്ടവും വേദനയും അനുഭവിചിരിക്കുമെന്നു തിരിച്ചറിയാനാകൂ.

    ReplyDelete
  2. ആഹാ... ഇങ്ങനെ ഒരു ഗുഡ് ന്യൂസ് ഉണ്ടായിട്ടും ഇപ്പഴാണ് അതറിഞ്ഞത്... എന്തായാലും കയ്യോടെ ആശംസകള്‍ നേരുന്നു...


    പോസ്റ്റിന്റെ അവസാന ഭാഗത്ത് മോളുടെ ഡയലോഗ് ചിരിപ്പിച്ചു.

    :)

    ReplyDelete