Monday 16 April, 2012

കുറച്ചു ചെന്നൈ ചിന്തകള്‍

ദുശ്ശാസനന്റെ വളരെ വളരെ 'വില പിടിച്ച' ഒരു നഗരം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ മനസ്സില്‍ ഉദിച്ച ചില ചിന്തകള്‍ ആണ്.

ദുശ്ശാസനനെ പോലെ ഞാന്‍ ഇത് ചെന്നൈ മലയാളികള്‍ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്നു.

സാധനങ്ങളുടെ വില ഭാഗ്യത്തിന് എം ആര്‍ പി യെക്കാള്‍ കൂടുതല്‍ കൊടുക്കേണ്ടി വരാറില്ല.

 പക്ഷെ ഓട്ടോ ചാര്‍ജ്ജിന്റെ കാര്യത്തില്‍ ബാംഗ്ലൂരിനെക്കാളും ഒട്ടും പുറകിലല്ല ചെന്നൈയും.

മിനിമം ചാര്‍ജ് എന്ന ഒരു സംഭവമേ ഇല്ല. മീറ്റര്‍ എന്ന ഒരു സംഗതി ഉണ്ടെന്നു തന്നെ ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അറിയാന്‍ ഇടയില്ല. അപ്പോള്‍ തോന്നിയ പോലെയാണ് ചാര്‍ജ് പറയുന്നത്.

അതിനിടയില്‍ മഴക്കാലമായാല്‍ പിന്നെ പറയുകയും വേണ്ട. ഞങ്ങളുടെ അതേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഒരു സുഹൃത്തിനു കഷ്ടി ഒരു കിലോമീറ്റര്‍ പോലുമില്ലാത്ത റെയില്‍വേ സ്റ്റേഷന്‍ വരെ പോകാന്‍ കഴിഞ്ഞ മഴക്കാലത്ത്‌ കൊടുക്കേണ്ടി വന്നത് നൂറ്റമ്പത് രൂപയാണ്. സാധാരണ ചാര്‍ജ് അമ്പതു രൂപയാണ്.

ഷെയര്‍ ഓട്ടോ എന്ന ഒരു സംഭവം പലപ്പോഴും വളരെ ഉപകാരമാണ്.അധികം ബസ്‌ സര്‍വീസ് ഇല്ലാത്ത റൂട്ടുകളില്‍ പ്രത്യേകിച്ചും.നമുക്കിറങ്ങേണ്ട  ഇടത്ത് കൃത്യമായി നിര്‍ത്തി തരും. ബസ്‌ ചാര്‍ജിനേക്കാള്‍ അധികവുമില്ല. പക്ഷെ ഇതേ ഷെയര്‍ ഓട്ടോ തന്നെ മഴക്കാലത്ത്‌ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ മുന്നിലുണ്ടാവും. 

ജോലിക്ക് പോയിരുന്ന സമയത്ത് സെന്‍ട്രലില്‍ നിന്നും മിക്കവാറും ഷെയര്‍ ഓട്ടോ തന്നെയായിരുന്നു ശരണം. കാര്യം 2 കിലോമീറ്ററില്‍ താഴെയേ ദൂരമുള്ളൂ എങ്കിലും 42 എന്ന നമ്പര്‍ ബസ്‌ വല്ലപ്പോഴുമേ ഉണ്ടാകൂ.അത് കൊണ്ട് 5 രൂപ കൊടുത്താല്‍ സുഖമായെത്തമല്ലോ എന്ന് കരുതി ഷെയര്‍  ഓട്ടോയില്‍ ആയിരുന്നു പോയിരുന്നത്. പക്ഷെ മഴക്കാലത്ത്‌ ഈ 5 രൂപ എന്നത് ഒറ്റയടിയ്ക്ക് 20 രൂപ എന്നാകും.

കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും വന്ന അച്ഛനെ കൂട്ടികൊണ്ട് വരാന്‍ രാവിലെ 4 .30  നു സ്റ്റേഷന്‍ വരെ പോകാന്‍ വരാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് ഡബിള്‍ ചാര്‍ജ് വേണമെന്നാണ്, അതായതു 5 കി.മി.ഉള്ള സ്ഥലത്തേക്ക് സാധാരണ ചാര്‍ജ് 100 രൂപയാണ്.അത് രാവിലെ 4 .30 ആയതു കൊണ്ട് 200 രൂപ വേണം. 

അതിനുള്ള ന്യായവും അയാള്‍ തന്നെ പറഞ്ഞു, തിരിച്ചു വരാന്‍ നേരത്ത് കാലിയടിയ്കേണ്ടി വരും. 

അപ്പോള്‍ ഓര്‍മ്മ വന്നത് ഏതോ ഒരു സിനിമയിലെ ഡയലോഗ് ആണ് -

 "ചേട്ടന്‍ തിരിച്ചു വരണ്ട.അവിടെ തന്നെ നിന്നോ..."

പിന്നെയുള്ളത് വൃത്തിയുടെ കാര്യമാണ്.നമ്മള്‍ മലയാളികളുടെ ഇപ്പോഴത്തെ സ്വഭാവവുമായി (സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ മറ്റവന്റെ മുറ്റത്തേയ്ക്കിടുക) വലിയ വ്യത്യസമോന്നുമില്ലെങ്കിലും ചിലരുടെയൊക്കെ വീട്ടില്‍ പോയാല്‍ പച്ചവെള്ളം പോലും കുടിക്കാന്‍ തോന്നുകയില്ല, 

മലയാളികള്‍ക്ക് ചൊവ്വയും വെള്ളിയും എന്നപോലെയാണ്   തമിഴര്‍ക്കു തിങ്കളും വ്യാഴവും. ആഴ്ചയില്‍ ആ രണ്ടു ദിവസമേ മിക്കവരും വീട് അടിച്ചു വാരി തുടയ്ക്കുകയുള്ളൂ. വീട്ടില്‍ പണിയ്ക്ക് വരുന്നവരോട് ദിവസവും അടിച്ചു വാരി തുടയ്ക്കണം എന്ന് പറയുമ്പോള്‍ അവരുടെ മുഖ ഭാവം കണ്ടാല്‍ എന്തോ നമ്മള്‍ ഒരു കോടി രൂപ കടം ചോദിച്ച പോലാണ്.

കുളിക്കുന്ന കാര്യമാണെങ്കില്‍ പറയുകയും വേണ്ട. വാവയെ ദിവസവും രാവിലെ കുളിപ്പിക്കുന്നതിനും സ്കൂളില്‍ പോകുമ്പോള്‍ എത്ര മഴയായാലും ഉണ്ണിക്കുട്ടിയെ കുളിപ്പിച്ചയയ്ക്കുന്നതിനും പലപ്പോഴും അയല്‍പക്കത്തെ തമിഴ് വീട്ടുകാര്‍ "അയ്യോ എന്തിനാ കുളിപ്പിച്ചത്? വല്ല പനിയും വന്നാലോ " എന്ന് ചോദിച്ചിട്ടുണ്ട്.

നാട്ടില്‍ നിന്നും ഇവിടെ വന്നു ചേക്കേറിയപ്പോള്‍ ഏറ്റവുമധികം മിസ്സ്‌ ചെയ്തത് നമ്മുടെ മഴക്കാലമാണ്. ഇടവപ്പാതിയിലെ മഴ നനഞ്ഞു സ്കൂളില്‍ പോയിരുന്നതും കുടയുണ്ടായിട്ടും ചാറ്റല്‍ മഴ  നനഞ്ഞു നടന്നിരുന്നതും തുലാവര്‍ഷത്തിലെ ഇടി പേടിച്ചു തട്ടിട്ട മുറിയില്‍ തല വഴി പുതച്ചു കിടന്നിരുന്നതുമെല്ലാം ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളാണ്. പക്ഷെ ഇവിടെ വന്ന് ആദ്യത്തെ മഴയോടെ തന്നെ മഴക്കാലത്തിനോടുള്ള ആ കൊതിയങ്ങു മാറിക്കിട്ടി.

മഴക്കാലത്ത്‌ ഒന്ന് പുറത്തിറങ്ങിയാല്‍ പിന്നെ തിരിച്ചു വന്നാല്‍ ഉടനെ തന്നെ കാലു രണ്ടും ഡെറ്റോള്‍ ഇട്ടു കഴുകണം. ഇല്ലെങ്കില്‍ ചൊറിഞ്ഞു തുടങ്ങുമെന്ന് ഉറപ്പ്. കണ്ണിനു ആനന്ദം പകരാന്‍ എന്തൊക്കെ സാധനങ്ങളാണെന്നോ മഴവെള്ളത്തില്‍ നമ്മുടെ കാലുകളെ തഴുകി കടന്നു പോവുക...അതും നല്ല കണ്മഷിയുടെ നിറമുള്ള വെള്ളം..ഹോ...ഓര്‍ക്കുമ്പോള്‍ തന്നെ കൊതിയാവും..

നല്ല മഴ പെയ്താല്‍ മിക്കവാറും govt തന്നെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കും. അതില്‍ കുറ്റം പറയാന്‍ പറ്റില്ല. തോണിയിലും ചങ്ങാടത്തിലും കയറി എത്ര പേര്‍ക്ക് വരാന്‍ പറ്റും.?

പിന്നെ വേനല്‍ക്കാലം.ചൂടാണെങ്കിലും മഴയാണെങ്കിലും തണുപ്പാണെങ്കിലും എല്ലാം അതിന്റെ എക്സ്ട്രീമില്‍  തന്നെ അനുഭവിക്കാന്‍ വിധിയ്ക്കപ്പെട്ടവരാണ് ചെന്നൈ നിവാസികള്‍..പക്ഷെ അതിന്റെ അഹങ്കാരമൊന്നും ഞങ്ങള്‍ക്കില്ല കേട്ടോ.

വാടകയ്ക്ക് സ്ഥലം കിട്ടുന്ന കാര്യമാണ് അതിലും കഷ്ടം. ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിയ്ക്കുന്നവര്‍ കുറച്ചെങ്കിലും ഭാഗ്യവാന്‍മാര്‍ ആണ്. ചിലര്‍ വീടിന്റെ ഗ്രൌണ്ട് ഫ്ലോര്‍ വാടകയ്ക്ക് കൊടുത്തിട്ട് ഫസ്റ്റ് ഫ്ലോറില്‍ താമസിക്കും. അതിനു കാരണം വാടകക്കാര്‍ മുകളില്‍ താമസിച്ചാല്‍ തങ്ങള്‍ അവരുടെ കീഴെ ആയിപ്പോകും എന്നതാണത്രേ..

ഉടമസ്ഥനും വാടകക്കാരനും ഒരേ വീട്ടില്‍ താമസിക്കുമ്പോള്‍ എന്നും പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. 

കറന്റ്‌ ചാര്‍ജ് ഒരു യൂണിറ്റിനു അഞ്ചു രൂപ കൊടുക്കേണ്ടി വരും. വെള്ളത്തിന്‌ ടാങ്ക് ഒന്നേ ഉണ്ടാകു. അത് കൊണ്ട് തന്നെ ആരാണ് കൂടുതല്‍ വെള്ളം ചെലവാക്കിയത് എന്നതിനെ ചൊല്ലിയും തര്‍ക്കമുണ്ടാകാന്‍ എളുപ്പമാണ്. 

പിന്നെ കേബിള്‍ കണക്ഷന്‍ ഉടമസ്ഥന് മാത്രമേ ഉണ്ടാകു. അതില്‍ നിന്നും ഒരു എക്സ്ട്രാ കേബിള്‍ വലിച്ചു വടകക്കാര്‍ക്ക് കൊടുക്കും. എന്നിട്ട് കേബിള്‍ കമ്പനിക്കാര്‍ വാങ്ങുന്ന മാതിരി തന്നെ ഒരു മാസത്തെ വാടകയും വാങ്ങിക്കും.

ഗ്രൌണ്ട് ഫ്ലോറും ഫസ്റ്റ് ഫ്ലോറും വാടകയ്ക്ക് കൊടുത്തു ടെറസ്സില്‍ ചെത്തിത്തേക്കാത്ത ഇഷ്ടിക കൊണ്ട് മാത്രം ചുവര്‍ കെട്ടി ഓല മേഞ്ഞു താമസിക്കുന്ന വീട്ടുടമസ്ഥരും ധാരാളമുണ്ട്.

മിക്ക സ്ഥലങ്ങളിലും കുടിക്കാനും പാചകം ചെയ്യാനുമുള്ള വെള്ളത്തിനു ടാങ്കര്‍ ലോറി തന്നെയാണ് ശരണം. ഒരു വലിയ കുടം വെള്ളത്തിനു നാല് രൂപയാണ് ഇപ്പോള്‍. 

മുന്‍പ് ആവടിയില്‍ താമസിക്കുന്ന സമയത്ത് ആദ്യം രണ്ടു രൂപയായിരുന്നു.പിന്നെ രണ്ടരയാക്കി. പിനീട് മൂന്നും. അപ്പോഴേക്കും പുതിയ സ്ഥലത്തേക്ക് വന്നത് കൊണ്ട് പിന്നെ ആ പണി വേണ്ടി വന്നില്ല. ഇവിടത്തെ ബോര്‍ വെല്ലിലെ വെള്ളം നല്ലതായത്‌ കൊണ്ട് പാചകത്തിന് അത് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം വാട്ടര്‍ പ്യുരിഫയര്‍ വെക്കുന്നത് വരെ.

ഇതൊക്കെയാണെങ്കിലും ഈ നഗരത്തിനു ദോഷങ്ങള്‍ മാത്രമേയുള്ളൂ എന്നൊന്നും കരുതണ്ട.

നല്ല നല്ല റോഡുകള്‍, പഠനത്തിനും ജോലിക്കും ഒരു പാട് സാദ്ധ്യതകള്‍, മാസം ആയിരം രൂപ വരുമാനമുള്ളവനും ദിവസം ആയിരം രൂപയിലേറെ വരുമാനമുള്ളവനും ഒരേ പോലെ താമസിക്കുന്ന നഗരം ..

പക്ഷെ ഇതിലെല്ലാം പ്രധാനമായി എനിയ്ക്ക് തോന്നിയിട്ടുള്ളത് സ്ത്രീകള്‍ക്ക് ആരുടെയും തുറിച്ചു നോട്ടമില്ലാതെ,  തട്ടലും തോണ്ടലുമില്ലാതെ, വൃത്തികെട്ട കമന്റുകള്‍ കേള്‍ക്കാതെ പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ്.

പണ്ട് നാട്ടില്‍ ജോലി ചെയ്തിരുന്ന സമയത്ത് വൈകീട്ട് അഞ്ചരക്ക് ശേഷം ഹൈ റോഡ്‌ ഓഫീസില്‍ നിന്നും പട്ടാളം റോഡ്‌ വഴി ശക്തന്‍ സ്റ്റാന്റിലേക്ക് നടന്നു പോകുമ്പോള്‍ മനപ്പൂര്‍വം ദേഹത്ത് തട്ടാന്‍ വേണ്ടി വരുന്നവരില്‍ നിന്നും രക്ഷ നേടാന്‍ എത്ര കഷ്ട്ടപ്പെട്ടിരിക്കുന്നു..

പക്ഷെ ഇവിടെ വന്നപ്പോളോ രാത്രി ജോലി കഴിഞ്ഞു വരുമ്പോള്‍ മിക്കവാറും എട്ടരയാകും. ആ സമയത്തും ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ കാലു കുത്താനുള്ള ഇടമുണ്ടാകില്ല. നവി കൂടെയില്ലാത്ത എത്രയോ ദിവസങ്ങള്‍ ഒറ്റയ്ക്ക് വീട്ടിലേക്കു നടന്നു വന്നിരിയ്ക്കുന്നു. അതും ടാസ്മാകി ന്റെ (നമ്മുടെ നാട്ടിലെ ബിവറേജസ് മാതിരി തമിഴ് നാട് സര്‍ക്കാരിന്റെ മദ്യ ഷോപ്പ് ആണ് ടാസ്മാക് ) മുന്‍പില്‍ കൂടി.

എന്നിട്ടും മോശമായ ഒരു അനുഭവം ഇത്  വരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയ്ക്ക് / സ്ത്രീയ്ക്ക് അത് ഒരു വലിയ കാര്യം തന്നെയാണ്.

ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ എന്തൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടായിട്ടും ഈ നഗരത്തെ ഇഷ്ടപ്പെട്ടു പോവുന്നു....സ്നേഹിച്ചു പോവുന്നു...





8 comments:

  1. എന്തൊക്കെ കുറവുകളും കുറ്റങ്ങളും ഉണ്ടായിട്ടും ഈ നഗരത്തെ ഇഷ്ടപ്പെട്ടു പോവുന്നു....സ്നേഹിച്ചു പോവുന്നു...

    ReplyDelete
  2. ചെന്നൈ വാസം മൊത്തത്തില്‍ ദുരിതപൂര്‍ണ്ണമാണ് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിയാം.

    :)

    ReplyDelete
    Replies
    1. ഒരു പരിധി വരെ അത് ശരിയാണ് ശ്രീ. പക്ഷെ അതും ജീവിതത്തിന്റെ ഒരു ഭാഗം തന്നെ എന്ന് കരുതി സമാധാനിയ്ക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ.

      Delete
  3. nice..njaanum eee nagarathinte oru bhaagam...:)) i love my chennai

    ReplyDelete
    Replies
    1. ഈ നഗരത്തെ സ്നേഹിച്ചു കൊണ്ടല്ലാതെ ഇവിടെ ജീവിയ്ക്കുവാന്‍ കഴിയില്ലല്ലോ, അല്ലേ ? കവിതകള്‍ വായിച്ചിരുന്നു.നന്നായിട്ടുണ്ട്. ഒഴിവു കിട്ടുമ്പോള്‍ ഇനിയും ഈ വഴി വരിക..

      Delete
  4. സ്ത്രീകളോട് അവര്‍ കാണിക്കുന്ന ബഹുമാനം ഞാനും അംഗീകരിക്കുന്നു. മുംബൈ പോലെ ഏതു വരുമാനമുള്ളവനും ജീവിച്ചു പോകാവുന്ന രീതിയിലുള്ള സാധ്യതകളും ഉണ്ട്. പക്ഷെ അതൊഴിച്ചാല്‍ വളരെ ഓര്‍ത്തഡോക്സ് ആയ ആള്‍ക്കാര്‍ ആണ് തമിഴര്‍ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മാത്രമല്ല സാമൂഹികമായ ഉച്ച നീചത്വം ഏറ്റവും വിസിബിള്‍ ആയ സ്ഥലങ്ങളിലൊന്നുമാണ് ചെന്നൈ. എന്റെ ഒരു സുഹൃത്ത്‌ അവന്റെ കല്യാണ നിശ്ചയത്തിനു ശേഷം ചെന്നയില്‍ ഒരു പാര്‍ക്കില്‍ ആ കുട്ടിയേയും കൊണ്ട് സായാഹ്നം ചെലവഴിക്കാന്‍ പോയി. വനിതാ പോലീസ് വന്നു അവരെ വിരട്ടി വിട്ടുവത്രേ. എന്നിട്ട് ആ പെണ്‍കുട്ടിയെ കുറെ ഉപദേശവും ഫ്രീ ആയി കൊടുത്തു എന്ന് അവന്‍ പറഞ്ഞു. ആ ഒരു കാര്യത്തില്‍ ബാംഗ്ലൂര്‍ സ്വര്‍ഗമാണ് :)

    ReplyDelete
    Replies
    1. ദുശ്ശൂ , താങ്കള്‍ പറഞ്ഞ പോലെ തമിഴര്‍ ഓര്‍ത്തഡോക്സ് ആണോ എന്ന് ചോദിച്ചാല്‍ --വിവാഹം പോലുള്ള കാര്യങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീധനം കണക്കു പറഞ്ഞു വാങ്ങുന്നതില്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. എന്റെ ഒരു സുഹൃത്തിന്റെ നിശ്ചയം വരെ എത്തിയ വിവാഹം മുടങ്ങി പോയിട്ടുണ്ട് . അതും നിശ്ചയത്തിന്റെ തലേന്ന്.കാരണം കൊടുക്കാമെന്നു പറഞ്ഞതിന് പുറമേ വേറെ എന്തോ കൂടെ പയ്യന്റെ അമ്മയ്ക്ക് വേണമെന്ന് നിര്‍ബന്ധം. അതോടെ പെണ്ണിന്റെ വീട്ടുകാര്‍ ആ ബന്ധമേ വേണ്ട എന്ന് വെച്ചു. എല്ലാ തമിഴരും ഇങ്ങനെയല്ല കേട്ടോ. പിന്നെ പാര്‍ക്കിലെ കാര്യം. ഞാന്‍ ഇവിടുത്തെ പാര്‍ക്കില്‍ പോയത് കല്യാണത്തിന് ശേഷമായത് കൊണ്ട് ഭാഗ്യം,,,പക്ഷെ പലപ്പോഴും ഇവിടുത്തെ അമ്പലങ്ങളില്‍ പോലും ഇണക്കുരുവികളെ പോലെ മുട്ടിയുരുമ്മിയിരിയ്ക്കുന്നവരെ കണ്ടിട്ടുണ്ട്. വൈകീട്ട് ജോലി കഴിഞ്ഞു വരുമ്പോള്‍ അധികം തിരക്കില്ലാത്ത റെയില്‍വേ സ്റ്റേഷനുകളില്‍ കാണാറുള്ള ഒരു സ്ഥിരം കാഴ്ചയുണ്ട്. വെളിച്ച മങ്ങിയ ഭാഗത്തെ ഏതെങ്കിലും ബെഞ്ചില്‍ ട്രെയിനിനു പുറം തിരിഞ്ഞിരിയ്ക്കുന്ന യുവ മിഥുനങ്ങള്‍..സമയം എട്ടു മണിയായിട്ടും വീട്ടില്‍ പോകാതെ..പക്ഷെ ഏറ്റവും സങ്കടം തോന്നിയിരിയ്ക്കുന്നത് അങ്ങനെയിരിക്കുന്ന പെണ്‍കുട്ടികള്‍ മിക്കവാറും പ്ലസ്‌ ടു അല്ലെങ്കില്‍ പത്താം ക്ലാസ് പഠിക്കുന്നവര്‍ ആണെന്നതാണ്. യൂണിഫോം കണ്ടു മനസ്സിലാക്കിയതാണ്. വീട്ടില്‍ നിന്ന് പഠിക്കാന്‍ വിട്ടു രാത്രി വൈകും വരെ സ്റ്റേഷനില്‍ ഇരുന്നു പഞ്ചാരയടിയ്ക്കുന്നതിനെ പ്രേമം എന്ന് വിളിക്കാമോ എന്നറിയില്ല.

      Delete
  5. കൊള്ളാം ചെന്നൈ അനുഭവങ്ങൾ :)

    ReplyDelete